പെരുമഴ തുടരും; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രതീകാത്മക ചിത്രം, എഐ നിർമിതം
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ (ആഗസ്ത് 08) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട് കളക്ടറുടെ അറിയിപ്പ്;
ഓറഞ്ച് അലേർട് കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 08) അവധി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ കാസർകോട് ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പും (Orange Alert) പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. പ്രൊഫഷണൽ കോളേജുകൾ കോളേജുകൾ, സ്കൂളുകൾ, , മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള യാതൊരുവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ പ്രവർത്തിക്കാൻ പാടുള്ളതല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
കണ്ണൂർ കളക്ടറുടെ അറിയിപ്പ്;
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (08/08/2026), ശനിയാഴ്ച അവധി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും, കനത്ത മഴക്കുള്ള സാഹചര്യം ഉള്ളതിനാലും, ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026), ശനിയാഴ്ച അവധി പ്രഖ്യാപിക്കുന്നു (സ്പെഷ്യൽ ക്ലാസ് ഉൾപ്പെടെ നടക്കുന്ന സാഹചര്യത്തിൽ).പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. 2005 ലെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം നൽകുന്ന അവധി കാരണം വിദ്യാർഥികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിനങ്ങൾ പിന്നീട് ശനിയാഴ്ചകളിലോ മറ്റ് അവധി ദിവസങ്ങളിലോ ക്ലാസുകൾ നടത്തി നികത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം ചട്ടങ്ങൾ/നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
കോഴിക്കോട് കളക്ടറുടെ അറിയിപ്പ്;
പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി
കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല
തൃശൂർ കളക്ടറുടെ അറിയിപ്പ്;
തൃശ്ശൂർ ജില്ലയിൽ നഷ്ടപ്പെട്ട അധ്യയന സമയം ക്രമീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 08.08.2026 തീയതി ശനിയാഴ്ച പ്രവൃത്തിദിനമായി നിശ്ചയിച്ചിട്ടുള്ളതായി അറിവായിട്ടുണ്ട്. തൃശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിലും അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, CBSE, ICSE സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 08.08.2026 തീയതി ശനിയാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷൻ 30(2)(xxix) പ്രകാരം ഇതിനാൽ ഉത്തരവാകുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
വയനാട് കളക്ടറുടെ അറിയിപ്പ്;
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയ സാഹചര്യത്തിൽ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസ്സുകൾ, കോച്ചിംഗ് ക്ലാസ്സുകൾക്ക് നാളെ (ഓഗസ്റ്റ് 08) അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂൾ, കോളേജുകൾക്കും അവധി ബാധകമല്ല. റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പാക്കണം. ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതാണെന്നും അറിയിക്കുന്നു.കൂടാതെ, ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും പാൽചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാലും ബോയ്സ് ടൗൺ- പാൽചുരം റോഡിലൂടെയുള്ള രാത്രി ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം.









0 comments