നന്മയില്‍ ജോണ്‍ ക്വിഹോത്തെ

അശോകൻ വെളുത്ത പറമ്പത്ത്
Published on Aug 24, 2025, 12:00 AM | 2 min read
അന്യന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു ലോകം സ്വപ്നം കാണുന്ന മനുഷ്യന്റെ വിഹ്വലതകളും അയാൾ നേരിടേണ്ടിവരുന്ന യാഥാർഥ്യങ്ങളുമാണ് "നന്മയിൽ ജോൺ ക്വിഹോത്തെ' എന്ന നാടകം അനാവരണം ചെയ്യുന്നത്. ഒരു നാടകത്തിലെ ഫാന്റസിക്കകത്ത് റിയലിസം എങ്ങനെ പരീക്ഷിക്കാൻ കഴിയുമെന്നും അത് വിജയകരമായി സംവേദനക്ഷമമാക്കാൻ യുക്തിയുടെയും അയുക്തിയുടെയും പാന്ഥാവിലൂടെ സഞ്ചരിക്കണമെന്നും തിരിച്ചറിഞ്ഞ സംവിധായകനാണ് അലിയാർ അലി. നാടകത്തിൽ സൂക്ഷ്മമായി പ്രയോഗിക്കാൻ കഴിയുന്ന നിരവധി സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി മലയാളത്തിൽ പിറവിയെടുത്ത ഇന്ത്യൻ നാടകമാണിതെന്ന് നിസ്സംശയം പറയാം. നാട്ടിൽ നടക്കുന്നത് എന്താണെന്നറിയാൻ കഴിയാതിരിക്കുകയും, അല്ലെങ്കിൽ അതിനുള്ള എല്ലാ പഴുതുകളും അടഞ്ഞുപോവുകയും ചെയ്യുമ്പോൾ അത് കണ്ടെത്താൻ മായക്കാഴ്ചകളിൽ അഭയംതേടി അതുതന്നെയാണ് യാഥാർഥ്യമെന്ന് വിശ്വസിക്കുന്നവരെ കലയുടെ ലാവണ്യ നിയമങ്ങളിലൂടെ വിചാരണ ചെയ്യുന്നുണ്ട് ജോൺ ക്വിഹോത്തെ എന്ന നാടകം.
ചരിത്രാവബോധമുള്ള ജോൺ ക്വിഹോത്തെ എന്ന കഥാപാത്രം എത്തിച്ചേരുന്ന ഏകാന്തവും ദുരന്തപൂർണവുമായ ജീവിതത്തിന്റെ ഭാവപ്പകർച്ചയാണ് നാടകത്തിന്റെ കാതൽ. നല്ല പുസ്തകങ്ങൾ മനുഷ്യനെ വഴിതെറ്റിക്കുമെന്ന മതപൗരോഹിത്യ ബോധത്തെ വിചാരണ ചെയ്തുകൊണ്ടാണ് നാടകം ആരംഭിക്കുന്നത്. മനുഷ്യന്റെ മോചന സ്വപ്നങ്ങൾ തലയിലേറ്റി ഉദാത്തമായ ഉന്മാദാവസ്ഥയിൽ എത്തിച്ചേരുന്ന, അല്ലെങ്കിൽ തീക്ഷ്ണമായ വിപ്ലവബോധവും പ്രണയവും യുക്തിബോധത്തെ കീഴ്‌മേൽ മറിക്കുന്ന ജോണിനെ തനി കേരളീയമായ പരിതോവസ്ഥകളിലേക്കെത്തിക്കുമ്പോഴും സാർവദേശീയമായ മൂല്യബോധം കാത്തുസൂക്ഷിക്കാൻ അലിയാർ എന്ന നാടകപ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഒരു സാങ്കൽപ്പിക ലോകത്തെ വാഗ്‌മയ ചിത്രങ്ങളാക്കി ഓരോ സീനും പ്രേക്ഷകരെ ചുട്ടുപ്പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്ന ഈ നാടകം മലയാളത്തിലെ വീരേതിഹാസ നായകന്മാരുമായി കണ്ണിചേർക്കുന്നതിൽ വിജയിച്ചിരിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളിയായ സാഞ്ചോ, സാഞ്ചോ പാച്ചനാകുന്നതും ജോൺ ക്വിഹോത്തെ നന്മയിൽ ജോൺ ക്വിഹോത്തെ ആയി മാറുന്നതിന് കേരളീയ പുരാവൃത്തങ്ങളിൽനിന്ന് പ്രത്യേകിച്ച് ഒതേനൻ തെയ്യത്തിൽനിന്ന് അനുഗ്രഹാശിസ്സുകൾ കിട്ടുമ്പോഴാണ്. വടക്കൻ പാട്ടിലെ അങ്കപ്പുറപ്പാടും സ്വപ്നലോകത്തിലേക്കുള്ള ജോണിന്റെ പടപ്പുറപ്പാടും തമ്മിൽ സമാനതകൾ ഏറെയാണ്. ജോണിന്റെ കർശന നിർദേശങ്ങൾക്കൊടുവിൽ പാഞ്ചോ കൊല്ലനെ തേടി പോകുമ്പോൾ കേൾക്കുന്ന വടക്കൻ ശീലുകൾ കടത്തനാട്ടെ ധീരയോദ്ധാക്കളുടെ ജീവിതവുമായി വളരെ ബന്ധമുള്ളതാണ്.
ജോണിന്റെ വിഹ്വലതകളെ ആത്മാംശം ചോർന്നുപോകാതെ അരങ്ങിൽ അവതരിപ്പിച്ചത് സജി തുളസിദാസാണ്. സഹായിയായ ചാഞ്ചോ പാച്ചെനെ ദാസൻ കോങ്ങാട് സമ്പന്നമാക്കി. വിശ്വപ്രസിദ്ധ സ്പാനിഷ് നോവലായ ഡോൺ ക്വിഹോത്തെ (The ingenious gentleman Don Quixote la Mancha) അഥവാ Don Quixoteയുടെ രചയിതാവ് മിഗ്വെൽ ഡി സെർവാന്റെസ് ആണ്.









0 comments