നാടകദിനത്തിൽ അവനവൻ കടമ്പയ്ക്ക് പുതിയ രംഗാവിഷ്കാരവുമായി അലൻസിയർ

ലോക നാടക ദിനത്തിൽ കാവാലത്തിന്റെ അവനവൻ കടമ്പയ്ക്ക് വ്യത്യസ്തമായ രംഗഭാഷ തീർത്ത് നടൻ അലൻസിയർ. പുത്തൻതോപ്പിലെ സ്വന്തം വീട്ടിലെ തിയറ്ററിൽ രണ്ടുപേരുടെ സംഭാഷണ രൂപത്തിലായിരുന്നു ആവിഷ്കാരം. പുതിയ കാലത്തെ മനുഷ്യ ബന്ധങ്ങളിലെ വിള്ളലുകളെ, അവനവൻ കടമ്പയെന്ന പേരിനെ അന്വർഥമാക്കും വിധം പരിശോധിക്കുന്ന ഹ്രസ്വമായ രംഗാവിഷ്കാരം.
പാട്ടുപരിഷയും ആട്ടപണ്ടാരവും ദേശത്തുടയോനും സഹായിയും, ചിത്തിരപെണ്ണും എരട്ടക്കണ്ണനും വടിവേലനും എന്നിങ്ങനെ കാവാലത്തിന്റെ കഥാപാത്രലോകം രണ്ടു പേരിലേക്ക് ചുരുങ്ങി പുതിയ മാനങ്ങളിലേക്ക് വികസിക്കുന്നു. അവനവൻ കടമ്പയിലെ വായ്ത്താരികളുടെ പശ്ചാത്തലത്തിലാണ് ഇരുവരും അരങ്ങിൽ ചുവട് വയ്ക്കുന്നത്. ഒരേ മുറിയിലെ രണ്ട് ജാലകക്കള്ളികൾ എന്ന പോലെ ജീവിക്കുമ്പോഴും അവർക്ക് പരസ്പരം കടമ്പകളെ ഭേദിക്കാനാവുന്നില്ല. അവിടെ ജീവിതവും നാടകവും ഒന്നാവുന്നു.
വീടിന്റെ ഭാഗമായുള്ള ഭരതഗൃഹം എന്ന തിയറ്ററിൽ കൂട്ടുകാർക്കും കുടുംബത്തിനും ഒപ്പമായിരുന്നു നാടകത്തിന്റെ അതവരണം. അരങ്ങും വേദിയും എന്നില്ലാതെ സ്വഭാവികതയോടെ അലൻസിയർ, ചിറക്കൽ രാജു എന്നിവരിലൂടെ പസ്പര വർത്തമാനം എന്ന പോലെ നാടകം സംഭവിക്കുന്നു.

അധികാരത്തിന്റെ രൂപം വീണ് കിടന്ന് പോവുന്നുണ്ട്. എന്നിട്ടും എഴുന്നേറ്റ് നിൽക്കുന്ന അടിയാളനോട് കല്പനകൾ പുറപ്പെടുവിക്കയും കടമ്പ മറികടക്കുന്നത് വിലക്കുകയും ചെയ്യുന്നു. ഏതാനും സംഭാഷണങ്ങൾക്കിടയിൽ ഈ കടമ്പ നാടകത്തിന്റെ മുഖ്യ പ്രമേയമായി പ്രശ്നവൽക്കരിക്കപ്പെടുന്നു. ഓരോരുത്തരുടെയും അകത്ത് നിർമ്മിതമായ അവനവൻ കടമ്പയായി വളരുന്നു. അവസാനം കടമ്പയെ കുറിച്ച് ഓർമ്മപ്പെടുത്തിക്കൊണ്ടാണെങ്കിലും, എഴുന്നേൽക്കാനായി സഹായഭാവത്തിൽ കൈ നീട്ടുന്നതോട നാടകം മാറുന്നു. അവരിലെ ബന്ധത്തിൽ സംഗീതമോ നൃത്തമോ എന്ന പോലെ സ്വാഭാവിക ബന്ധത്തിന്റെ ഒരു പ്രവാഹം ഉണ്ടാവുന്നു. അത് പുതിയ ചുവടുവെപ്പായി മാറുന്നു.
ജീവിത നാടക വേദിയിൽ നടനമാടുന്നതിന്നായി തങ്ങൾ ഒരുക്കിയണിഞ്ഞ മുഖം മൂടികൾ പോലും ഒന്നു തന്നെയാണല്ലോയെന്ന് തിരിച്ചറിയുന്നു. നാടകത്തിനകത്തെ കടമ്പ അഴിയുന്നു. ഓരോരുത്തരിലെയും അവനവൻ കടമ്പകൾ പ്രേക്ഷക മനസുകളിൽ ഉണർത്തി വിട്ട് പത്ത് മിനിറ്റുകൾക്കുള്ളിൽ നാടകം പൂർണ്ണമാവുന്നു.









0 comments