നാടകം ജീവിതം

പി വി ജീജോ
Published on May 18, 2025, 12:00 AM | 2 min read
സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം മൂന്നാം തവണ. അഭിനയ ജീവിതത്തിൽ അജിത നമ്പ്യാർക്ക് കിട്ടിയ ഈ അംഗീകാരം അരങ്ങിൽ അനന്യമാണ്. നാടകം, സിനിമ, ഏറ്റവുമൊടുവിൽ വെബ് സീരീസിലെ ഹിറ്റായ ‘കരിക്കി ’ൽ കണ്ണൂർ അമ്മായിയായി ന്യൂജൻ ആസ്വാദകരുടെയടക്കം ഇഷ്ടതാരമായി മാറി അജിത നമ്പ്യാർ. നാടകത്തിനപ്പുറം മറ്റൊരു ജീവിതമില്ലാത്ത കലാകാരി. നാടകംനിന്നുപോയാൽ ശരിക്കും ശ്വാസംനിലയ്‌ക്കുന്ന അത്രമേൽ പ്രതിബദ്ധമായ അഭിനേത്രിയെന്ന് അജിത നമ്പ്യാരെ വിശേഷിപ്പിക്കാം. മൂന്നരപ്പതിറ്റാണ്ടിലധികമായി അരങ്ങിലുണ്ടീ കലാകാരി. കേരള സംഗീത നാടക അക്കാദമിയുടെ 2024ലെ എൻഡോവ്‌മെന്റാണ് അജിതയെ തേടി ഒടുവിലെത്തിയത്. കെ ടി മുഹമ്മദ്, എ ശാന്തകുമാർ, പി എം താജ് തുടങ്ങി മലയാള നാടകലോകത്തെ പ്രതിഭാശാലികളുടെ നാടകങ്ങളിൽ തിളങ്ങിയ നടി. അജിത നമ്പ്യാർ സംസാരിക്കുന്നു.
പാട്ടിലൂടെ
യൂത്ത് ഓർഗനൈസേഷൻ ഓഫ് കലിക്കറ്റിൽ പാട്ടുപാടിയാണ് ആദ്യം വേദിയിലെത്തിയത്. അയ്യത്താൻ സ്‌കൂൾ അധ്യാപിക ആയിരുന്നപ്പോഴാണ് മുഖത്ത് ആദ്യമായി ചായമിടുന്നത്. വിജയൻ പി നായർ സംവിധാനം ചെയ്‌ത കഥാവശേഷൻ, അതായിരുന്നു ആദ്യ നാടകം. അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീടാണ് താജിന്റെ നാടകങ്ങളിലേക്കുള്ള അവസരം. കുടുക്കയിലും രാവുണ്ണിയിലും. കോഴിക്കോട് അണിയറയിലൂടെ അരങ്ങുറച്ചതെന്നു പറയാം. ഒടുവിൽ അഭിനയിച്ചതും അണിയറയുടെ അമ്പതാംവാർഷികത്തിനാണ്. കെ ആർ മോഹൻദാസ് സംവിധാനം ചെയ്‌ത ‘ആത്മ’ത്തിൽ. പകർന്നാട്ടത്തിലെ അഭിനയത്തിനായിരുന്നു സംഗീതനാടക അക്കാദമിയുടെ ആദ്യ പുരസ്‌കാരം–- 2000-ൽ. ജയപ്രകാശ് കാര്യാലായിരുന്നു സംവിധാനം. സിസ്റ്റർ ജോസഫൈൻ, മാലിനി തുടങ്ങി മൂന്നിലേറെ കഥാപാത്രങ്ങളായാണ് വേഷമിട്ടത്. അതിലെ അഭിനയത്തിന് വിജയൻ പി നായർക്കും അക്കാദമി പുരസ്‌കാരം കിട്ടി.
ബർതോൾഡ് ബ്രഹ്‌തിന്റെ നാടകത്തിൽ അഭിനയിക്കാൻ സാധിച്ചതാണ് അഭിനയജീവിതത്തിലെ ധന്യമുഹൂർത്തങ്ങളിലൊന്ന്. രാജു നരിപ്പറ്റ സംവിധാനം ചെയ്‌ത ‘ഷെക്‌സ്‌വാനിലെ നല്ല സ്‌ത്രീ’. ഇതേ കാലത്ത് ഹൈദരാബാദ് നാടകോത്സവത്തിൽ മഞ്ജുള പത്മനാഭന്റൈ ഹാർവസ്റ്റിലും അഭിനയിച്ചു. ശശി നാരായണന്റെ ആശാ കീ ഏക് ദിൻ, ജയപ്രകാശ് കുളൂരിന്റെ ബാലേട്ടത്തി (ഏകപാത്രം) എന്നിങ്ങനെ ആസ്വാദപ്രശംസയ്‌ക്ക് അർഹയായ നാടകങ്ങൾ എന്നിലെ നടിയെ അരങ്ങിലുറപ്പിച്ചു. വിജയൻ പി നായരുടെ ‘പെണ്ണൂരിന്റെ പ്രത്യയശാസ്‌ത്രങ്ങൾ’ അക്കാലത്ത് ചർച്ചയായ നാടകമായിരുന്നു. എട്ട് കഥാപാത്രങ്ങളായാണ് അഭിനയിച്ചത്. അതൊരു അഭിനയകാലമായിരുന്നു. അരങ്ങിൽനിന്ന് അരങ്ങിലേക്കുള്ള പകർന്നാട്ടങ്ങളെന്നു പറയാം. ജീവിതത്തിൽ ചെറുതല്ലാത്ത പ്രതിസന്ധികളൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. നാടകം, അഭിനയം അത് എന്നിലെ സ്‌ത്രീയെ കരുത്തുറ്റതാക്കി. അതിനാൽ, ജീവിതത്തിന്റെ അരങ്ങിൽ തളരാതെ മുന്നേറാനായി.
നാടകജീവിത്തിൽ മറക്കാനാകാത്ത അനുഭവം നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ നാടകങ്ങളിൽ അഭിനയിക്കാൻ സാധിച്ചതാണ്. കലിംഗ അന്ന് മലയാളത്തിലെ മികച്ച തിയറ്റർ സംഘമാണ്. അച്ഛനും ബാപ്പയും, ഇത് ഭൂമിയാണ് ഇവയൊക്കെ അഭിനയിക്കാനുള്ള ആവേശം പകർന്നു. ഇ കെ അയമുവിന്റെ ‘ജ്ജ് നല്ലൊരു മന്‌സനാകാൻ നോക്ക് ’ ഓർമയിൽ തുടിച്ചുനിൽക്കുന്ന അഭിനയാനുഭവമാണ്. നാടകപ്രതിഭ എ ശാന്തകുമാറിന്റെ വൃദ്ധവൃക്ഷങ്ങൾ, ഒരു ദേശം നുണപറയുന്നു , ഗിരീഷ് പി സി പാലത്തിന്റെ ഇ ഫോർ ഈഡിപ്പസ്, ചേറ്, മൂന്നാംകണ്ണ് എന്നിവയും മറക്കാനാകാത്ത നാടകാധ്യായങ്ങളായുണ്ട്. മൂന്നാംകണ്ണിന് മികച്ച നടിക്കുള്ള സംഗീതനാടക അക്കാദമിയുടെ രണ്ടാം പുരസ്‌കാരവും ലഭിച്ചു–- 2019-ൽ. മൂന്നുറോളം നാടകങ്ങളായി. കോഴിക്കോട് ടൗൺഹാളിൽ ഏറ്റവുമധികം നാടകത്തിൽ അഭിനയിച്ച നടി ഞാനാകും. ഒന്നിലേറെ വേഷങ്ങളായിരുന്നു പല നാടകങ്ങളിലും. അഭിനയപ്രാധാന്യമുള്ള മികച്ച വേഷങ്ങൾ കിട്ടിയെന്നതും പ്രധാനമാണ്. അഹല്യ അവാർഡ്, ബാലൻ കെ നായർ പുരസ്‌കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്.
അരങ്ങ് സമ്മാനിച്ച സിനിമ
ഇരുപത്തഞ്ച് സിനിമയിലും അഭിനയിച്ചു. നാടകമാണ് സിനിമയൽ എത്തിച്ചത്. എന്നാൽ, നാടകം വിട്ടൊരു കളിയില്ല എന്നതിനാൽ സിനിമയിൽ ആരേലും വിളിച്ചാൽ പോകുന്നതേയുള്ളൂ. ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണാണ് ആത്മസംതൃപ്‌തി തന്ന ചിത്രങ്ങളിലൊന്ന്. ഒടുവിൽ അഭിനയിച്ചത് ബൈജു എഴുപുന്നയുടെ കൂടോത്രത്തിലാണ്. അങ്കിൾ, ഷെൽട്ടർ, ഇത്രമാത്രം, മോമോ ഇൻ ദുബായ്, ബുള്ളറ്റ് ഡയറീസ്, നെയ്‌മർ, വിശേഷം എന്നിവയിലും അഭിനയിച്ചു.









0 comments