"കൈയെഴുത്തുശാസ്ത്രം പഠിപ്പിക്കുന്നത് മനസിന്റെയും ശരീരത്തിന്റെയും ഏകോപനം'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2019, 02:21 PM | 0 min read

കൊച്ചി> കൈയെഴുത്തുശാസ്ത്രം (കാലിഗ്രഫി) മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും ശരീരത്തിന്റെയും മനസിന്റെയും ഏകോപനമാണ് അതിലൂടെ വെളിപ്പെടുന്നതെന്നും കൈയെഴുത്തുമായി ബന്ധപ്പെട്ട പ്രശസ്ത ദൃശ്യകലാ വിദഗ്ധനായ ബ്രയന്‍ മുല്‍വിഹില്‍ പറഞ്ഞു. മനോവിചാരത്തിന്റെ ഔന്നത്യത്തിലുള്ള "ശൂന്യത'യുടെ അളവുകോലാകാന്‍ കൈയെഴുത്തുശാസ്ത്രത്തിനു കഴിയുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ (കെബിഎഫ്) സംഘടിപ്പിച്ച ത്രിദിന ശില്പശാലയില്‍ അദ്ദേഹം പറഞ്ഞു. ആഴമുള്ള അതേസമയം ചുറ്റുപാടുകളെകുറിച്ച് വ്യക്തമായ ബോധമുള്ള മനസിനെ സൂചിപ്പിക്കുന്നതാണ് അതെന്ന് അര നൂറ്റാണ്ടായി കൈയെഴുത്തുശാസ്ത്രം അഭ്യസിക്കുന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.

മനോവിചാരങ്ങള്‍ കൈയെഴുത്തിലുടെ എങ്ങനെ അളക്കമാണെന്ന് തനിക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയും. ബ്രഷ്, മഷി, മഷിക്കല്ല്, പേപ്പര്‍ എന്നിവയാണ് കൈയെഴുത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങള്‍.  മാനസികാവസ്ഥയില്‍നിന്ന് ഉരുത്തിരിയുന്ന കലാരൂപത്തിന് മറ്റേതിനെക്കാള്‍ ഉന്നതിയിലെത്താനാവും. നമ്മുടെ ഉള്ളിലുള്ള ജീവശക്തിയെ ആവാഹിച്ചെടുത്ത് കലാരൂപത്തിലാക്കുകയാണ് കൈയെഴുത്തു ചെയ്യുന്നത്.  കെബിഎഫ് ശില്പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അത്ഭുതകരമായ രീതിയിലാണ് കൈയെഴുത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണമാലി ചിന്മയ വിദ്യാലയത്തിലെ ഇരുപതോളം വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുത്തത്. മനസ് ശാന്തമാണെങ്കില്‍ എത്രത്തോളം വ്യക്തമായി സൃഷ്ടി നടത്താമെന്ന് പഠിക്കാന്‍ കഴിഞ്ഞുവെന്ന് അഞ്ചാംക്ലാസുകാരനായ അഭിജിത് എ ജെ പറഞ്ഞു.

കൈയെഴുത്തുശാസ്ത്രമെന്തെന്ന കാര്യത്തില്‍ ശില്പശാലയുടെ തുടക്കത്തില്‍ സംശയങ്ങളുണ്ടായിരുന്നുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും മാസ്റ്ററില്‍നിന്ന് കൃത്യവും വ്യക്തവുമായ മറുപടികളാണ് കിട്ടിയതെന്ന് എട്ടാംക്ലാസുകാരി അഭിരാമി ടി എ പറഞ്ഞു. ചൈന, ജപ്പാന്‍, കൊറിയ, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ വിദഗ്ധരില്‍നിന്ന് കൈയെഴുത്തുശാസ്ത്രം അഭ്യസിച്ചിട്ടുള്ള ബ്രയാനെ അന്‍പതുകളില്‍ ജീവിച്ചിരുന്ന ബ്രിയോണ്‍ ഗൈസിന്‍, അലന്‍ ഗിന്‍സ്ബെര്‍ഗ്, വില്യം ബറോസ് എന്നിവര്‍ സ്വാധീനിച്ചിട്ടുണ്ട്. 

മനസിന്റെ സമ്പൂര്‍ണശ്രദ്ധയാണ് കാലിഗ്രഫിയ്ക്കുവേണ്ടതെന്ന് കെബിഎഫ് മേധാവി ബ്ലെയ്സ് ജോസഫ് പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയില്‍നിന്ന് അത് പഠിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്നും ബ്ലെയ്സ് ചൂണ്ടിക്കാട്ടി. ബിനാലെ പ്രവേശനത്തിനുള്ള സൗജന്യദിനമായ ഇന്നലെ ബിനാലെ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ നൂറുകണക്കിനു കുട്ടികളാണ് സന്ദര്‍ശകരായെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home