ഓഫീസ് തുറക്കാൻ അനുമതി അട്ടിമറിക്കാൻ എംഎൽഎ

പി എ സജീഷ്
Published on Aug 17, 2026, 01:01 AM | 2 min read
പൊന്നാനി
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം മെയ് 18നാണ് മാരിടൈം ബോർഡ് സിഇഒ ഷൈൻ എ ഹഖുമായി കരാർ കമ്പനി മേധാവി അരുൺകുമാർ അവകാശ കരാറിൽ ഒപ്പിടുന്നത്. പൊന്നാനി മാരിടൈം ആൻഡ് ഇൻഡസ്ട്രിയൽ ഹബ് പദ്ധതി നടപ്പാക്കുന്നതിന് അംഗീകരിച്ച ‘സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ' (എസ്‌പിവി) ബ്ലൂജെൻ മറൈൻ പ്രൈവറ്റ് ലിമിറ്റഡാണ്. വികസനത്തിന് ആവശ്യമായ എല്ലാവിധ നിയമപരമായ അംഗീകാരങ്ങൾ, അനുമതികൾ, എൻഒസി, പെർമിറ്റുകൾ എന്നിവ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽനിന്ന് കരസ്ഥമാക്കുന്നതിന് ബ്ലൂജെൻ മറൈൻ പ്രൈവറ്റ് ലിമിറ്റഡിനെ അധികാരപ്പെടുത്തി മെയ് 22ന് മാരിടൈം ബോർഡ് ഉത്തരവ് നൽകി. യുഡിഎഫ് സർക്കാർ നിയോഗിച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് ജൂലൈ 25ന് കമ്പനിക്ക് സൈറ്റ് ഓഫീസ് തുടങ്ങാൻ അനുമതി നൽകിയത്.
പൊന്നാനിയുടെ സ്വപ്നപദ്ധതിയായി വന്ന കപ്പൽ നിർമാണശാല ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമാണ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കെ പി നൗഷാദലി എംഎൽഎ എതിർപ്പുമായി രംഗത്തെത്തിയത്. യുഡിഎഫിന്റെതന്നെ നയമായ പിപിപി വ്യവസ്ഥയിലാണ് പൊന്നാനിയിൽ കപ്പൽ നിർമാണശാല വരുന്നത്. മുഖ്യമന്ത്രിയുടെ കൈയിലുള്ള വകുപ്പാണ് ഇപ്പോൾ കമ്പനിക്ക് സൈറ്റ് ഓഫീസ് തുടങ്ങാൻ അനുമതി നൽകിയതും. എന്നാൽ യുഡിഎഫ് സർക്കാരിന്റെ മുന്നിൽ ഇത്തരം പദ്ധതിയില്ലെന്നും താനറിയില്ലെന്നുമായിരുന്നു എംഎൽഎയുടെ പ്രസ്‌താവന. തെരഞ്ഞെടുപ്പ് സമയത്തും അധികാരത്തിൽ വന്നശേഷം മാരിടൈം ബോർഡുമായി കരാറുണ്ടാക്കുമ്പോഴും എതിരഭിപ്രായമില്ലാതിരുന്ന എംഎൽഎ പെട്ടന്നാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയത്. ചില തൽപ്പരകക്ഷികൾക്കൊപ്പം എംഎൽഎ നിലകൊള്ളുന്നുവെന്നാണ് ആരോപണമുയരുന്നത്. മാരിടൈം ബോർഡ് എല്ലാ നിയമപരമായ നടപടികളും പൂർത്തിയാക്കിയതല്ലേ എന്ന ചോദ്യത്തോട് മാരിടൈം ബോർഡ് പിരിച്ചുവിട്ടതല്ലേ എന്നായിരുന്നു മറുപടി. എന്നാൽ ‘പിരിച്ചുവിട്ട’ മാരിടൈം ബോർഡ് എംഡിയുമായി ദിവസങ്ങൾ കഴിഞ്ഞ് എംഎൽഎ ചർച്ച നടത്തുന്നതിനും നാട് സാക്ഷിയായി. പദ്ധതി എങ്ങിനെ നിർത്തലാക്കാം എന്നതിനെ പറ്റിയായിരുന്നു ചർച്ചയെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഭരണകക്ഷി എംഎൽഎയുടെ സമ്മർദത്തിന് വഴങ്ങാൻ മാരിടൈം ബോർഡ് തയ്യാറായിട്ടില്ല. എന്നാൽ നാട് ആശങ്കയിലാണ്.
ആശങ്കയുണ്ടാക്കാൻ ശ്രമം
പഴയ ജങ്കാർ ജെട്ടിക്കുസമീപത്തെ 29 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി വിട്ടുനൽകുന്നത്. ഇതിനുസമീപത്തെ പഴയ അനധികൃത മീൻഷെഡുകൾ നീക്കാൻ കലക്ടർ വിളിച്ച യോഗത്തിൽ തീരുമാനമാവുകയും പകരം സംവിധാനം ഹാർബറിൽ ഒരുക്കിനൽകുകയുംചെയ്‌തിരുന്നു. എന്നാൽ അനധികൃത ഷെഡുകാർ വീണ്ടും മലക്കംമറിഞ്ഞു. അനധികൃത ഷെഡുകൾമാത്രമാണ് കൈമാറിയ ഭൂമിയിലുള്ളത്. ഒരാളെപോലും കുടിയൊഴിപ്പിക്കേണ്ട സാഹചര്യമില്ലാതിരിക്കെയാണ് എംഎൽഎയടക്കം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്. ഭൂമി കൈമാറിയത് മറ്റ് ക്രയവിക്രയങ്ങൾ പാടില്ലെന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ്. ഇതെല്ലാം മറച്ചുവച്ചാണ് പൊന്നാനിയുടെ സ്വപ്നം അട്ടിമറിക്കാൻ നോക്കുന്നത്.
മാരിടൈം ബോർഡ് പിരിച്ചുവിട്ടുവെന്ന് എംഎൽഎ പറഞ്ഞതിന് ദിവസങ്ങൾക്കുശേഷം മാരിടൈം ബോർഡ് എംഡി ജെറോമിക്ക് ജോർജുമായി കെ പി നൗഷാദലി എംഎൽഎ ചർച്ച നടത്തുന്നു










0 comments