Deshabhimani

നാടകനടുവിൽ ശശിധരന്‌ 50

Sasidharan Naduvil

ശശിധരൻ നടുവിൽ, ജോസ്‌ ചിറമ്മൽ നാടകദ്വീപ്‌

avatar
കെ ഗിരീഷ്​

Published on Nov 22, 2026, 01:30 AM | 3 min read

വിശ്വസാഹിത്യത്തിലെ അമൂല്യങ്ങളായ അമ്പത്തിരണ്ട്‌ കൃതികൾ വേദിയിലെത്തിച്ച ശശിധരൻ ഇപ്പോഴും നാടകമൊരുക്കുകയാണ്‌. 30 മുതൽ നടക്കുന്ന ശശിധരനുള്ള ആദരണച്ചടങ്ങിലും നാലു നാടകങ്ങൾ അദ്ദേഹം വേദിയിലെത്തിക്കുന്നു


തൃശൂർ ജില്ലയിലെ വല്ലച്ചിറ ഒരു വല്ലാത്ത ദേശമാണ്‌. ആൽത്തറകളിലും കുളക്കരയിലും പാടവക്കിലും നാടകം പൂത്തുലഞ്ഞ്‌ നിന്ന ദേശമാണത്‌. ഇ‍ൗ മണത്തിലലിഞ്ഞാണ്‌ വല്ലച്ചിറയിലെ പല തലമുറകളും വളർന്നത്‌. അവരുടെ കാഴ്‌ചകളെയും കാഴ്‌ചപ്പാടുകളെയും നിയന്ത്രിച്ചത്‌ സ്വന്തം ദേശത്ത്‌ പൂത്തും കായ്‌ചും ചിലപ്പോൾ ഇല പൊഴിച്ചും നിന്ന കലാവൃക്ഷങ്ങളാണ്‌. അവരിൽ പലരും നാടകക്കാരും സിനിമാപ്രവർത്തകരും സാഹിത്യകാരരും തോറ്റംപാട്ടുകാരുമായത്‌ വല്ലച്ചിറയിലായിരുന്നു അവരുടെ ജനനം എന്നതുകൊണ്ടാണ്‌. 1962ൽ ആരംഭിച്ച്‌ ഇന്നും മുടക്കമില്ലാതെ പോകുന്ന വല്ലച്ചിറ ഓണാഘോഷത്തിലാണ്‌ ഇന്നത്തെ പ്രമുഖരിൽ പലരും ആദ്യകവിതയും കഥയും എഴുതിയത്‌. ആദ്യം നാടകമെഴുതിയതും അഭിനയിച്ചതും ആ വേദികളിലാണ്‌.


​ആ വല്ലച്ചിറയിലെ തേങ്ങാമുച്ചി പാടത്തിനു നടുവിൽ ഒരു ദ്വീപുണ്ട്‌. ചുറ്റിലും നെല്ല്‌ മുളപൊട്ടുന്പോൾ ഇ‍ൗ ദ്വീപിൽ വിതയ്‌ക്കുന്നതും കൊയ്യുന്നതും നാടകമാണ്‌. നാടകലോകത്ത്‌ അതിന്‌ ‘ജോസ്‌ ചിറമ്മൽ നാടകദ്വീപ്‌’ എന്ന്‌ പേര്‌. നാടകദ്വീപിനു നടുവിൽ ശശിധരനുണ്ട്‌. 1963ൽ വല്ലച്ചിറയിലെ നടുവിൽ ഭാസ്‌കരൻ–സുഭദ്ര ദന്പതികളുടെ മകനായി ജനിച്ച ഒരു അറുപത്തിമൂന്നുകാരൻ. 50 വർഷമായി പതിവു മനുഷ്യജീവിതത്തിലെ ഒട്ടും പകിട്ടില്ലാത്ത വഴി തെരഞ്ഞെടുത്ത്‌ യാത്ര നടത്തിയ ഒരാൾ– ശശിധരൻ നടുവിൽ. 13–ാം വയസ്സുമുതൽ അയാളുടെ വായുവും ഭക്ഷണവും നാടകം മാത്രമാണ്‌.


​പതിനൊന്നാംവയസ്സിൽ വല്ലച്ചിറ ഭഗവതി ആർട്‌സിന്റെ നാടകത്തിൽ വേഷമിട്ടാണ്‌ ശശിധരൻ നാടകമറിയുന്നത്‌. പത്താംക്ലാസിൽ പഠിക്കുന്പോഴാണ്‌ ശശിധരൻ ഒരാളെ കണ്ടു. മലയാളത്തിലെ നവനാടകവേദിയുടെ എക്കാലത്തെയും ഉ‍ൗർജമായി നിൽക്കുന്ന ജോസ്‌ ചിറമ്മൽ. ആ കണ്ടുമുട്ടലാണ്‌ പിന്നീടങ്ങോട്ടുള്ള നാടകജീവിതത്തിന്‌ വെളിച്ചമായത്‌. 1986ലാണ്‌ തൃശൂർ നഗരത്തിന്റെ നാടകവലയത്തിലേക്ക്‌ കടക്കുന്നത്‌. ജോസ്‌ ചിറമ്മലിന്റെ ‘സത്യം വദ, ധർമം ചര’ കണ്ടതോടെ നാടകരചനയുടെ പുതിയ ലോകത്തേക്ക്‌ പ്രവേശിച്ചു.


ഇതിനിടയിലാണ്‌ വല്ലച്ചിറ ഓണാഘോഷത്തിലെ ഇടപെടൽ സജീവമാക്കുന്നത്‌. സാമുവൽ ബക്കറ്റിന്റെ ഗോദോയെ കാത്ത്‌, പി എം താജിന്റെ കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പരീക്ഷണനാടകമായ സ്ഥാപനം തുടങ്ങി ഒട്ടേറെ ക്ലാസിക്‌ നാടകങ്ങളും രംഗത്തെത്തിച്ചു.

ആശാരി കുടുംബത്തിൽ ജനിച്ച ശശിധരന്‌ ആ പണി നല്ല വഴക്കമായിരുന്നു. പോളിടെക്‌നിക്കിൽനിന്ന്‌ നേടിയ സിവിൽ എൻജിനിയറിങ് ഡിപ്ലോമയുമുണ്ടായിരുന്നു. കരാറുകാരനായിരുന്ന അച്ഛാച്ചൻ ഇക്കാലത്താണ്‌ കൂടെ പിടിച്ചുനിർത്തുന്നത്‌. കണക്കെഴുത്തായിരുന്നു പ്രധാനപണി. ഒരു കൺസ്‌ട്രക്ഷൻ കന്പനി തുടങ്ങിയെങ്കിലും ഏറെ നാൾ പോയില്ല, അതിനെ നാടകം വിഴുങ്ങി. എന്നാൽ, സിവിൽ എൻജിനിയറിങ്ങിലും പിന്നെ അച്ഛാച്ചനും പഠിപ്പിച്ച കണക്കുകൾ രംഗവേദിയിൽ ബലമായി.


ചില വർഷങ്ങളിൽ നാല്‌ സംഘങ്ങൾക്കുവരെ ശശിധരൻ നാടകമൊരുക്കി. ഇക്കാലത്തെല്ലാം പ്രിയപ്പെട്ടവനായി കൂടെയുണ്ടായിരുന്ന ഒരാളെ പരാമർശിക്കാതിരിക്കാനാകില്ല ശശിധരന്‌. അതാണ്‌ പ്രിയനന്ദനൻ. ഇതിനിടയിലെപ്പോഴോ ശശിധരൻ ക്യാന്പസ്‌ തിയറ്ററിന്റെ പ്രിയപ്പെട്ട സംവിധായകനുമായി. പലപ്പോഴും വഴിച്ചെലവിനുപോലും പണം തരാനില്ലാത്ത ക്യാന്പസിലെ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ കൈമുതലായി ഉണ്ടായിരുന്നത്‌ നാടകത്തോടും നാടകം പറയുന്ന രാഷ്‌ട്രീയത്തോടുമുള്ള ഒടുങ്ങാത്ത പ്രതിബദ്ധതയായിരുന്നു. അതിന്റെ മുകളിലാണ്‌ ശശിധരൻ നാടകം പണിതത്‌. തൃശൂർ കേരളവർമയിൽ ‘കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം’ നാടകമൊരുക്കി്‌. പാലക്കാട്‌ എൻഎസ്‌എസ്‌ എൻജിനിയറിങ് കോളേജ്‌ വിദ്യാർഥികൾക്കായി 24 വർഷവും ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജിനുവേണ്ടി 25 വർഷവും നാടകമൊരുക്കി. എറണാകുളം മഹാരാജാസ്‌, കോട്ടയം ബിസിഎം, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌, തൃശൂർ സെന്റ്‌ തോമസ്‌, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി, ആയുർവേദ കോളേജുകൾ, കുസാറ്റ്‌ തുടങ്ങി നിരവധി കലാലയങ്ങളിൽ ശശിധരന്റെ നാടകങ്ങൾ നിറഞ്ഞാടി.


ഒരു പാതിരാത്രിയിൽ ശശിധരന്‌ ഒരു ഫോൺ കാൾ വന്നു. പാലായിൽനിന്ന്‌, പാലക്കാട്‌ എൻഎസ്‌എസിലെ പഴയ നാടകപ്രേമികൾ, ഇവരിൽ പലരും ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ജോലികളിലുള്ളവർ. അവർ പാലായിൽ ഒത്തുകൂടി. നാടകമോ സിനിമയോ എന്തു വേണമെങ്കിലും ചെയ്യാം എത്ര പണം വേണമെന്നായിരുന്നു ചോദ്യം. ശശിധരൻ തെരഞ്ഞെടുത്തത്‌ നാടകമാണ്‌. അങ്ങനെയാണ്‌ ‘കിഴവനും കടലും’ നാടകമാകുന്നത്‌. റിമംബറൻസ്‌ തിയറ്റർ ഗ്രൂപ്പ്‌ എന്ന സംഘവും രൂപംകൊണ്ടു.


​ശശിധരൻ ബൈപാസ്‌ സർജറി കഴിഞ്ഞിരിക്കുന്ന കാലത്താണ്‌ നാടകദ്വീപ്‌ എന്ന ആശയം രൂപപ്പെട്ടത്‌. തേങ്ങാമുച്ചി പാടത്തിനു നടുവിലെ ദ്വീപ്‌ ആദ്യം പാട്ടത്തിനെടുത്തു. അവിടെ നാടകശാലയൊരുക്കി. 2021ൽ ഉദ്‌ഘാടനം കഴിഞ്ഞു. 2022ൽ ഉയർന്ന സാന്പത്തികനിലയിലുള്ള പഴയ നാടകശിഷ്യന്മാരുടെ സഹായത്തോടെ 14 പേരുടെ പങ്കാളിത്തത്തിൽ ദ്വീപ്‌ വാങ്ങി. ഇതിനകം 140 നാടകങ്ങളും അഞ്ചോളം നാടകോത്സവങ്ങളും ദ്വീപിൽ അരങ്ങേറി.


​ശശിധരൻ നേടിയ പുരസ്‌കാരങ്ങളുടെ പട്ടിക പറയുക എളുപ്പമാകില്ല. തൊണ്ണൂറുകളിൽ കേരളത്തിൽ സമൃദ്ധമായിരുന്ന മത്സരങ്ങളിൽ 1000ൽപ്പരം വേദികളിൽ സമ്മാനങ്ങൾ നേടി. കാവാലം നാരായണപ്പണിക്കരുടെ ‘കാലനെത്തീനി’ എന്ന ഒറ്റനാടകം 500ൽപ്പരം വേദികളിൽ മികച്ച നാടകത്തിനും സംവിധായകനുമുള്ള പുരസ്‌കാരം നേടി. നാഷണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയുടെ ഭാരത്‌രംഗ്‌ മഹോത്സവത്തിൽ മൂന്നുതവണയും ഇന്ത്യയിലെ ഏറ്റവും വലിയ നാടകോത്സവമായ മഹീന്ദ്ര എക്‌സലൻസി അവാർഡിൽ നാലുതവണയും ഇറ്റ്‌ഫോക്കിൽ ആറുതവണയും ശശിധരന്റെ നാടകങ്ങളെത്തി. ലോകനാടകങ്ങളുടെ വേദിയായ തിയറ്റർ ഒളിംപിക്‌സ്‌, മുംബൈ പൃഥ്വി തിയറ്ററിൽ നടക്കുന്ന കേളി തിയറ്റർ ഫെസ്‌റ്റിവൽ എന്നിവ കൂടാതെ അന്പതിൽപ്പരം തിയറ്റർ ഫെസ്‌റ്റിവലുകളിൽ ശശിധരൻ നാടകം സംവിധാനം ചെയ്‌തവതരിപ്പിച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നി, കാൻബറ കൂടാതെ അയർലന്റ്‌, യുഎഇ എന്നിവിടങ്ങളിലും നിരവധിതവണ നാടകങ്ങളൊരുക്കി. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡ്‌, മികച്ച സംവിധായകനും രചയിതാവിനുമുള്ള അവാർഡ്‌, മികച്ച നാടകകൃതിക്കുള്ള സാഹിത്യ അക്കാദമി അവാർഡ്‌ എന്നിവ കൂടാതെ കേരളത്തിലെ വിവിധ സംഘടനകളുടെ 400ൽപ്പരം പുരസ്‌കാരങ്ങളും ഇതിനകം ലഭിച്ചുകഴിഞ്ഞു.


​വിശ്വസാഹിത്യത്തിലെ അമൂല്യങ്ങളായ അന്പത്തിരണ്ട്‌ കൃതികൾ നാടകര‍ൂപത്തിൽ വേദിയിലെത്തിച്ച ശശിധരൻ ഇപ്പോഴും നാടകമൊരുക്കുകയാണ്‌. നവംബർ 30 മുതൽ നടക്കുന്ന ശശിധരനുള്ള ആദരണച്ചടങ്ങിലും നാലു നാടകങ്ങൾ വേദിയിലെത്തിക്കാനുള്ള തിരക്കിലാണ്‌ അദ്ദേഹം. ഒരൊറ്റ വേദനമാത്രമാണ്‌ അദ്ദേഹത്തിനുള്ളത്‌, നാടകത്തിനും നാടകപ്രവർത്തകർക്കും മതിയായ പരിഗണന സർക്കാർതലത്തിൽ ലഭിക്കുന്നില്ല എന്നതാണത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home