പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി


റിയാസ്
Published on Jun 15, 2025, 11:27 AM | 2 min read
അധികാരത്തിനെതിരെയുള്ള പെൺപോരാട്ടങ്ങളിൽ കുറിയേടത്തു താത്രിയുടെ ജീവിതം അടയാളമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന് ജാതീയവും സാമുദായികവുമായ പുരുഷമേൽക്കോയ്മയെ, ബ്രാഹ്മണ്യത്തെത്തന്നെയും ഉലച്ചുകളഞ്ഞ സംഭവചരിത്രമെന്ന നിലയിൽ. രണ്ട് അതിസൂക്ഷ്മമായി സ്ത്രീ തന്റെ ശരീരത്തെ ഒരു വ്യവസ്ഥിതിക്കെതിരെ കലാപത്തിനു നിർത്തിയ ചരിത്രസംഭവമെന്ന നിലയിലും. കുറിയേടത്ത് താത്രിയുടെ ജീവിതം പിൽക്കാലം അനേകം ആഖ്യാനങ്ങൾക്ക് അസംസ്‌കൃത വസ്തുവായത് അതിനാലാണ്. സ്ത്രീ പോരാട്ടങ്ങളുടെ രൂപകവുമായി. ശരീരകേന്ദ്ര ആഖ്യാനങ്ങളുടെ വഴിയിൽ മറക്കുടയ്‌ക്കുള്ളിലെ മഹാദുരിതങ്ങളുടെ നിത്യ ഉദാഹരണമായി. എന്നാൽ, ആ ആഖ്യാനങ്ങളിൽ വേറിട്ട വഴിവെട്ടുകയാണ് തൃശൂർ കുറ്റൂർ അഭിനയ നാടകസമിതി അവതരിപ്പിച്ച ‘വേലി’ എന്ന നാടകം.
ചരിത്രത്തിൽനിന്ന് വർത്തമാന ഭാരതത്തിൽ ജീവിക്കുന്ന ജനതയുമായി കോർത്തിണക്കിയാണ് ‘വേലി’ നാടകത്തിന്റെ സഞ്ചാരം.
പിന്തിരിപ്പൻ ആശയങ്ങൾ പുതിയ കുപ്പായമണിഞ്ഞ് സമൂഹത്തിൽ നിലനിൽക്കുന്നു. സ്‌മാർത്ത വിചാരം നടന്നിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു. സ്വസമുദായത്തിൽനിന്നും സമൂഹത്തിൽനിന്നും ഭ്രഷ്‌ടാക്കപ്പെട്ട കുറിയേടത്തു താത്രിയുടെ ദുരിതപൂർണമായ ജീവിതത്തിനൊപ്പം പുതിയകാല ജീവിതങ്ങളുടെ കഥകൂടിയാണ് പറയുന്നത്. ചെറുത്തുനിൽപ്പുകൾക്കുള്ള ആയുധം കണ്ടെത്താൻ ചരിത്രത്തെ ആശ്രയിക്കുന്ന പതിവു രീതിയിൽനിന്ന് വേലി വേറിട്ടു നിൽക്കുന്നു. പോരാട്ടത്തിന്റെ ആയുധം അവനവനിൽനിന്ന് കണ്ടെത്തേണ്ടതിന്റെ ആവശ്യകതയിലും ആ കൃത്യത്തിന്റെ ആവിഷ്‌കാരത്തിലും ഊന്നുന്നു.
സ്‌ത്രീയുടെ സ്വത്വബോധ നിർണയാധികാരം ആർക്കെന്ന മൗലികവും എക്കാലത്തും പ്രസക്തവുമായ ചോദ്യമാണ് താത്രി ഉയർത്തിയത്. ലൈംഗികാതിക്രമത്തെയും അധിക്ഷേപത്തെയും അതേ ആയുധത്താൽ തിരിച്ചടിക്കുകയായിരുന്നു താത്രി. താത്രിയുടെ പക്കലുള്ള അവസാന ജംഗമമായ കിണ്ടിയും കൈക്കലാക്കാൻ അധികാരവർഗം ശ്രമിക്കുന്നുണ്ട്. കിണ്ടി ജനതയുടെ സാമൂഹ്യ സാമ്പത്തിക ജീവിതത്തിന്റെ പ്രതീകമായാണ് നാടകത്തിൽ അവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങളെ ചൊൽപ്പടിക്ക് നിർത്താനും അവസാന സമ്പാദ്യംപോലും കവർന്നെടുക്കാനുമുള്ള മുതലാളിത്ത കൗശലത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം മനുഷ്യർ.
അധികാരവർഗത്തിന്റെ താൽപ്പര്യത്തെയും ഒരു വേലിയാൽ ചുറ്റപ്പെട്ട ജനതയുടെ ദൈന്യതയെയും നാടകം നേർക്കുനേർ നിർത്തുന്നു. ഭരണാധികാരികളുടെ ഉറ്റ തോഴന്മാരായ കോർപറേറ്റുകളുടെകൂടി ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് ജനത വിധേയമാകേണ്ടിവരുന്നു. എന്ത് ഭക്ഷിക്കണം, ഏത് വസ്‌ത്രം ധരിക്കണം, എന്ത് സംസാരിക്കണം തുടങ്ങി എല്ലാ വിഷയങ്ങളിലും നിർണയാധികാരം കോർപറേറ്റ്– -ഭരണകൂട കൂട്ടുകെട്ട് കവരുന്നു. അധികാരവ്യവസ്ഥ കെട്ടിയ ദൃശ്യവും അദൃശ്യവുമായ അനേകം വേലികളുണ്ട്. അടിച്ചമർത്തപ്പെട്ട ജനത വേലി പൊളിച്ചു മാറ്റി മുന്നോട്ടെത്തുകയാണ്. പ്രതിരോധത്തിന്റെ, പ്രതീക്ഷയുടെ പുത്തൻ ആകാശം അവർക്ക് മുന്നിൽ തുറന്നുകൊണ്ട് നാടകം അവസാനിക്കുന്നു.
താത്രിയുടെ പോരാട്ടത്തെ വള്ളത്തോൾ കവിതയിൽ വിശേഷിപ്പിച്ചത് പട്ടിൽ പൊതിഞ്ഞ തീക്കൊള്ളിയെന്നാണ്. ഒരു നൂറ്റാണ്ടു പുറകിൽ അധികാര വ്യവസ്ഥയ്‌ക്ക് തീയിട്ട ഒരു സ്ത്രീയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം എഴുത്തിലും അവതരണത്തിലും പ്രദർശിപ്പിക്കുന്ന തീവ്രതയും സൗന്ദര്യവും കുറിക്കാൻ വേലി നാടകത്തിനും ആ വിശേഷണം ചേരും. ജയൻ ചെത്തല്ലൂർ രചനയും ജിനേഷ് ആച്ചത്ത് സംവിധാനവും നിർവഹിച്ച വേലിയിൽ തൻവി സുബു, ഡോ. ഡി ഷീല, ഡോ. വിശ്വനാഥൻ, സന്തോഷ് പള്ളിയിൽ, പ്രശാന്ത് ചിറ്റിലപ്പിള്ളി, പ്രസാദ് കൊളങ്ങാട്ടുകര, വിഷ്‌ണു അഭിനയ, കുമാരൻ കൊട്ടേക്കാട്, രഘുനാഥ് പോട്ടോർ, സജി തിയ്യം എന്നിവർ വേഷമിട്ടു.
0 comments