Deshabhimani

ചിന്താവിഷ്ടയായ ചിത്രാക്ഷരങ്ങൾ

Narayana Bhattathiri Chinthavishtayaya Seetha Calligraphy Edition

നാരായണ ഭട്ടതിരി

avatar
സി കെ ദിനേശ്‌

Published on Nov 22, 2026, 01:30 AM | 2 min read

സ്വന്തം വഴിവെട്ടിത്തുറന്ന്‌ വൈവിധ്യമാർന്ന അക്ഷരരൂപങ്ങളിലൂടെ, പശ്ചാത്തല വർണങ്ങളിലൂടെ 
ഛായകൾ തീർക്കുകയായിരുന്നു നാരായണ ഭട്ടതിരി


ഒരു ബംഗാളി പെയിന്റിങ്ങിൽ നിന്നുണ്ടായ പ്രചോദനമാണ്‌ കുമാരനാശാനെ ‘ചിന്താവിഷ്ടയായ സീത’ എന്ന അമര കാവ്യത്തിലേക്ക്‌ നയിച്ചതെന്നാണല്ലോ സഹോദരൻ അയ്യപ്പൻ എഴുതിയിട്ടുള്ളത്‌. എങ്കിൽ, ഇ‍ൗ കാവ്യത്തിലെ ദൃശ്യാത്മാവാണ്‌ നാരായണ ഭട്ടതിരിയെ ചിത്രാക്ഷരങ്ങൾ വിരിഞ്ഞുനിൽക്കുന്ന ഉദ്യാനത്തിലെത്തിച്ചത്‌. ആദ്യഭാഗങ്ങളിലെ ശ്ലോകങ്ങളിൽ വികസിക്കുന്ന ദൃശ്യസുന്ദരലോകം ഏതൊരു സഹൃദയന്റേയും ഭാവനയെ കൂടുതുറന്നുവിടുമെന്ന്‌ പറയുന്നതിൽ തെല്ലും അതിശയോക്തിയില്ല. എന്നാൽ, ഇവിടെ ഓരോ ശ്ലോകവും ഭാവനയുടേയും ചിന്തയുടേയും പുതിയ അക്ഷരരൂപങ്ങളാകുന്നു ! സ്വതന്ത്രാകാശംപോലെ നിറച്ചാർത്തുകളുമായി മാറുന്ന അത്ഭുതാവിഷ്കാരങ്ങളാകുന്നു ! ഭട്ടതിരിയെ പോലൊരാൾക്കല്ലാതെ അത്‌ സാധ്യമാക്കാനാകുമോയെന്ന്‌ സംശയമാണ്‌.


​അക്ഷരത്തേയും ആശയത്തേയും ചിത്രാങ്കിതമായ ശിൽപ്പ ചമൽക്കാരങ്ങളിലേക്ക്‌ വിടർത്തുന്ന കലിഗ്രഫിയിൽ തന്നെ ഒരു കാവ്യാത്മകത നിറഞ്ഞിരിപ്പുണ്ട്‌. അതിലേക്ക്‌ ആശാനെ പോലൊരാളുടെ മഹത്തായ ഒരു കാവ്യത്തെ കുടിയിരുത്തുക എന്നത്‌ ഭാവനയും തത്വചിന്തയും ദീർഘദർശിത്വവും സംഗമിക്കുന്ന ഒരാളിലേ സാധ്യമാകൂ. അതുകൊണ്ടുതന്നെയാകണം, കലാ–സാഹിത്യ രംഗത്ത്‌ സൂക്ഷ്‌മതലത്തിൽ വായിക്കുകയും പഠിക്കുകയും ചെയ്യുന്നവരുടെ വലയത്തിലെ ശ്രദ്ധേയ പുസ്തകമായി ചിന്ത പബ്ലിഷേഴ്‌സ്‌ അതിമനോഹരമായി രൂപകൽപ്പന ചെയ്ത ‘ കുമാരാനാശാന്റെ ചിന്താവിഷ്ടയായ സീത കലിഗ്രഫി പതിപ്പ്‌ ’ മാറിയത്‌.


​ശ്രദ്ധേയമായ നിരീക്ഷണങ്ങളും നിരൂപണങ്ങളും ഇതിനകം തന്നെ ഇ‍ൗ പുസ്തകത്തിന്‌ ലഭിക്കുകയും ചെയ്തു. പുതിയ തലമുറ ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ കുറഞ്ഞ ടെക്സ്‌റ്റും നിറഞ്ഞ ഇമേജുകളുമെന്ന പ്രത്യേകതയുമുണ്ട്‌. പുസ്തകം എന്ന വിശേഷണത്തേക്കാൾ ‘ ആൽബം ’ എന്ന പ്രയോഗമാണ്‌ ശരി. പ്രശസ്തമായ ഒട്ടേറെ പഠനങ്ങൾ ഉണ്ടായിട്ടുള്ള ആശാന്റെ ഇ‍ൗ കാവ്യത്തെ എളുപ്പത്തിൽ പരിചയപ്പെടാനും സഹായിക്കുന്നുവെന്നതും എടുത്തുപറയേണ്ടത്‌.


Narayana Bhattathiri Chinthavishtayaya Seetha Calligraphy Edition


​ശ്ലോകങ്ങളുടെ അർഥ, വ്യാഖ്യാനങ്ങളെ ചിത്രീകരിക്കുന്ന വര എന്ന ചിന്തയിലേക്കേ ഭട്ടതിരി പോയിട്ടില്ല എന്നതാണ്‌ ഏറ്റവും വലിയ സവിശേഷത. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഒട്ടും പുതുമയും ഉണ്ടാകുമായിരുന്നില്ല. കാവ്യാനുശീലനം ചെയ്ത വായനക്കാർക്ക്‌ ആശാന്റെ ഓരോ ശ്ലോകവും നൽകുന്ന ചിന്താപരവും സങ്കൽപ്പപരവുമായ ലോകവുമായി ഇതിന്‌ താരതമ്യമേയില്ല. ഒരു ഖണ്ഡം വായിക്കുമ്പോൾ കലിഗ്രഫിയുടെ വേറിട്ടവഴികളിലൂടെ തെളിയുന്ന ചിന്തോദ്ദീപകമായ സങ്കൽപ്പങ്ങളെ ക്യാൻവാസിലാക്കുകയാണ്‌ ഭട്ടതിരി ചെയ്തത്‌.


​‘ വനമുല്ലയിൽ നിന്നു വായുവിൻ–

ഗതിയിൽ പാറിവരുന്ന പൂക്കൾ പോൽ

ഘനവേണി വഹിച്ചു കൂന്തലിൽ

പതിയും തൈജസകീട പംക്തിയെ. ’

​എന്നത്‌ ഭട്ടതിരി കലിഗ്രഫിയിലാക്കിയപ്പോൾ അതിൽ പൂക്കളോ മിന്നാമിനുങ്ങുകളോ വനമുല്ലയോ ഒന്നുമല്ല കണ്ടത്‌. ഉൽക്കണ്ഠാകുലതയിൽനിന്ന്‌ സമാധാനത്തിന്റെ വൃത്തത്തിലേക്ക്‌ നീങ്ങുന്ന ഒരാളുടെ മനസ്സായി വ്യാഖ്യാനിക്കാവുന്ന വിധമുള്ള ‘ കലിഗ്രഫിക്‌ ഇമേജ്‌ ’ ആണ്‌ തെളിഞ്ഞുവന്നത്‌.

​ആശാന്റെ സീതാകാവ്യത്തിന്റെ സവിശേഷതയായി പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌, അതിലുടനീളം പതിച്ചുവച്ചിട്ടുള്ള ചലിക്കുന്നതും അല്ലാത്തതുമായ ദൃശ്യരൂപങ്ങളാണ്‌. ചാരുകവിൾത്തടം, താരാപഥ ഭാഗം, തൈജസകീട പംക്തി, ചന്ദ്രിക, ശ്രുതി മന്ദാര മനോജ്ഞ പുഷ്പം, പൂവാക വിതിർത്ത ശാഖകൾ എന്നിങ്ങനെ അൽപ്പമെങ്കിലും ഭാവനയുള്ളവരെ കോരിത്തരിപ്പിക്കുന്ന സങ്കൽപ്പവർണലോകങ്ങൾ അനവധിയാണ്‌. ഇവിടെ ഭട്ടതിരി അതിലൊന്നുമല്ല അഭിരമിച്ചത്‌. പുസ്തകം അവതരിപ്പിച്ച്‌ പ്രശസ്ത നിരൂപകൻ ഡോ. കെ എസ്‌ രവികുമാർ ഇങ്ങനെ എഴുതി: ‘‘ ഉദാത്തമായ ഒരു കാവ്യത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട കലാകാരൻ നടത്തുന്ന ആദരപൂർവമായ മറ്റൊരു സൃഷ്ടിയാണിത്‌. ’’


Narayana Bhattathiriനാരായണ ഭട്ടതിരി


​സ്വന്തം വഴിവെട്ടിത്തുറന്ന്‌ വൈവിധ്യമാർന്ന അക്ഷരരൂപങ്ങളിലൂടെ, പശ്ചാത്തല വർണങ്ങളിലൂടെ ഛായകൾ തീർക്കുകയായിരുന്നു അദ്ദേഹം. കലിഗ്രഫി വായിക്കാനുള്ളതല്ല കാഴ്‌ചയ്ക്കുള്ളതാണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. കുട്ടിക്കൃഷ്ണമാരാർ എഴുതിയതുപോലെ, സ്ത്രീ, അമ്മ എന്നീ നിലകളിലുള്ള സീതയുടെ അവകാശങ്ങളില്‍ രാമന്‍ ഇടപെട്ടതിന്റെ അന‍ൗചിത്യവും അതിനോടുള്ള പ്രതികരണവുമായ കാവ്യത്തിന്റെ കലിഗ്രഫി വ്യഖ്യാനം പക്ഷെ, കാഴ്ചയ്ക്കുമപ്പുറമാകുന്നു.


​കചടതപ ഗ്യാലറിയിൽ അത്യപൂർവം പേരുടെ മാത്രം ശ്രദ്ധയിലുണ്ടായിരുന്ന ഇ‍ൗ കലിഗ്രഫി സീരീസ്‌ പുസ്തകമായി ഇറക്കാൻ സുഹൃത്തുക്കൾ പ്രേരണയായി എന്ന് ഭട്ടതിരി ആമുഖത്തിൽ പറയുന്നുണ്ട്‌. ഏറെ വിശിഷ്ടമായ ഇ‍ൗ അക്ഷരചിത്രവസന്തം ഇനിയും കൂടുതൽ പേരിലേക്ക്‌ ഒഴുകിയെത്താൻ ഇ‍ൗ സമാഹാരം ഏറെ സഹായകമാകുന്നു. പുസ്തകമേളകളിൽ ശ്രദ്ധേയമായവയുടെ കൂട്ടത്തിൽ ആശാൻ കൊളുത്തിവച്ച ചിന്താധാരയുടെ ഇ‍ൗ പുതിയ പതിപ്പുമുണ്ടെന്നതും അഭിമാനം പകരുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home