പതിവുവഴി വിട്ട് ആട്ടക്കഥകൾ

വാവർ വേഷം, ഡോ. സദനം കെ ഹരികുമാർ
വേണു കെ ആലത്തൂർ
Published on May 03, 2026, 12:01 AM | 3 min read
അയ്യപ്പന്റെ ആത്മാർഥ സുഹൃത്തായ വാവരുസ്വാമി സാമന്തരാജാവ്, മണ്ഡോദരി രാക്ഷസിയല്ല, ശിഖണ്ഡിയാണ് ഭീഷ്‌മരെ അമ്പെയ്‌ത് വീഴ്‌ത്തിയത്, ചാരുദത്തനായി ജൂലിയസ് സീസർ എത്തുന്നത് ഇന്ത്യൻ വേഷത്തിൽ– ഇങ്ങനെ പോകുന്നു ആട്ടക്കഥകളിലെ പുതിയ ആഖ്യാനങ്ങൾ. ആട്ടക്കഥയ്‌ക്ക് പുതിയ ഭാവുകത്വം ചമച്ച് വിപ്ലവകരമാക്കിത്തീർത്ത ഡോ. സദനം കെ ഹരികുമാർ 24 ആട്ടക്കഥകളാണ് തനതുശൈലിയിൽ എഴുതി അവതരിപ്പിച്ച് കഥകളിയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ മാറ്റിത്തീർക്കുന്നത്.
കടൽക്കൊള്ളക്കാരനായ വാവരല്ല സദനം ഹരികുമാറിന്റെ കഥകളിയിൽ. മണികണ്ഠചരിതം ഒന്നുമുതൽ മൂന്നുവരെയുള്ള ആട്ടക്കഥയിൽ വാവരെ സുഹൃത്തായി സ്വീകരിക്കുന്ന മണികണ്‌ഠൻ അദ്ദേഹത്തെ സാമന്തരാജാവാക്കി അംഗീകരിക്കുന്നു. ഷേക്‌സ്‌പിയറുടെ ജൂലിയസ് സീസർ എന്ന നാടകത്തിന്റെ ആട്ടക്കഥയാണ് ചാരുദത്തം എന്നപേരിൽ മാറ്റിയിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഇന്ത്യൻ സങ്കൽപ്പത്തിലുള്ളവയാണ്. സീസർ ചാരുദത്തനായും ബ്രൂട്ടസ് ജയസേനനായും മാർക്ക് ആന്റണിയെ കീർത്തിഭദ്രനായും അവതരിപ്പിക്കുന്നു.
എല്ലാ കഥാപാത്രങ്ങളെയും സ്വന്തം ഭാവനയിൽ ആവിഷ്‌കരിച്ച് അദ്ദേഹം ശൂർപണഖ, അംബാ ശിഖണ്ഡി, ഹിഡുംബി, കാളി, അഭിമന്യു, മണ്ഡോദരി എന്നിവരെയെല്ലാം വ്യത്യസ്‌തമാക്കുന്നു. കഥകളിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ആട്ടക്കഥയാണ് അഭിമന്യു. പത്മവ്യൂഹം ഭേദിച്ച് അഭിമന്യു ചെയ്യുന്ന യുദ്ധത്തെ നാലു താളങ്ങളിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചെമ്പ, അടന്ത, പഞ്ചാരി, ചെന്പട എന്നിങ്ങനെ ചിട്ടപ്പെടുത്തിയപ്പോൾ അഭിമന്യുവിന്റെ ശോകനിർഭരമായ അന്ത്യരംഗം ശുഭപന്തുവരാളി രാഗത്തിൽ പരീക്ഷിച്ചുനടത്തിയ സാർഥകമായ സംവാദമാണെന്നതും പ്രത്യേകതയാണ്.
ബംഗാളിലെ ബിഷ്‌ണുപുർ മാതൃകയിൽ കഥകളി അക്കാദമിയിൽ നിർമിച്ച കെട്ടിടത്തിനുമുന്നിൽ സദനം ഹരികുമാർ / ഫോട്ടോ: ശരത് കൽപ്പാത്തി
അരീന തിയറ്റർ
പാലക്കാട്–ഒറ്റപ്പാലം റൂട്ടിൽ പത്തിരിപ്പാലയ്‌ക്കുസമീപം പേരൂരിലാണ് ഗാന്ധി സേവാസദൻ കഥകളി അക്കാദമി. അതിന്റെ സെക്രട്ടറിയാണ് ഡോ. സദനം കെ ഹരികുമാർ. 2400 വർഷങ്ങൾക്കുമുമ്പ് പുരാതന ഗ്രീക്ക് നഗരത്തിൽ നിർമിച്ച ഓപ്പൺ എയർ തിയറ്ററാണ് അരീന. അതിൽനിന്നാണ് ലോക നാടകവേദിയുടെ തുടക്കവും. ക്രിസ്‌തുവിനുമുമ്പ് നാലാംനൂറ്റാണ്ടിലാണ് ഗ്രീക്ക് ദേവതയ്‌ക്കായി സമർപ്പിച്ചുകൊണ്ട് തിയറ്റർ നിർമിച്ചത്. നാടകവേദിയുടെ തുടക്കമായ അരീന തിയറ്ററിനുസമാനമായി കഥകളി അക്കാദമിയിലും ഒരു ആംഫി തിയറ്ററുണ്ട്. ചുറ്റും ഇരുന്ന് കാണാൻ ഗ്യാലറി സംവിധാനമുള്ള വേദി. സ്വാതന്ത്ര്യസമരസേനാനി സദനം കുമാരനാണ് 1953ൽ ഇൗ സ്ഥാപനം തുടങ്ങിയത്. കഥകളിയോട് വല്ലാത്ത അഭിനിവേശമുള്ള അദ്ദേഹം കഥകളിക്കായി ഒരു അക്കാദമി എന്ന ഉദ്ദേശ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്. കേന്ദ്ര–കേരള സർക്കാരുകളുടെ സാംസ്‌കാരികവകുപ്പുകൾ സംയുക്തമായുള്ള സൊസൈറ്റിക്കാണ് മേൽനോട്ടം.
കീഴ്‌പടം കുമാരൻനായർ, തേക്കിൻകാട്ടിൽ രാമുണ്ണിനായർ, കലാമണ്ഡലം ബാലകൃഷ്‌ണൻനായർ, മാണിമാധവചാക്യാർ, രാമൻകുട്ടിനായർ തുടങ്ങിയവരൊക്കെ ഇവിടത്തെ അധ്യാപകരായിരുന്നു. ഏഴാംക്ലാസ് കഴിഞ്ഞാലാണ് ഇവിടെ പ്രവേശനം ലഭിക്കുക. കഥകളി, ചെണ്ട, മദ്ദളം, പാട്ട്, ചുട്ടി തുടങ്ങിയ വിഷയങ്ങളിൽ ആറുവർഷത്തെ ഡിപ്ലോമ കോഴ്‌സാണ്. 20 വിദ്യാർഥികൾക്കാണ് പ്രവേശനം. 11 അധ്യാപകരുണ്ട്. റസിഡൻഷ്യൽ സമ്പ്രദായമാണ്. ഇതിന് സംസ്ഥാന സർക്കാർ ഗ്രാന്റ് നൽകുന്നുണ്ട്. ഡിപ്ലോമയ്‌ക്കുശേഷം ഡിഗ്രി പഠനത്തിന് കലാമണ്ഡലംപോലുള്ള പെർഫോമൻസ് ആർട്‌സ് കോളേജുകളിൽ പ്രവേശനം നേടാം. കേരളത്തിലെ പ്രമുഖരായ കലാകാരന്മാരെ വാർത്തെടുത്ത സ്ഥാപനംകൂടിയാണിത്. മട്ടന്നൂർ ശങ്കരൻകുട്ടി, ചെർപ്പുളശേരി ശിവൻ തുടങ്ങിയവരെല്ലാം ഇവിടത്തെ പൂർവവിദ്യാർഥികളാണ്.
24 ശിൽപ്പങ്ങൾ
ഗാന്ധി സേവാസദനം കഥകളി അക്കാദമിയിലെ ആംഫി തിയറ്ററിലേക്ക് പ്രവേശിക്കുമ്പോൾ ചില്ലുകൂടാരങ്ങളിൽ തിളങ്ങുന്ന ശിൽപ്പങ്ങൾ കാണാം. കഥകളിയിലെ പ്രഗല്‌ഭരും സദനത്തിലെ പഴയകാല ഗുരുക്കന്മാരുമായ 24 പേരുടെ ശിൽപ്പങ്ങൾ. എല്ലാം ടൊറാകോട്ടയിൽ നിർമിച്ചത്. അക്കാദമി സെക്രട്ടറിയായ ഡോ. സദനം കെ ഹരികുമാർ പേരെടുത്ത ശിൽപ്പിയല്ലെങ്കിലും ശിൽപ്പകലയിൽ ആരെയും വെല്ലുന്ന കഴിവിന് ഉടമയാണ്. തന്റെ കഴിവുകൾ മാർക്കറ്റ് ചെയ്യപ്പെടേണ്ടവയല്ല എന്നതാണ് അദ്ദേഹത്തിന്റെ രീതി. മൂത്തമന കേശവൻ നമ്പൂതിരി, കടത്തനാട്ട് ഗോവിന്ദൻ നമ്പീശൻ, കലാമണ്ഡലം കൃഷ്ണൻനായർ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ്, കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കവളപ്പാറ നാരായണൻനായർ, പല്ലശ്ശന ചന്ദ്ര മന്നാടിയാർ, വെള്ളിനേഴി നാണുനായർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, ഗോവിന്ദ വാരിയർ, സദനം കുമാരൻ (സദനം സ്ഥാപകൻ), സരോജിനി അമ്മ (സദനം കുമാരന്റെ ഭാര്യ), കലാമണ്ഡലം രാമൻകുട്ടിനായർ, കീഴ്പടം കുമാരൻനായർ, തേക്കിൻകാട്ടിൽ രാവുണ്ണിനായർ, തിരുവില്വാമല വെങ്കിച്ചസ്വാമി, പട്ടിക്കാംതൊടി രാമുണ്ണിമേനോൻ, വെങ്കിടകൃഷ്ണ ഭാഗവതർ, സി എസ് കൃഷ്ണ അയ്യർ, പാലൂർ അച്യുതൻ, അച്യുത വാരിയർ, അപ്പുക്കുട്ടി പൊതുവാൾ, കോട്ടക്കൽ കൃഷ്ണൻകുട്ടിനായർ എന്നിവരുടേതാണ് അർധകായപ്രതിമകൾ.

ഡോ. സദനം കെ ഹരികുമാർ
സ്വാതന്ത്ര്യസമരസേനാനി അന്തരിച്ച സദനം കുമാരന്റെ മകനാണ് ഡോ. സദനം കെ ഹരികുമാർ. 24 ആട്ടക്കഥകൾ എഴുതി ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എഴുതിയ എട്ട് ആട്ടക്കഥകൾ ഉൾക്കൊള്ളിച്ച പുസ്‌തകത്തിന് ഡോ. എം ലീലാവതിയാണ് അവതാരിക എഴുതിയത്. ശാപമോചനം എന്ന ആട്ടക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ ഹവായ് യൂണിവേഴ്‌സിറ്റിയുടെ ഏഷ്യൻ തിയറ്റർ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാഗദേയം എന്ന കഥയെക്കുറിച്ച് കേംബ്രിഡ്‌ജ് സർവകലാശാല ചതുർ മാസികയിൽ നിരൂപണലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ ടാഗോറിന്റെ വിശ്വഭാരതി സർവകലാശാലയിൽ അഞ്ചുവർഷം കഥകളി പ്രൊഫസറായിരുന്നു. കഥകളിയിൽ ദൂരദർശന്റെ ടോപ് ഗ്രേഡും കർണാടകസംഗീതത്തിൽ ആകാശവാണിയുടെ ബി ഹൈഗ്രേഡുമുണ്ട്.
കഥകളിയിലെ സമഗ്ര സംഭാവന പരിഗണിച്ച് കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം, മികച്ച ശിൽപ്പത്തിന് കേരള ലളിതകലാ അക്കാദമി പരുസ്‌കാരം, കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സീനിയർ ഫെലോഷിപ് തുടങ്ങിയവ ലഭിച്ചു. നിരവധി കീർത്തനങ്ങളും രചിച്ചിട്ടുണ്ട്. പതിനഞ്ചോളം വിദേശരാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ‘കഥകളിയുടെ ഘടനാസ്വരൂപം’ എന്ന പുസ്‌തകം കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ചു. ഭാര്യ: വാസന്തി. മക്കൾ: കാർത്തിക് ഹരികുമാർ, വിഘ്നേഷ് ഹരികുമാർ.











0 comments