ad
Deshabhimani

നാനോ യൂറിയ ഇപ്പോഴും പഠന ഘട്ടത്തിൽ തന്നെ, ഒരു റിപ്പോർടും ലഭിച്ചിട്ടില്ലെന്ന് വളം മന്ത്രി

Nano Urea
avatar
എൻ എ ബക്കർ

Published on Dec 16, 2025, 05:10 PM | 2 min read

ന്യൂഡൽഹി: ഉയർന്ന വിളവും കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്ത് വിപണിയിൽ എത്തിച്ചിട്ട് നാല് വർഷമായിട്ടും നാനോ യൂറിയയുടെ ഉപയോഗത്തെക്കുറിച്ച് ഒരു വിലയിരുത്തൽ രേഖയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ.


ആധുനിക വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്ന ഈ ഉൽപന്നത്തിന്റെ വിൽപ്പനയും ഓരോ വർഷവും പിന്നിലാവുന്നു. 2021 ഫെബ്രുവരിയിൽ ഉത്പാദനം ആരംഭിച്ചതിനുശേഷം 2.49 കോടി കുപ്പികൾ വിറ്റഴിക്കാതെ അവശേഷിക്കുന്നു.


നർഹരി അമിൻ എംപിയുടെ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് സഹമന്ത്രി അനുപ്രിയ പട്ടേൽ ആണ് ഇക്കാര്യം പാർലമെന്റിൽ വെളിപ്പെടുത്തിയത്.


നാനോ യൂറിയയുടെ ഉപയോഗത്തെക്കുറിച്ചും അതുവഴിയുള്ള ഫലപ്രാപ്തി ലക്ഷ്യങ്ങളെ കുറിച്ചും ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ) വിലയിരുത്തൽ റിപ്പോർട്ടുകൾ ഒന്നും അയച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. 


വിപണിയിലെത്തിയതിനുശേഷം 2025 നവംബർ 30 വരെ രാജ്യവ്യാപകമായി അര ലിറ്ററിന്റെ 14.11 കോടി കുപ്പി നാനോ യൂറിയ ഉത്പാദിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ രാജ്യത്തുടനീളം ഉണ്ടായ വില്പന 11.62 കോടി കുപ്പികൾ മാത്രമായിരുന്നു.


ഈ സാമ്പത്തിക വർഷത്തിൽ (2025-26) നവംബർ 30 വരെ ഉത്പാദനം 1.67 കോടി കുപ്പികളായിരുന്നു. വിൽപ്പന 1.38 കോടി കുപ്പികളായി കുറഞ്ഞു. മാർക്കറ്റിൽ ഇറങ്ങിയ ഉടനെ 2024-25 ൽ വിൽപ്പന ഉൽപ്പാദനത്തെ ഗണ്യമായി മറികടന്നിരുന്നു. നേരത്തെയുള്ളവ ഉൾപ്പെടെ 2.07 കോടി കുപ്പികൾ വിറ്റു. വെറും 90 ലക്ഷം കുപ്പികൾ ആയിരുന്നു ഈ സമയത്തെ ഉത്പാദനം.

 

2022-23 ൽ, 4.75 കോടി കുപ്പികളുടെ ലക്ഷ്യം നേടിയപ്പോൾ വിൽപ്പന 3.26 കോടി കുപ്പികളായി കുറഞ്ഞു. അതുപോലെ, 2021-22 ൽ 2.90 കോടി കുപ്പികളുടെ ഉൽപാദനം ഉണ്ടായപ്പോൾ വിൽപ്പന 2.15 കോടി കുപ്പികളായി.


ഇഫ്കോയിൽ നിന്ന് ഒരു വിലയിരുത്തൽ റിപ്പോർടും ഇല്ലാത്തതിനാൽ നാനോ യൂറിയയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് സർക്കാർ ഒന്നിലധികം സ്വതന്ത്ര പഠനങ്ങൾ ആരംഭിച്ചതായി മന്ത്രി അവകാശപ്പെട്ടു.


പരമ്പരാഗത യൂറിയയുമായി താരതമ്യപ്പെടുത്തുമ്പോൾ നാനോ യൂറിയയുടെ ഫലപ്രാപ്തി, ഉപയോഗക്ഷമത, സ്വാധീനം എന്നിവ വിലയിരുത്താൻ 2024 മാർച്ച് 5 ന് ദേശീയ ഉൽപ്പാദനക്ഷമത കൗൺസിലും വളം വകുപ്പും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നതാണ്.


ഫെർട്ടിലൈസർ പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും സംയുക്തമായി ധനസഹായം നൽകുന്ന നാനോ യൂറിയ മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ഒരു നെറ്റ്‌വർക്ക് പ്രോജക്റ്റിനായി 2025 നവംബർ 3-ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചുമായും (ICAR) ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു.


നാനോ യൂറിയ എന്ന പുതു ചുവട്


ഇത് നാനോ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള വിപ്ലവകരമായ കാർഷിക മുന്നേറ്റ ശ്രമമാണ്. ഇത് സസ്യങ്ങൾക്ക് ആവശ്യമായ നൈട്രജൻ തുള്ളിയായി നൽകുന്നു. ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോപ്പറേറ്റീവ് ലിമിറ്റഡ് (IFFCO) ഇത് വികസിപ്പിച്ചെടുത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്.


സർക്കാർ അംഗീകരിച്ചതും വളപ്രയോഗ നിയന്ത്രണ ഉത്തരവിൽ (FCO) ഉൾപ്പെടുത്തിയതുമായ ഒരേയൊരു നാനോ വളമാണ് IFFCO നാനോ യൂറിയ. പരമ്പരാഗത വളങ്ങൾക്കായി ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നതിൽ നിന്നുള്ള ഒരു തന്ത്രപരമായ ചുവടായാണ് നാനോ ഫോർമുലേഷനുകളിലേക്കുള്ള മാറ്റം പ്രതീക്ഷിക്കപ്പെട്ടിരുന്നത്.


മണ്ണിലെ രാസഭാരം കുറയ്ക്കുന്നതിലൂടെയും, മെച്ചപ്പെട്ട പോഷക ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ജൈവകൃഷി രീതികൾ പൂരകമാക്കുന്നതിനാലും ഈ സാങ്കേതികവിദ്യ രാജ്യത്തിന്റെ ദീർഘകാല വിളവ് സുസ്ഥിരതാ ലക്ഷ്യങ്ങളുമായി യോജിക്കുമെന്ന് വിശദീകരിക്കപ്പെട്ടിരുന്നു.


എന്നാൽ ഇതിന്റെ തുടർ പ്രവർത്തനങ്ങൾ എന്തോ കാരണത്താൽ മരവിപ്പിക്കപ്പെട്ട സാഹചര്യമാണ്. ഗുജറാത്തിലെ പാരദീപിൽ മാത്രമായി ഇതിന്റെ പ്ലാന്റ് പരിമിതപ്പെടുത്തുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home