മരച്ചീനിയുടെ ഗുണനിലവാരം ഉറപ്പുവരുത്തും ഇലക്‌ട്രോണിക് സ്റ്റാർച്ച് മീറ്റർ

മഞ്ജു കുട്ടികൃഷ്‌ണൻ
Published on Apr 17, 2026, 10:49 AM | 2 min read
മരച്ചീനിയിലെ അന്നജം (സ്റ്റാർച്ച്) അളക്കാൻ ഇലക്ട്രോണിക് മീറ്റർ വികസിപ്പിച്ചെടുത്ത് ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCRI). മരച്ചീനിയുടെ തൂക്കം ആദ്യം വായുവിലും തുടർന്ന് വെള്ളത്തിലും അളന്ന് രണ്ട് അളവുകളും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അന്നജത്തിന്റെ ശതമാനം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഇലക്‌ട്രോണിക് മീറ്ററാണ് കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞർ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എംകോൺ ഇൻഡസ്ട്രീസുമായി ചേർന്ന് വികസിപ്പിച്ചത്.
വ്യാവസായിക ആവശ്യത്തിനുള്ള മരച്ചീനികൃഷിയിൽ കിഴങ്ങിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ തൂക്കവും അതിലടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവും നോക്കിയാണ്. ഇപ്പോൾ അന്നജം അളക്കാനുപയോഗിക്കുന്ന ‘റെയ്മാൻ ബാലൻസ്' (Reimann Balance) രീതിയിൽ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന കർഷകരുടെ പരാതിയെത്തുടർന്നാണ് സിടിസിആർഐ പുതിയ മൈക്രോ ഇലക്‌ട്രോണിക് മീറ്റർ വികസിപ്പിച്ചത്. നിലവിൽ മരച്ചീനി കർഷകർ ഉന്നയിക്കുന്ന പോരായ്മകൾ പരിഹരിക്കാൻ പുതിയ ഉപകരണത്തിനാകുമെന്ന് ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജി ബൈജു പറയുന്നു.
അടിസ്ഥാനം ആർക്കിമെഡീസ് തത്വം
പ്രധാനമായും ആർക്കിമെഡീസ് തത്വം (Archimedes' Principle) അടിസ്ഥാനമാക്കിയാണ് മീറ്റർ പ്രവർത്തിക്കുന്നത്. ലോഡ് സെല്ലും (Load cell) മൈക്രോ കൺട്രോളറും ഘടിപ്പിച്ച ഡിജിറ്റൽ സ്കെയിൽ ഉപയോഗിച്ചാണ് അളവ് നോക്കുന്നത്. മൂന്നു കിലോഗ്രാംമുതൽ അഞ്ച് കിലോഗ്രാംവരെ മരച്ചീനി വായുവിൽ തൂക്കിനോക്കും അതേ അളവ് മരച്ചീനി വെള്ളത്തിൽ മുക്കിവച്ചും തൂക്കം എടുക്കും. കിഴങ്ങിന്റെ സാന്ദ്രത (സ്‌പെസിഫിക് ഗ്രാവിറ്റി –എസ്‌ജി) ഉപയോഗിച്ച് അന്നജം കണക്കാക്കുന്നതിനുള്ള സംവിധാനം ഇലക്‌ട്രോണിക് മീറ്റിൽ സെറ്റ് ചെയ്തിട്ടുണ്ട്. വായുവിലെ മരച്ചീനിയുടെ തൂക്കത്തെ വായുവിലെയും വെള്ളത്തിലെയും തൂക്കം തമ്മിലുള്ള വ്യത്യാസംകൊണ്ട് ഹരിച്ചാണ് കിഴങ്ങിന്റെ സാന്ദ്രത കണക്കാക്കുന്നത്.
പ്രത്യേകതകൾ
ഡിജിറ്റൽ സെൻസറുകൾ ഉപയോഗിക്കുന്നതിനാൽ അളവിലും തൂക്കത്തിലും തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നത് പുതിയ ഇലക്‌ട്രോണിക് മീറ്ററിന്റെ പ്രത്യേകതയാണ്. 0.5% വരെ കൃത്യതയുള്ളതാണ് ഉപകരണമെന്ന് ഇത് വികസിപ്പിക്കാൻ നേതൃത്വം നൽകിയ സിടിസിആർഐ ശാസ്‌ത്രജ്ഞൻ ഡോ. ടി കൃഷ്ണകുമാർ പറയുന്നു. ലോഡ് സെല്ലുകൾ ഉപയോഗിക്കുന്നതിനാൽ തൂക്കം 100 ശതമാനം കൃത്യമായിരിക്കും. മിനിറ്റുകൾക്കുള്ളിൽ ഫലം മീറ്ററിൽ തെളിയും. കർഷകർക്കും മില്ലുടമകൾക്കും ഫലം നേരിട്ട് കാണാമെന്നതും കൊണ്ടുനടക്കാൻ എളുപ്പമാണെന്നതും പ്രത്യേകതകളാണ്. റീഡിങ്ങിൽ തിരിമറി നടത്താൻ കഴിയില്ല. തമിഴ്‌നാട്ടിൽ സേലം മേഖലയിലും കേരളത്തിലും വലിയ തോതിൽ വ്യാവസായികാടിസ്ഥാനത്തിൽ മരച്ചീനി കൃഷിചെയ്യുന്നവർക്ക് പുതിയ ഇലക്‌ട്രോണിക് മീറ്റർ ആശ്വാസമാണ്.









0 comments