ad
Deshabhimani

ചായകുടി മുട്ടുമോ ? കാലാവസ്ഥാ വ്യതിയാനം തേയില കൃഷിയെ ബാധിക്കുന്നതായി പഠനം

Tea leaves
വെബ് ഡെസ്ക്

Published on Jul 27, 2026, 03:08 PM | 2 min read

ഊട്ടി: കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം താപനില ഉയരുന്നതും ക്രമം തെറ്റിയ മഴയും നീലഗിരി ജില്ലയിലെ തേയിലത്തോട്ടങ്ങൾക്ക് അസാധാരണ വെല്ലുവിളി ഉയർത്തുന്നതായി റിപ്പോർട്ട്. ലോകത്താകെ ആഗോള കാലാവസ്ഥാ വ്യതിയാനവും സൂപ്പർ എൽ നിനോ പ്രതിഭാസവും പ്രതിസന്ധിയാകുമ്പോൾ കാര്‍ഷിക മേഖലയിലാണ് ഇതിന്റെ ആദ്യ പ്രത്യാഘാതങ്ങൾ ആശങ്ക വിതയ്ക്കുന്നത്.


തേയിലച്ചെടികളിൽ നിന്ന് നിരന്തരമായി തളിരിലകൾ കൊയ്യുന്നത് സാധാരണമായിരിക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ഇലകളുടെ വളർച്ചയെയും വിളവെടുപ്പ് സമയത്തെയും സ്വാധീനിക്കുന്നതാണ്. തേയിലയുടെ ഗുണനിലവാരത്തെയും ചെടികളുടെ ആയുസ്സിനെയും ഇത് നേരിട്ട് ബാധിക്കുന്നു.


കുനൂരിലെ ഉപാസി (UPASI) ടീ റിസർച്ച് ഫൗണ്ടേഷൻ റീജിയണൽ സെന്ററിലെ പി മുരുകേശന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് പ്രധാന വിവരങ്ങൾ. നീലഗിരി മേഖലയിലെ ശരാശരി താപനിലയിൽ അര ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. വാർഷിക മഴയുടെ അളവിൽ വൻ കുറവുണ്ടായി. അതേസമയം മഴ പെയ്യുന്ന രീതിയും പാടെ മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്യുന്ന ശക്തമായ മഴയും, തുടർന്നുള്ള ദീർഘകാല വരൾച്ചയും മണ്ണിലെ ഈർപ്പം വേഗത്തിൽ വറ്റിച്ചു കളയുന്നു. മേൽ മണ്ണിന്റെ ഘടന മാറ്റുന്നു.


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ ഉദ്യാനനഗരം വെള്ളത്തിലായിരുന്നു. മൂന്നുമണിക്കൂറോളം ഒരേ മഴ പെയ്തു. പ്രധാന കേന്ദ്രങ്ങൾ എല്ലാം വെള്ളത്തിൽ മുങ്ങി. ഇതിനൊപ്പം മഞ്ഞുവീഴ്ച, ആലിപ്പഴ വർഷം, അന്തരീക്ഷ ഈർപ്പത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ എന്നിവയും തേയിലച്ചെടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ജില്ലയിൽ പ്രതിവർഷം 900 mm മുതൽ 1,500 mm വരെ മഴ ലഭിക്കാറുണ്ടെങ്കിലും അതിൽ വലിയൊരു ഭാഗം ചുരുങ്ങിയ ദിവസങ്ങളിൽ പെയ്തു തീരുന്നതാണ് പ്രശ്നം.


ഉയരം കൂടുന്തോറും രുചിയേറുന്ന ചായ


കടൽനിരപ്പിൽ നിന്ന് 1,125 മീറ്റർ മുതൽ 2,400 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് നീലഗിരിയിൽ തേയില കൃഷി ചെയ്യുന്നത്. ജില്ലയിലെ 70% തേയിലത്തോട്ടങ്ങളും 1,500 – 2,000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ചായ ഇലയുടെ രുചിയും ഗന്ധവും സവിശേഷമാക്കുന്നു.


ഊട്ടിയും കുന്ദയും തെക്കുപടിഞ്ഞാറൻ മൺസൂണിനെയും; കുന്നുർ, കുള്ളകമ്പി, എന്നിവ വടക്കുകിഴക്കൻ മൺസൂണിനെയുമാണ് പ്രധാനമായും ആശ്രയിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ ആദ്യം വരെയും, ജൂലൈ മുതൽ ഓഗസ്റ്റ് വരെയും രണ്ട് ഘട്ടങ്ങളിലായി ഇവിടെ വരൾച്ച അനുഭവപ്പെടുന്നു. തേയില ചെടിയും തളിരിലകളാണ് വിളവെടുക്കുന്നത്. ഇതിനെ ചെറിയ കലാവസ്ഥാ വ്യതിയാനത്തിൽ വരെ ബാധിക്കാം. കാലാവസ്ഥാ വ്യതിയാനം മൂലം ഇലകളുടെ ഇടയിലുള്ള കാണ്ഡത്തിന്റെ നീളം കുറയുകയും, പുതിയ തളിരുകൾ വരുന്നത് വൈകുകയും ചെയ്യുന്നു. ഇത് വിളവെടുപ്പ് സമയക്രമം തെറ്റിക്കുകയും ചെടിയുടെ ദീർഘകാല ആയുസ്സിനെ ക്ഷയിപ്പിക്കുകയും ചെയ്യുന്നു.


വിളവിനേക്കാൾ മുൻഗണന തേയിലച്ചെടിയുടെ ആരോഗ്യത്തിന് നൽകുക. കടുത്ത കാലാവസ്ഥാ സമ്മർദ്ദമുള്ള സമയത്ത് താത്കാലിക ലാഭത്തിനായി കൂടുതൽ വിളവെടുക്കാൻ ശ്രമിക്കാതിരിക്കുക. ഇതുവഴി ചെടിയുടെ ആയുസ്സിനെയും ഭാവി ഉൽപ്പാദനത്തെയും ബാധിക്കാതെ നോക്കുക. തണൽ മരങ്ങൾ നടുക, മണ്ണിലെ ഈര്‍പ്പം നഷ്ടമാവാതെ സൂക്ഷിക്കുക എന്നിങ്ങനെ മുൻകരുതലുകളും പഠനം മുന്നോട്ടുവെക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home