കണക്കുകൂട്ടൽ തെറ്റിച്ച് കുരുമുളകുവില; ഒരുമാസത്തിനിടെ കുറഞ്ഞത് 1000 രൂപ

സ്വന്തം ലേഖിക
Published on May 19, 2026, 09:24 AM | 1 min read
കോഴിക്കോട്: കര്‍ഷകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് കറുത്തപൊന്ന്. ഒരുമാസത്തിനുള്ളിൽ കുരുമുളക് ക്വിന്റലിന് 1000 രൂപ ഇടിഞ്ഞു. നാടൻ കുരുമുളകിന് ഏപ്രിൽ ആദ്യം ക്വിന്റലിന് 67,000 രൂപയായിരുന്നത് മേയിൽ 66,000 രൂപയായി. ഏപ്രിൽ അവസാനം 66,500 രൂപയായി കുറഞ്ഞിരുന്നു.
കുതിച്ചുയര്‍ന്ന വിപണിയാണ് തിരിച്ചിറങ്ങിയത്. കര്‍ണാടകത്തിൽനിന്ന് ഉൾപ്പെടെ കുറഞ്ഞ വിലയിൽ കുരുമുളക് കേരളത്തിലെത്തിയത് വില ഇടിയാൻ കാരണമായി. വിയറ്റ്നാമിൽനിന്നും മലേഷ്യയിൽ നിന്നുമെല്ലാം ഗുണനിലവാരം കുറഞ്ഞ കുരുമുളക് നേപ്പാൾ, ശ്രീലങ്ക വഴി കേരളത്തിലെത്തിക്കുന്നതും ആവശ്യകത കുറയാൻ ഇടയാക്കി. മഴക്കാലം വരുന്നതോടെ കുരുമുളക് പൊടിച്ച് സൂക്ഷിച്ചാൽ പൂപ്പൽ പിടിക്കുമെന്നതിനാൽ മസാല കമ്പനികളും ഒരുമിച്ച് ശേഖരിക്കുന്നത് കുറച്ചു.
സാധാരണക്കാരായ കര്‍ഷകരെയാണ് വിലയിടിവ് ബാധിക്കുന്നത്. മുടക്കുമുതൽ തിരികെ കിട്ടാതെ വരുന്നതിനാൽ പരമ്പരാഗത കര്‍ഷകര്‍ ഉൾപ്പെടെ മറ്റു മേഖലകളിലേക്ക് മാറി. ചെറുകിട കര്‍ഷകര്‍ കുരുമുളക് വിറ്റൊഴിവാക്കുമ്പോൾ വൻകിട കര്‍ഷകര്‍ വില വര്‍ധിക്കുമെന്ന പ്രതീക്ഷയിൽ ഉണക്കി സൂക്ഷിക്കുന്നുണ്ട്. നവംബര്‍ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് സാധാരണയായി കുരുമുളക് വിളവെടുപ്പ്. കുരുമുളക് പറിക്കാൻ ആളെ കിട്ടാത്തതും കർഷകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.











0 comments