ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിക്ക്‌ തയ്യാറെടുക്കുമ്പോൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 10:44 PM | 0 min read

ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി വളരും. നല്ല ഉൽപ്പാദനം തരും. ഒരു മീറ്ററെങ്കിലും നീളമുള്ള തണ്ടുകള്‍ നടാന്‍ തെരഞ്ഞടുക്കാം. തീരെ ചെറിയ തണ്ടില്‍നിന്ന്‌ മുളച്ചുവരുന്ന തൈകള്‍ പടര്‍ന്നുകയറാന്‍ കാലതാമസമുണ്ടാകും. തൈകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം വേണം. തൈകള്‍ പടര്‍ത്തുന്നതിന് കോണ്‍ക്രീറ്റ് തൂണുകള്‍, മരക്കാലുകള്‍ എന്നിവ ഉപയോഗിക്കാം.

വളപ്രയോഗം

ചാണകപ്പൊടിയും കോഴികാഷ്‌ഠവും 3 കിലോഗ്രാം വീതം ചേര്‍ത്ത്  അരകിലോഗ്രാം വീതം എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും കൂടി ചേർത്ത്‌ 3 മാസത്തെ ഇടവേളകളിൽ വളമായി നൽകാം. നല്ല ഉൽപ്പാദനത്തിന് അരകിലോഗ്രാം വീതം യൂറിയയും പൊട്ടാഷും  ഒരു കിലോഗ്രാം രാജ്ഫോസും നാലുമാസത്തിലൊരിക്കല്‍ നല്‍കാം. സൂക്ഷ്‌മവള മിശ്രിതം വര്‍ഷത്തില്‍ രണ്ട് തവണ ചേര്‍ത്ത് മണ്ണ് കൂട്ടണം.

പൂവിടല്‍

നന്നായി പരിപാലിച്ചാൽ  നട്ട് ആറ്  മാസത്തില്‍ തന്നെ പൂവിടും. സാധാരണഗതിയില്‍ മെയ് മുതല്‍ നവംബര്‍ വരെയാണ് പൂവിടല്‍ കാലം. പൂവിരിഞ്ഞാല്‍ ഒന്നര മാസത്തിനകം വിളവെടുക്കാം. ചെടിയില്‍ വേണ്ടതിലേറെ പൂക്കളുണ്ടെങ്കില്‍ കായ്കള്‍ ചെറുതാകും. ചെടിയുടെ ആരോഗ്യമനുസരിച്ച് മാത്രമേ പൂക്കള്‍ നിലനിര്‍ത്താവൂ. ശരിയായ പോഷണം നൽകുന്നതും പൂക്കളുടെ എണ്ണം കുറയ്ക്കുന്നതും കായ്കള്‍ വലുതാകാന്‍ സഹായിക്കും. പൂവിടലും വിളവെടുപ്പും സെപ്തംബര്‍–ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാകും.

പ്രൂണിംഗ്

ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി പ്രൂണ്‍ ചെയ്യണം. എല്ലാ വര്‍ഷവും  സെപ്തംബര്‍–ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുപ്പിനുശേഷം അടിഭാഗത്തുളള മൂത്ത ശാഖകള്‍ മുറിച്ച്  നീക്കുന്നത് പുതിയ ശാഖകളെ പ്രോത്സാഹിപ്പിക്കും. പൂവിട്ട ശാഖകളില്‍ അമിതമായുള്ളവയും മുറിച്ചു നീക്കണം. പ്രധാന വള്ളി താങ്ങുകാലിന് മുകളില്‍ ഉണ്ടാകുന്ന എല്ലാ ഉപശാഖകളും മുറിച്ചുമാറ്റണം. മുകളില്‍ എത്തിക്കഴിയുമ്പോള്‍ പ്രധാന വള്ളിയുടെ അഗ്രം മുറിച്ചുനീക്കുന്നത്‌ ഉപശാഖകളുടെ വളര്‍ച്ചയ്‌ക്ക്‌ നല്ലതാണ്‌. അടുത്ത വര്‍ഷം കൂടുതല്‍ ഉൽപ്പാദനമുണ്ടാക്കാന്‍ പ്രൂണിംഗ് സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home