Deshabhimani

പാലക്കാട്‌ ബിജെപിയിൽ 
നേതൃത്വത്തിനെതിരെ ഭിന്നത പുറത്ത്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 13, 2024, 11:50 PM | 0 min read

പാലക്കാട്‌

പണം തട്ടിപ്പും ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും ബിജെപിയിൽ ചർച്ച മുറുകിയതോടെ നേതൃത്വത്തിനെതിരായ ഭിന്നത മറനീക്കുന്നു. നേരത്തേ അടക്കിപ്പിടിച്ച വിമർശനങ്ങളാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ എല്ലാം തുറന്നുപറഞ്ഞു തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പണംതട്ടിപ്പ്‌ വാർത്തയായതോടെ അത്‌ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്ന നേതാക്കളുടെ എണ്ണവും കൂടി. സേവ്‌ ബിജെപി ഫോറം രൂപീകരിച്ച്‌ സമാന്തര കമ്മിറ്റികളായി പ്രവർത്തിക്കുന്നവർക്കൊപ്പം അറിയപ്പെടുന്ന നേതാക്കളും എത്തിത്തുടങ്ങി. ഇത്‌ വിമതർക്ക്‌ കരുത്ത്‌ കൂട്ടുകയാണ്‌. കഴിഞ്ഞദിവസം പാലക്കാട്‌ നഗരസഭയിലെ മുൻ കൗൺസിലറും ബിജെപി നേതാവുമായ എസ്‌ പി അച്യുതാനന്ദന്റെ വീടാക്രമിച്ച സംഭവത്തിൽ പൊലീസ്‌ പിടികൂടിയ പ്രതികളെല്ലാം ബിജെപി പ്രവർത്തകരാണെന്നതാണ്‌ അണികളിൽ നേതൃത്വത്തിനെതിരെ നിലപാട്‌ കടുപ്പിക്കാൻ കാരണം. പണംതട്ടിപ്പ്‌ വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ശോഭ സുരേന്ദ്രനെ പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌ത നേതാവാണ്‌ അച്യുതാനന്ദൻ. ഇദ്ദേഹത്തിന്റെ വീടാക്രമിച്ചവർക്ക്‌ പാർടിയുമായി ബന്ധമില്ലെന്ന നിലപാടായിരുന്നു ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസിന്‌. എന്നാൽ, പാലക്കാട്‌ സൗത്ത്‌ പൊലീസ്‌ പിടികൂടിയ നാലുപേരും അറിയപ്പെടുന്ന ബിജെപി പ്രവർത്തകരാണ്‌. ജില്ലയിലെ മുതിർന്ന നേതാവും മുൻ കൗൺസിലറുമായ ഒരാളിന്റെ വീടും കാറും തകർത്തിട്ടും നേതൃത്വത്തിൽനിന്ന്‌ ഒരാൾപോലും ഇവിടേക്ക്‌ തിരിഞ്ഞുനോക്കിയില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട ശോഭ സുരേന്ദ്രൻ അപ്പോൾതന്നെ അച്യുതാനന്ദനെ വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കുകയും പ്രതികളെ ഉടൻ പിടികൂടണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തുവെന്ന്‌ അദ്ദേഹംതന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാർടിക്കാർതന്നെയാണ്‌ വീടാക്രമിച്ചതെന്ന്‌ ബോധ്യമുള്ളതിനാലാണ്‌ ജില്ലയിലെ ഒരു നേതാവും തിരിഞ്ഞുനോക്കാതിരുന്നതെന്നാണ്‌ അച്യുതാനന്ദൻ പറയുന്നത്‌. നേരത്തേയും അച്യുതാനന്ദന്റെ വീട്‌ ആക്രമിച്ചിരുന്നു. നഗരസഭയിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ അച്യുതാനന്ദന്റെ  വോട്ട്‌ അസാധുവായതിനെത്തുടർന്നായിരുന്നു ആക്രമണം. ആ കേസിൽ തുടർനടപടി വേണ്ടെന്ന്‌ അന്ന്‌ നിലപാടെടുത്തിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവത്തിൽ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന നിലപാടാണുള്ളതെന്നും അച്യുതാനന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home