അതിർത്തി കടന്നെത്തിയ പാലടമധുരം

പാലക്കാട്
മലപ്പുറത്തുനിന്ന് അതിർത്തികടന്ന് പാലക്കാട്ടേക്ക് പാലടയെത്തിച്ചപ്പോൾ അത് ക്ലിക്കാകുമെന്നോ, ജീവിതം പായസംപോലെ മധുരിക്കുമെന്നോ അബ്ദുൽ നാസർ കരുതിയില്ല. ഇന്ന് പടർന്നു പന്തലിച്ച് ഇരുപതോളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന സംരംഭമാണ് മലപ്പുറം വണ്ടൂർ സ്വദേശി അബ്ദുൽ നാസറിന്റെ ‘കുക്കു താനൂർ പായസം’. വിൽക്കുന്നത് പായസമാണെങ്കിലും അത്രമധുരിക്കുന്ന ജീവിതകഥയല്ല നാസറിന്റേത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ്. നാട്ടുകാരും വീട്ടുകാരുമെല്ലാം അന്വേഷിച്ചെങ്കിലും നാസറിനെ കണ്ടുകിട്ടിയില്ല. പല ഹോട്ടലുകളിലും പണിയെടുത്ത് പാചകം പഠിച്ചു. ഇന്ദിരാഗാന്‌ധി വെടിയേറ്റു മരിച്ചപ്പോൾ പാലക്കാടിന്റെ പലഭാഗത്തും പ്രതിഷേധമുണ്ടായി. കടകളെല്ലാം അടച്ചു. ടൗൺ റെയിൽവേ സ്‌റ്റേഷനടുത്തെ ഹോട്ടലിൽ പണിയെടുത്തിരുന്ന അബ്‌ദുൾ നാസറിനും ജേലിപോയി. പേടിച്ചാണ് പാലക്കാടുനിന്ന് പോയത്. പിന്നെ നാട്ടിലെത്തിയശേഷം പായസക്കച്ചവടമായാലോ എന്ന ചിന്ത വന്നു. സർക്കാരിന്റെ മേളകളിൽ മാത്രമായിരുന്നു വിൽപ്പന. കോവിഡ് കാലത്ത് അതും പൊളിഞ്ഞു. ഒപ്പംനിന്നവർക്ക് കൂലിപോലും നൽകാനില്ലാത്ത അവസ്ഥ. പക്ഷെ തളർന്നില്ല. ഒരുവർഷംമുമ്പ് വിൽപ്പന രീതി മാറ്റിപ്പിടിച്ചു. കച്ചവടം വഴിയോരങ്ങളിലായി. തരക്കേടില്ലാത്ത കച്ചവടമായപ്പോൾ പാലക്കാടും വിൽപ്പന ആരംഭിച്ചു. പിന്നീട് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇന്ന് നാലു ജില്ലയിൽ കുക്കൂ എന്ന ബ്രാൻഡ് നെയിമിൽ പായസമെത്തും. ആവശ്യക്കാരുമേറെ. ശരാശരി 15 ലിറ്റർ വരെ കച്ചവടം നടക്കും. പാലട, മുളയരി, അട, ഡ്രൈ ഫ്രൂട്‌സ് തുടങ്ങി മുപ്പതോളം ഇനങ്ങളിൽ പായസം തയ്യാറാക്കുന്നുണ്ട്. ജില്ലയിൽ എൻഎംആർ ഹോട്ടൽ, പാലന ആശുപത്രി എന്നിവയ്‌ക്കു സമീപം, പുതുശേരി, മാട്ടുമന്ത എന്നിവിടങ്ങളിലാണ് പ്രധാന വിൽപ്പന കേന്ദ്രങ്ങൾ. വിവാഹം, പിറന്നാൾ സൽക്കാരങ്ങൾ എന്നിവയ്ക്കായി പായസം വേണമെന്ന ആവശ്യവുമായി സമീപിക്കുന്നവരുണ്ട്. ജില്ലയിൽ പ്രധാനമായും പാലടയാണ് വിൽപ്പന. ഒരു ലിറ്ററിന് 220രൂപ, അര ലിറ്റർ 140, കപ്പിലാണെങ്കിൽ 30 എന്നിങ്ങനെയാണ് നിരക്ക്.









0 comments