തെരഞ്ഞെടുപ്പ് ഫണ്ട് മുക്കൽ ബിജെപിയിൽ ഗ്രൂപ്പുവഴക്ക് രൂക്ഷം

പ്രത്യേക ലേഖകൻ
പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് മുക്കിയ വാർത്ത പുറത്തുവന്നതോടെ ബിജെപിക്കുള്ളിലെ തമ്മിലടി രൂക്ഷമാകുന്നു. നേതാക്കളുടെ വീട് ആക്രമിക്കുന്ന നിലയിലേക്കുവരെ സ്ഥിതിയെത്തി. സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്യുന്ന രീതിയിൽനിന്നുമാറി ക്വട്ടേഷൻ സംഘങ്ങളെ രംഗത്തിറക്കിയാണ് നിലവിൽ ബിജെപിയിലെ ഗ്രൂപ്പുപോര്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫണ്ട് മുക്കിയെന്ന വാർത്തയും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന പോസ്‌റ്റും സമൂഹമാധ്യമത്തിൽ പങ്കുവച്ച നഗരസഭയിലെ മുൻ ബിജെപി കൗൺസിലർ എസ് പി അച്യുതാനന്ദന്റെ വീടാണ് ഗുണ്ടാസംഘം അടിച്ചുതകർത്തത്. സമൂഹമാധ്യമത്തിൽ ചില പോസ്‌റ്റുകൾ പങ്കുവച്ചതിലുള്ള വിരോധമായിരിക്കാം തന്റെ വീട് ആക്രമിക്കാൻ കാരണമെന്ന് അച്യുതാനന്ദൻ സംശയിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വെള്ളിയാഴ്‌ച രാവിലെ അച്യുതാനന്ദന്റെ വീട്ടിലെത്തി തെളിവെടുത്തു. വീടിന്റെ ജനൽച്ചില്ലും കാറും അക്രമികൾ തകർത്തിട്ടുണ്ട്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കാറിലും ബൈക്കിലുമായെത്തിയവരാണ് വീട് ആക്രമിച്ചതെന്ന് അച്യുതാനന്ദൻ മൊഴിനൽകിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നയാളുടെ ഗുണ്ടാസംഘമായിരിക്കാം അക്രമത്തിന് പിന്നിലെന്ന് എതിർവിഭാഗം സംശയിക്കുന്നു. കെ സുരേന്ദ്രൻ –- വി മുരളീധര പക്ഷത്തിനെതിരെ വലിയ വിഭാഗം പാലക്കാട്ടും രംഗത്തുണ്ട്. ഔദ്യോഗിക പക്ഷമായ ഇവർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ പാർടിയിൽനിന്ന് പുറത്താകുമെന്ന ഭയവുമുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയത് സംസ്ഥാന ബിജെപിയിൽത്തന്നെ വലിയ പൊട്ടിത്തെറിക്ക് വഴിവച്ചിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തിനെതിരെ കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ നിലപാട് കടുപ്പിച്ചത് ഫണ്ട് മുക്കിയെന്ന വസ്‌തുത പുറത്തുവന്നതോടെയാണെന്നും സൂചനയുണ്ട്.









0 comments