ഏയ്‌ഞ്ചലിനാണ് ബാലയുടെ മധുരക്കാപ്പി

ബിമൽ പേരയം
പാലക്കാട്
അതിരാവിലെ ഭർത്താവ് രാജയുമൊത്ത് തേയിലത്തോട്ടത്തിലേക്ക് ഇല നുള്ളാൻ പോകുമ്പോൾ മകളെ പഠിപ്പിച്ച് മിടുമിടുക്കിയാക്കണമെന്ന മോഹമാണ് ബാലയുടെ മനസ്സുനിറയെ. തേനിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർഥിയാണ് മകൾ ദർശന ഏയ്‌ഞ്ചൽ. നന്നായി പഠിക്കും. വാർഷിക ഫീസ് 60,000 രൂപയാണ്. അത് കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഇവർ. ജോലികഴിഞ്ഞുള്ള സമയങ്ങളിൽ കാരപ്പാറ തൂക്കുപാലത്തിനുസമീപം ശർക്കര കാപ്പി വിൽക്കും. ‘‘പ്രൊഫഷണൽ കോഴ്‌സ് പഠിപ്പിച്ച് അവളെ വലിയ നിലയിലാക്കണം, അതിനാണ് ഈ കഷ്ടപ്പാട്’’–- ബാല പറഞ്ഞു. അച്ഛനും അമ്മയും മരിച്ചശേഷമാണ് രാജയോടൊപ്പം ബാല നെല്ലിയാമ്പതിയിലെത്തിയത്. ഡൽഹി സ്വദേശിയുടെ കൈരളി തേയിലത്തോട്ടത്തിലെ മാനേജരുടെ ഡ്രൈവറായിരുന്നു അച്ഛൻ. മുപ്പത്തിമൂന്നുകാരിയായ ബാല പെരിയകുളം ജയരാജ് അണ്ണപാക്യം ക്രിസ്‌ത്യൻ കോളേജിൽനിന്ന് തമിഴ്‌സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട്. പിജിഡിസിഎയും പഠിച്ചു. കഴിഞ്ഞമാസം നാട്ടിൽ ആശുപത്രിയിലേക്ക് അഭിമുഖത്തിൽ പങ്കെടുക്കാനും പോയി. തമിഴ്‌നാട്ടിൽ ഉദ്യോഗത്തിനായി നിരവധി പരീക്ഷ എഴുതിയെങ്കിലും ഫലമൊന്നും വന്നില്ല. പ്രതീക്ഷയുണ്ട്. ജീവിത പ്രാരബ്-ധത്തോടൊപ്പം മകളുടെ ഭാവിജീവിതം സ്വപ്‌നം കണ്ടാണ് മല കയറിയത്. ഒരു വർഷമായി ഇവിടെ താൽക്കാലിക തൊഴിലാളിയാണ്. വിശേഷദിവസങ്ങളിലേ നാട്ടിലേക്ക് പോകാറുള്ളൂ. അവധിക്കാലത്ത് മകളെ ഇവിടേക്ക് കൊണ്ടുവരും. ദിവസവും വിളിക്കും. റേഞ്ച് കിട്ടാത്തതിനാൽ പ്രയാസപ്പെട്ടാണ് വീട്ടിലേക്കുള്ള വിളി. ചിലപ്പോഴൊക്കെ ഏഴു വയസ്സുകാരി അമ്മയെ വിളിച്ചു കരയാറുണ്ട്. കാണാതിരിക്കുമ്പോൾ സങ്കടം നിറയുമെങ്കിലും അവൾക്കുവേണ്ടിയല്ലേ എന്ന ചിന്തയിൽ സമാശ്വസിക്കും. തോട്ടത്തിൽ 15 ദിവസം പണിയുണ്ടാകും. വൈകിട്ട് നാലുവരെനിന്ന് 60 കിലോ കൊളുന്ത് നുള്ളണം. 470 രൂപയാണ് കൂലി. സ്‌കൂളിലെ വാർഷിക ഫീസിൽ 20,000 രൂപ സ്‌കൂൾ ബസിന് നൽകണം. ഇതു കണ്ടെത്താനാണ് കഷ്‌ടപ്പെടുന്നത്. ഓരോ മധുരക്കാപ്പിയും മകൾക്കുവേണ്ടിയാണ്. അവധിദിവസങ്ങളിൽ അമ്പതോളം കാപ്പി ചെലവാകുമെന്നും ബാല പറഞ്ഞു.









0 comments