പരിചരണത്തിനും കൈത്താങ്ങ്

പാലക്കാട് ഭിന്നശേഷി വിഭാഗക്കാർക്ക് സഹായിയായി നിൽക്കേണ്ട അവസ്ഥയിൽ മറ്റുജോലികൾക്ക് പോകാൻ കഴിയാത്തവർക്ക് സ്വയംതൊഴിലിനായി സാമൂഹ്യനീതിവകുപ്പിന്റെ സ്വാശ്രയ -സ്വയംതൊഴിൽ ധനസഹായപദ്ധതിയിൽ അപേക്ഷിക്കാം. മാതാവോ പിതാവോ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 50 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിത്വമുള്ളവരെ പരിചരിക്കാൻ മുഴുവൻ സമയം ചെലവഴിക്കേണ്ട അവസ്ഥയിലുള്ളവർക്കായാണ് പദ്ധതി. 35,000 രൂപയാണ് ഒറ്റത്തവണയായി ലഭിക്കുക. അനുയോജ്യമായ സ്ഥലത്ത് സ്വയംതൊഴിൽ ആരംഭിക്കാം. പണം തിരിച്ചടയ്ക്കേണ്ടതില്ല. മാതാവിനോ പിതാവിനോ ശാരീരിക മാനസിക വെല്ലുവിളികൾ കാരണം ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലും പദ്ധതിയിൽ അപേക്ഷിക്കാം. ഭിന്നശേഷിത്വം കാരണം പുറത്തുപോയി ജോലി ചെയ്യാൻ കഴിയാത്ത 50 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും അപേക്ഷ നൽകാം. ഒരു വീട്ടിൽ തന്നെ ഒന്നിൽ കൂടുതൽ ഭിന്നശേഷിക്കാരുള്ളപക്ഷം ഏതെങ്കിലും ഒരാൾക്ക് 40ശതമാനത്തിൽ കൂടുതൽ ഭിന്നശേഷി ഉണ്ടെങ്കിൽ അത്തരം കുടുംബങ്ങൾക്കും സ്വയംതൊഴിലിനായി സ്വാശ്രയ പദ്ധതി പ്രകാരം സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd. kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. ദാരിദ്രരേഖയുടെയും തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്വയംതൊഴിലിന്റെയും വിവരങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0491 2505791.









0 comments