മണ്ണ് തരാം, സുരക്ഷവേണം; ട്രംപിനോട് സെലൻസ്‌കി

കീവ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്‌ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ച വൻ വാക്‌പോരിനും കലഹത്തിനും വഴിവച്ചതിന് പിന്നാലെ അമേരിക്കയുമായി ധാതു കരാറിൽ ഒപ്പിടാൻ തയ്യാറാണെന്നും പകരം സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പുവേണമെന്നും ഉക്രയ്‌ൻ പ്രസിഡന്റ് വ്ളോദിമര്‍ സെലൻസ്‌കി പറഞ്ഞു.
വൈറ്റ് ഹൗസിലെ കൂടിക്കാഴ്‌ചയിൽ ട്രംപ് അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നാലെ സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സെലൻസ്‌കിയുടെ പ്രതികരണം. ‘‘ധാതു കരാറിൽ ഒപ്പിടാൻ ഉക്രയ്ന്‍ തയ്യാറാണ്. അത് സുരക്ഷാ ഉറപ്പാക്കാനുള്ള ആദ്യ ചുവടുവെപ്പാകണം. എന്നാൽ ഇത് പര്യാപ്തമല്ല. സുരക്ഷാ ഉറപ്പുകളില്ലാത്ത വെടിനിർത്തൽ ഉക്രയ്‌ന് അപകടകരമാണ്. ഞങ്ങൾ മൂന്നുവർഷമായി പോരാടുകയാണ്. അമേരിക്ക ഞങ്ങളുടെ പക്ഷത്താണെന്ന് ഉക്രയ്‌ൻ ജനതയ്‌ക്ക് ബോധ്യപ്പെടേണ്ടതുണ്ട്’–- സെലൻസ്‌കി എക്‌സിൽ കുറിച്ചു. ഉക്രയ്‌ന് അമേരിക്ക നൽകുന്ന പിന്തുണയ്‌ക്ക് നന്ദിയുണ്ടെന്നും സെലൻസ്‌കി പറഞ്ഞു. ഉക്രയ്‌ൻ ജനത ഈ പിന്തുണയെ എപ്പോഴും വിലമതിച്ചിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് വർഷത്തെ പൂർണതോതിലുള്ള അധിനിവേശത്തിനിടെയുള്ള പിന്തുണ.
അമേരിക്കയുടെ സഹായം ഉക്രയ്‌നെ അതിജീവിക്കാൻ സഹായിക്കുന്നതിൽ നിർണായകമാണ്. കഠിനമായ സംഭാഷണങ്ങൾക്കിടയിലും ഞങ്ങൾ തന്ത്രപരമായ പങ്കാളികളായി തുടരുന്നെന്നും സെലൻസ്‌കി പറഞ്ഞു. അമേരിക്ക ചെയ്യുന്നതിനൊക്കെ ഉക്രയ്ന് നന്ദിയുണ്ടോയെന്ന് കൂടിക്കാഴ്‌ചക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സെലന്‍സ്‌കിയോട് ചോദിച്ചിരുന്നു. യുഎസ് പടക്കോപ്പുകളും മറ്റും നല്‍കുന്നതിന് പകരം ഉക്രയ്നിലെ ധാതു സമ്പത്തിന്റെ പകുതി വേണമെന്നാണ് ട്രംപിന്റെ ആവശ്യം. ഇതിന് വഴങ്ങാത്ത സെലന്‍സ്‌കിയെ ട്രംപ് പരസ്യമായി തള്ളിപ്പറഞ്ഞു. പിന്നാലെ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനും കരാര്‍ ഒപ്പിടാനും വൈറ്റ്ഹൗസില്‍ നടത്തിയ ചര്‍ച്ചയാണ് ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള പരസ്യ വിഴുപ്പലക്കില്‍ കലാശിച്ചത്.
വൈറ്റ്‌ഹൗസിൽ വാക്പോര്
വാഷിങ്‌ടൺ : വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ പരസ്പരം തര്‍ക്കിക്കുന്നതാണ് കഴിഞ്ഞദിവസം ലോകമാധ്യമങ്ങള്‍ തത്സമയം കണ്ടത്. ഉക്രയ്നിലെ അമേരിക്കൻ പിന്തുണയ്ക്ക് വേണ്ടത്ര നന്ദി പ്രകടിപ്പിച്ചില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ട്രംപ് സെലന്‍സ്കിയെ നേരിട്ടത്. വെടിനിർത്തലിനായി റഷ്യയോട് വിട്ടുവീഴ്‌ച ചെയ്യണമെന്ന് ട്രംപ് സൂചിപ്പിച്ചപ്പോള്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു സെലന്‍സ്കി. "നിങ്ങൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ കൊണ്ടാണ് പന്താട്ടം നടത്തുന്നത്. നിങ്ങൾ മൂന്നാം ലോകയുദ്ധവുമായി ചൂതാട്ടം നടത്തുകയാണ്."എന്ന് ട്രംപ് ശബ്ദമുയര്‍ത്തി പറഞ്ഞു. സെലെൻസ്‌കി അമേരിക്കയോട് അനാദരവ് കാട്ടിയെന്ന് ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. അപമാനിക്കപ്പെട്ടെന്ന് മനസിലാക്കിയ സെലന്‍സ്കി വൈറ്റ്‌ഹൗസിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും ധാതുകൈമാറ്റ കരാറില്‍ ഒപ്പുവയ്ക്കാന്‍ കൂട്ടാക്കാത്ത സെലന്‍സ്കിയുടെ നിലപാട് ട്രംപിനും കൂട്ടര്‍ക്കും നാണക്കേടായി.
സെലൻസ്‌കി ബ്രിട്ടനിൽ
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കയ്‌ർ സ്റ്റാമറുമായി ഉക്രയ്‌ൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്‌കി കൂടിക്കാഴ്‌ച നടത്തും. ട്രംപുമായി വൈറ്റ്‌ഹൗസിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ സെലൻസ്‌കി ബ്രിട്ടനിലെത്തി. യൂറോപ്യൻ നേതാക്കളാകെ ഉക്രയ്‌ന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബ്രിട്ടന്റെ പിന്തുണ തേടിയാണ് സ്റ്റാമറുമായി സെലൻസ്‌കി കൂടിക്കാഴ്‌ചയ്‌ക്ക് ഒരുങ്ങുനന്നത്. ഉക്രയ്‌ൻ–-റഷ്യ യുദ്ധം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി സ്റ്റാമർ ഞായറാഴ്‌ച യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടി വിളിച്ചിട്ടുണ്ട്.
സെലൻസ്‌കിയെ പിന്തുണച്ച് യൂറോപ്പ്
ബർലിൻ : ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ച രൂക്ഷമായ വാക്പോരില്‍ കലാശിച്ചതിന് പിന്നാലെ സെലൻസ്‌കിക്ക് പിന്തുണയറിയിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍. പരീക്ഷണഘട്ടത്തിൽ ഉക്രയ്‌നൊപ്പം നിൽക്കുമെന്ന് നിയുക്ത ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പ്രതികരിച്ചു. സ്ഥാനമൊഴിയുന്ന ചാൻസലർ ഒലാഫ് ഷോള്‍സും ഉക്രയ്‌നെ പിന്തുണച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഉക്രയ്‌നെ പിന്തുണച്ചു. ഉക്രയ്‌ൻ ജനത പൂർണനിലയിലുള്ള സമാധാനം കൈവരിക്കും വരെ അവർക്കൊപ്പം നിലകൊള്ളുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും സെലൻസ്‌കിക്ക് പിന്തുണയുമായെത്തി. പോളണ്ട്, അയര്‍ലന്‍ഡ്, സ്വീഡന്‍, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും പിന്തുണ അറിയിച്ചു.









0 comments