ഇസ്രയേല്‍ ആണവകേന്ദ്ര മേഖലയിലേക്ക് ഹൂതി ഡ്രോണ്‍

Drone attack

Image: X

avatar
അനസ് യാസിന്‍

Published on Sep 09, 2025, 08:50 PM | 1 min read

മനാമ: റമോണ്‍ വിമാന താവളത്തിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെ ആണവ കേന്ദ്രമടക്കം തന്ത്രപ്രധാന മേഖലകളിളെ ലക്ഷ്യമിട്ട് യമനിലെ ഹൂതി മിലിഷ്യയുടെ ഡ്രോണ്‍ ആക്രമണം. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം, തെക്കന്‍ ഇസ്രയേലിലെ റമോണ്‍ വിമാനത്താവളം, നെഗേവ് മേഖലയിലെ ഡിമോണ എന്നിവയെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. ഇസ്രയേലിലെ പ്രധാന ആണവ കേന്ദ്രം സ്ഥിതിചെയ്യുന്നത് ഡിമോണയിലാണ്. ആക്രമണ ഭീതിയില്‍ ഡിമോണ ന്യൂക്ലിയര്‍ റിയാക്ടര്‍ പരിസരത്ത് വ്യോമാക്രമണ സൈറണ്‍ മുഴങ്ങി.


തിങ്കളാഴ്ച വൈകീട്ട് മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് തന്ത്രപ്രധാനമായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്ന് ഹൂതി മിലിഷ്യ വക്താവ് യഹിയ സാരി അല്‍ മാസിറ ടിവിയില്‍ പറഞ്ഞു. സയണിസ്റ്റ് ശത്രുക്കള്‍ ഗാസയില്‍ നടത്തുന്ന വംശഹത്യക്കും പട്ടിണിക്കുമെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാണിതെന്നും ആക്രമണം അവസാനിക്കുകയും ഉപരോധം നീക്കുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.


ഡിമോണ ആണവ കേന്ദ്രത്തിന് സമീപം യെമനില്‍ നിന്നുള്ള മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. നെഗേവില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴക്കിയതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.


അജ്ഞാത ഡ്രോണ്‍ നുഴഞ്ഞുകയറിയതിനെത്തുടര്‍ന്ന് നെഗെവ് മേഖലയിലെ ഡിമോണ ആണവ കേന്ദ്രത്തിന് സമീപം സൈറണുകള്‍ മുഴങ്ങിയതായി ഹാരെറ്റ്‌സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. റമോണ്‍ വിമാനത്താവളത്തിന് സമീപം മറ്റൊരു ഡ്രോണ്‍ തടഞ്ഞതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.


ഞായറാഴ്ച റമോണ്‍, ബെന്‍ ഗുരിയോണ്‍ വിമാനത്താവളങ്ങള്‍, അഷ്‌കലോണ്‍, അഷ്‌ദോദ്, നെഗേവ്, എയ്‌ലറ്റ് എന്നിങ്ങനെ ഇസ്രായേലിലെ എട്ട് തന്ത്രപ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ റമോണ്‍ വിമാനത്താവള ടെര്‍മിനലില്‍ ഡ്രോണ്‍ പതിച്ച് വന്‍ നാശനഷ്ടം നേരിട്ടു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യോമഗതാഗതം രണ്ടു മണിക്കുര്‍ പൂര്‍ണമായി തടസ്സപ്പെടുകയും ചെയ്തു. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണിത്. ഞായറാഴ്ച റമോണ്‍ വിമാനത്താവളത്തില്‍ പതിച്ച ഡ്രോണ്‍ തടയാന്‍ ഇസ്രായേല്‍, അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ എയ്‌ലറ്റ് തുറമുഖം നിശ്ചലമായതും സാമ്പത്തികമായി വലിയ പ്രഹരമേല്‍പ്പിച്ചതായും എയ്‌ലറ്റ് മേയര്‍ എലി ലാന്‍ക്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home