യെമനിൽ കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു; 68 മരണം, 74 പേരെ കാണാനില്ല

PHOTO: Facebook
സന: യെമൻ തീരത്ത് കുടിയേറ്റ തൊഴിലാളികളുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 68 മരണം. അപകടത്തിൽപ്പെട്ട 74 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 154 എത്യോപൻ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് ഞായറാഴ്ച പുലർച്ചെ തെക്കൻ യെമൻ പ്രവിശ്യയായ അബ്യാന് സമീപമുള്ള ഏദൻ ഉൾക്കടലിലാണ് മുങ്ങിയതെന്ന് രാജ്യത്തെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻ മേധാവി(ഐഒഎം) അബ്ദുസത്തർ എസോയേവ് അറിയിച്ചു. അപകടത്തിൽപ്പെട്ട 12 പേരെ രക്ഷിക്കാൻ സാധിച്ചു. മരിച്ച 54 പേരുടെ മൃതദേഹം യെമനിലെ ഖാൻഫാർ ജില്ലയിലുള്ള കരയിലേക്ക് അടുക്കുകയായിരുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ സമീപമുള്ള ആശുപത്രികളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്.- എസോയേവ് കൂട്ടിച്ചേർത്തു.
അപകടത്തെ തുടർന്ന് കടലിൽ വ്യാപകമായി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അബ്യാനിലെ സെക്യൂരിറ്റി ഏജൻസികൾ അറിയിച്ചു. തീരപ്രദേശത്തിന്റെ ഒരു ഭാഗത്ത് ചിതറിക്കിടക്കുന്ന രീതിയിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.









0 comments