വിദ്യാർത്ഥിനിയെ എപ്‌സ്റ്റീന് ശുപാർശ ചെയ്തു; യേൽ സർവ്വകലാശാല പ്രൊഫസർക്കെതിരെ നടപടി

ന്യൂഹാവൻ: ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീന് ഒരു വിദ്യാർത്ഥിനിയെ ജോലിക്കായി ശുപാർശ ചെയ്ത സംഭവത്തിൽ പ്രശസ്തനായ യേൽ സർവ്വകലാശാല പ്രൊഫസർക്കെതിരെ നടപടി.
കമ്പ്യൂട്ടർ സയൻസ് പ്രൊഫസറായ ഡേവിഡ് ഗെലേന്റർ ആണ് വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൽ സർവ്വകലാശാല അന്വേഷണം പ്രഖ്യാപിക്കുകയും പ്രൊഫസറെ അധ്യാപന ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിലാണ് പ്രൊഫസറുടെ ഇമെയിൽ സന്ദേശം കണ്ടെത്തിയത്. 2011-ൽ അയച്ച ഇമെയിലിൽ, തന്റെ കീഴിലുള്ള ഒരു ബിരുദ വിദ്യാർത്ഥിനിയെ എപ്‌സ്റ്റീന്റെ സ്വകാര്യ ബാങ്കിൽ ജോലിക്ക് ശുപാർശ ചെയ്യുമ്പോൾ അതിസുന്ദരിയായ ഒരു പെൺകുട്ടി എന്നാണ് ഗെലേന്റർ വിശേഷിപ്പിച്ചത്.
എപ്‌സ്റ്റീന് പെൺകുട്ടികളോടുള്ള താൽപ്പര്യം മുൻനിർത്തിയാണ് താൻ അത്തരമൊരു വിശേഷണം നൽകിയതെന്ന് പ്രൊഫസർ ന്യായീകരിച്ചു. താൻ അയച്ച കുറിപ്പിൽ തെറ്റൊന്നുമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
പ്രൊഫസറുടെ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് യേൽ സർവ്വകലാശാല പ്രസ്താവനയിൽ പറഞ്ഞു. ശുപാർശ കത്തുകൾ നൽകേണ്ട രീതി ഇതല്ലെന്നും സംഭവത്തിൽ ഗൗരവകരമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പ്രൊഫസർ ഇമെയിൽ അയക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ എപ്‌സ്റ്റീൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയായിരുന്നു.
എന്നാൽ അന്നത്തെ കാലത്ത് ഇയാളെക്കുറിച്ച് തനിക്കോ വിദ്യാർത്ഥിനിക്കോ അറിവുണ്ടായിരുന്നില്ലെന്നാണ് പ്രൊഫസറുടെ മറ്റൊരു വാദം. എപ്‌സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള പ്രമുഖർ നിഴലിലായതിന്റെ തുടർച്ചയായാണ് ഗെലേന്ററും ഇപ്പോൾ നടപടി നേരിടുന്നത്.










0 comments