ad
Deshabhimani

പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണം- ഓര്‍മ്മപ്പെടുത്തലുമായി ഷി ജിൻപിങ്

Xi

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.ചിത്രം കടപ്പാട്; Xinhua/Huang Jingwen

വെബ് ഡെസ്ക്

Published on Apr 14, 2026, 04:48 PM | 1 min read

ബീജിംഗ്: പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലുമുള്ള രാജ്യങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സുരക്ഷയും പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതികരണം.


അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന ആക്രമണത്തിനും തുടര്‍ സംഘര്‍ഷങ്ങൾക്കും ഇടയിൽ, ഈ പ്രശ്നത്തിൽ ആദ്യമായാണ് ഷി ജിൻപിംങ് പരസ്യമായി പ്രതികരിക്കുന്നത്.


സുരക്ഷാ ചട്ടക്കൂട്


പശ്ചിമേഷ്യൻ-ഗൾഫ് മേഖലയ്ക്കായി പൊതുവായതും സഹകരിച്ചുള്ളതും സുസ്ഥിരവുമായ ഒരു പുതിയ സുരക്ഷാ ചട്ടക്കൂട് (Security Architecture) കെട്ടിപ്പടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. വെസ്റ്റ് ഏഷ്യയ്ക്കും ഗൾഫ് മേഖലയ്ക്കുമായി ഒരു പരസ്പര ധാരണ പ്രകാരമുള്ളതും സമഗ്രവും സഹകരണപരവും സുസ്ഥിരവുമായ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനും ആഹ്വാനം നൽകി.


അമേരിക്ക, ഇസ്രയേൽ അധിനിവേശ ശ്രമങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട്, ലോകം കാട്ടുനീതിയിലേക്ക് തിരിച്ചുപോകാതിരിക്കാൻ അന്താരാഷ്ട്ര നിയമവാഴ്ചയുടെ അധികാരം ഉയർത്തിപ്പിടിക്കണമെന്ന് ഓർമ്മിപ്പിച്ചു.


വികസനവും സുരക്ഷയും തമ്മിൽ ഏകോപനം വേണമെന്നും, മേഖലയിലെ രാജ്യങ്ങളുടെ വികസനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാ കക്ഷികളും ഒത്തുചേരണമെന്നും ഷി ആവശ്യപ്പെട്ടു.


ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി


ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരെയും ചൈന പ്രതികരിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിന് സുപ്രധാനമായ ഈ പാതയിലൂടെ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ഇതിനിടെ ആവശ്യപ്പെട്ടു.


"ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾക്ക് കാരണം സൈനിക നീക്കങ്ങളാണ്. പ്രശ്നപരിഹാരത്തിന് സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം," അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ചൈന ഇതിനായി ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നും കൂട്ടിച്ചേർത്തു.

സംഘർഷം ആരംഭിച്ചതിനുശേഷം ചൈന സന്ദർശിക്കുന്ന ആദ്യത്തെ പശ്ചിമേഷ്യൻ നേതാവാണ് അബുദാബി കിരീടാവകാശി. ഈ സന്ദർശനം മേഖലയിലെ സമാധാന ശ്രമങ്ങളിൽ നിർണ്ണായകമായാണ് വിലയിരുത്തപ്പെടുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home