യുഎസ് വീണ്ടും ആക്രമിച്ചാൽ മിസൈൽ മഴ പെയ്യും; കടുത്ത മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: തങ്ങൾക്കെതിരെ അമേരിക്ക വീണ്ടും സൈനിക നടപടികൾക്ക് മുതിർന്നാൽ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുമെന്ന് ഇറാൻ. ഇറാന്റെ പരമോന്നത നേതാവിന്റെ സൈനിക ഉപദേശകൻ മൊഹ്‌സിൻ റെസായിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള മിസൈൽ പോര് രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ കടുത്ത മുന്നറിയിപ്പ്. അമേരിക്ക നടത്തുന്ന ഓരോ ആക്രമണത്തിനും ഇറാന്റെ ഭാഗത്തുനിന്നുള്ള മറുപടി മിസൈലുകളുടെയും ഡ്രോണുകളുടെയും വൻ പ്രവാഹമായിരിക്കുമെന്ന് മൊഹ്‌സിൻ റെസായ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ആക്രമണം നടത്തുന്ന ശത്രുക്കളെ ഇറാൻ ഉടനടി ശിക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ എണ്ണക്കപ്പലിന് നേരെയും ഖേഷ്ം ദ്വീപിന് നേരെയും യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കൻ ആക്രമണത്തിന് പ്രതികാരമായി കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വിമാന സർവീസുകൾ വഴിതിരിച്ചുവിടേണ്ടി വരികയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, കുവൈറ്റിനും ബഹ്റൈനും നേരെ ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ തങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി യുഎസ് സൈന്യം അവകാശപ്പെട്ടു.
എന്നാൽ തങ്ങളെ ആക്രമിക്കാൻ തങ്ങളുടെ വ്യോമാതിർത്തിയോ ഭൂമിയോ ഉപയോഗിക്കാൻ യുഎസിനെ അനുവദിക്കുന്ന അയൽരാജ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യുഎസ് സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകുന്ന കുവൈറ്റ്, ബഹ്റൈൻ ഭരണാധികാരികൾക്ക് തന്നെയാണ് ഈ നാശനഷ്ടങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തമെന്നും ഇറാൻ ആരോപിച്ചു.










0 comments