ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ വിമാനം തകർന്നു വീണു; റൺവേയിൽ തീപിടിച്ച് സ്ഫോടനം, പൈലറ്റും കോ-പൈലറ്റും മരിച്ചു

സാന്റോ ഡൊമിംഗോ: കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സ്വകാര്യ ജെറ്റ് വിമാനം അടിയന്തിര ലാൻഡിംഗിനിടെ തകർന്നുവീണു. റൺവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം നിമിഷങ്ങൾക്കകം വൻ അഗ്നിഗോളമായി മാറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോ-പൈലറ്റും തൽക്ഷണം മരിച്ചു. കിഴക്കൻ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ലാ റൊമാന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുരന്തമുണ്ടായത്.
യുഎസിൽ രജിസ്റ്റർ ചെയ്ത 'ഗൾഫ്സ്ട്രീം ജി200' (Gulfstream G200) എന്ന എക്സിക്യൂട്ടീവ് പ്രൈവറ്റ് ജെറ്റാണ് അപകടത്തിൽപ്പെട്ടത്. ലാ റൊമാന വിമാനത്താവളത്തിൽ നിന്ന് ടെക്സാസിലെ ഓസ്റ്റിനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
എന്നാൽ പറന്നുയർന്ന് മിനിറ്റുകൾക്കകം, വിമാനത്താവളത്തിന് 16 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറ് വെച്ച് വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റ് അടിയന്തിര സാഹചര്യമാണെന്ന് എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയും വിമാനം തിരികെ ഇറക്കാൻ ശ്രമിക്കുകയും ചെയ്തു.
റൺവേയിലേക്ക് അതിവേഗത്തിൽ വന്നിറങ്ങിയ വിമാനം നിയന്ത്രണം വിട്ട് വഴുതിമാറുകയും, റൺവേയ്ക്ക് പുറത്തേക്ക് തെറിച്ചുപോയി ശക്തമായി ഇടിക്കുകയുമായിരുന്നു. ആഘാതത്തിൽ വിമാനത്തിന്റെ പിൻഭാഗം തകരുകയും നിമിഷങ്ങൾക്കകം വലിയ സ്ഫോടനത്തോടെ തീപിടിക്കുകയുമായിരുന്നു.
വിമാനം പൂർണ്ണമായും കത്തിയമരുന്നതും ആകാശത്തേക്ക് കറുത്ത പുകപടലങ്ങൾ ഉയരുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടസമയത്ത് വിമാനത്തിൽ യാത്രക്കാരായി ആരും ഉണ്ടായിരുന്നില്ലെന്ന് ഡൊമിനിക്കൻ സിവിൽ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു.
വിമാനത്താവളത്തിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കിയത്. സാങ്കേതിക തകരാറിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഡൊമിനിക്കൻ ഏവിയേഷൻ അധികൃതരും ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ കമ്മീഷനും സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments