ad
Deshabhimani

print edition ലോകമേ ബാക്കിയുണ്ടിപ്പോഴും

world in 2025
വെബ് ഡെസ്ക്

Published on Dec 29, 2025, 03:49 AM | 6 min read

നൊന്തുനീറി പിടയുമ്പോഴും തോൽക്കാതിരിക്കാൻ പൊരുതിനിന്ന ഗാസയുടെ കണ്ണീരിന്റെ നനവും ചോരയുടെ നിറവുമാണ്‌ 2025ന്റെ ലോകത്തിന്‌. നിങ്ങളിങ്ങനെ കൊന്നൊടുക്കിയിട്ടും ഞങ്ങളിനിയും ബാക്കിയുണ്ടെന്ന പ്രഖ്യാപനമാണ് ഏറ്റവും മഹത്തരമായ പോരാട്ടം. ആകയാൽ, പലസ്തീൻ എന്ന സ്വതന്ത്രരാഷ്ട്രത്തെ സ്വജീവനേക്കാളേറെ നെഞ്ചേറ്റുന്ന മനുഷ്യർ ഭൂമിയിലെ ഏറ്റവും ഉശിരുള്ള പോരാളികളാകുന്നു. ഗാസയെ സമാനതകളില്ലാത്തവിധം ഉജ്വലമായി ചരിത്രം അടയാളപ്പെടുത്തുന്നു


ലോകത്തിലെ ഏറ്റവും വലിയ ജയിൽ എന്നാണ്‌ ഗാസക്ക്‌ വിശേഷണം. മെഡിറ്ററിനിയൻ തീരത്ത് 40 കിലോമീറ്റർ നീളവും ശരാശരി എട്ടു കിലോമീറ്റർ വീതിയുമുള്ള മൺചീന്ത്‌ ഇന്നൊരു ശവപ്പറമ്പാണ്‌. ഗാസയിൽ സയണിസ്റ്റ്‌ അധിനിവേശത്തിന്റെ പുതിയ പതിപ്പിന്‌ തുടക്കമിട്ടത്‌ 2023 ഒക്‌ടോബർ ഏഴിനാണ്‌. രണ്ടാണ്ടുകൾ അനുസ്യൂതം തുടർന്ന കൂട്ടക്കൊലയിൽ ഇതുവരെ 70,360 പേർ കൊല്ലപ്പെട്ടു. ഇരുപതിനായിരത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായാണ്‌ യുഎൻ ഏജൻസികളുടെ കണക്ക്‌. വിദേശികളടക്കം മുന്നൂറോളം മാധ്യമപ്രവർത്തകരും ആയിരത്തിലേറെ ആരോഗ്യപ്രവർത്തകരും ഇസ്രയേലിന്റെ കടന്നാക്രമണത്തിന്‌ ഇരകളായി.


പൂർണതോതിലുള്ള വംശഹത്യ തൽക്കാലം മാറ്റിവച്ചെങ്കിലും, ഇസ്രയേൽ ആക്രമണം തുടരുകതന്നെയാണ്‌. 2025 ഒക്ടോബർ പത്തിന്‌ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷവും ഗാസയിൽ 414 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിൽ 157 കുട്ടികൾ.


gaza ceasefire violation


ഭൗമോപരിതലത്തില്‍ ഏറ്റവും ജനനിബിഡമായ പ്രദേശങ്ങളിലൊന്നാണ് ഗാസ. ഏറ്റവുമധികം ദുരിതം പെയ്തിറങ്ങുന്നതും ഇവിടെത്തന്നെ. അടിസ്ഥാന സൗകര്യങ്ങൾ അപ്പാടെ തച്ചുതകർക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ നെതന്യാഹുവിന്റെ സൈന്യം മിസൈലുകൾ തൊടുക്കുകയും ബുൾഡോസറുകൾ പായിക്കുകയും ചെയ്‌തപ്പോൾ 98 ശതമാനം കെട്ടിടങ്ങളും ഗാസയിൽ നിലംപൊത്തി. യുഎൻ ആശുപത്രികളിലും അഭയാർഥി ക്യാമ്പുകളിലും മിസൈൽ വർഷിച്ചു. ഗാസയിൽ 68 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ്‌ കുന്നുകൂടിയിരിക്കുന്നത്‌. ഇത്‌ നീക്കംചെയ്യാൻതന്നെ വർഷങ്ങൾ വേണ്ടിവരും.


ഗാസയെ കൊന്നൊടുക്കാനുള്ള അന്തിമനടപടിക്ക്‌ ‘ഓപ്പറേഷൻ ഗിഡിയൻസ്‌ ചാരിയറ്റ്‌സ്‌’ എന്നാണ്‌ ഇസ്രയേൽ പേരിട്ടത്‌. ഇതിനു മുന്നോടിയായിത്തന്നെ ഗാസയിലേക്കുള്ള എല്ലാ സഹായവഴികളും അടച്ചു. ഭക്ഷ്യവസ്തുക്കളോ മരുന്നുകളോപോലും കടത്തിവിടാൻ ഇസ്രയേലി സൈന്യം അനുവദിച്ചില്ല. പതിനായിരത്തിലേറെ കുഞ്ഞുങ്ങൾ പട്ടിണിയാൽ മരിക്കാൻ പോവുകയാണെന്നും ഉടൻ സഹായമെത്തിക്കാൻ വാതിലുകൾ തുറക്കണമെന്നും നിലവിളിക്കേണ്ടിവന്നു യുഎൻ ഏജൻസികൾക്ക്‌. അന്താരാഷ്‌ട്ര സമ്മർദ്ദം ശക്തമായതോടെയാണ്‌ ഉപരോധത്തിൽ ഇളവുനൽകാൻ ഇസ്രയേൽ കനിവുകാട്ടിയത്‌. ഇസ്രയേൽ–അമേരിക്കൻ പിന്തുണയുള്ള ഗാസ ഹ്യുമനിറ്റേറിയൻ ഫ‍ൗണ്ടേഷനെയാണ്‌ ചുമതലയേൽപ്പിച്ചത്‌. കൂട്ടക്കൊലയ്‌ക്കു വേഗം കൂട്ടാനുള്ള പുതിയ പരീക്ഷണമായിരുന്നു ഇത്‌.


പട്ടിണികിടന്ന മനുഷ്യർ സഹായവിതരണകേന്ദ്രങ്ങളിലേക്ക്‌ ഓടിയെത്തിയപ്പോൾ അവർക്കുനേരെ നിർദാക്ഷിണ്യം വെടിയുതിർക്കുകയായിരുന്നു.


israel


സംഘർഷഭരിതം

മൂന്നാം ലോകയുദ്ധ ആശങ്കയുണർത്തി ആധുനിക യുദ്ധോപകരണങ്ങളുപയോഗിച്ചുള്ള അതിശക്തമായ ഏറ്റുമുട്ടലുകളാണ്‌ 2025ൽ കണ്ടത്‌. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അക്രമം തുടരുന്ന വംശഹത്യ, നാലുവർഷം പിന്നിട്ട റഷ്യ– ഉക്രയ്‌ൻ സംഘർഷം, സുഡാനിലെയും മ്യാൻമാറിലെയും ആഭ്യന്തരയുദ്ധങ്ങൾ... സംഘർഷഭരിതമായിരുന്നു 2025. പുതുതലമുറ ‘ജെൻസി’ പ്രക്ഷോഭങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചു.


ഇന്ത്യ–പാക്‌ സംഘർഷം

ജമ്മു കശ്‌മീരിൽ പുൽവാമയ്‌ക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം ഏപ്രിൽ 22ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലുണ്ടായി. 26 മനുഷ്യരെ ഭീകരർ കൊന്നൊടുക്കി. തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ മെയ്‌ ഏഴിന്‌ പാകിസ്ഥാനിലെയും പാക്‌ അധീന കാശ്‌മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. ഇതോടെ ഓപ്പറേഷൻ ബുന്യാനുൾ മർസൂസ്‌ (ഇരുമ്പുമതിൽ) എന്ന പേരിൽ പാക്‌ സേനയുടെ ആക്രമണം. നാലുദിവസം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഹ്രസ്വ സായുധ സംഘട്ടനമായിരുന്നു. പൂർണയുദ്ധത്തിലേക്ക്‌ വഴുതിമാറുമെന്ന്‌ ഭയന്ന സൈനിക സംഘർഷങ്ങൾക്ക്‌ അവസാനംകുറിച്ചു മെയ്‌10ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ പ്രഖ്യാപിച്ചു.


റഷ്യ– ഉക്രയ്‌ൻ ഏറ്റുമുട്ടൽ

റഷ്യ–- ഉക്രയ്‌ൻ യുദ്ധം ആരംഭിച്ചിട്ട്‌ നാല്‌ വർഷം പിന്നിടുമ്പോഴും സമാധന ശ്രമങ്ങൾ വിജയം കണ്ടിട്ടില്ല. എല്ലാം അനുകൂലമായാൽ റഷ്യ– ഉക്രയ്‌ൻ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പലഘട്ടത്തിലും പ്രതികരിച്ചെങ്കിലും ഇതുവരെയും സമാധാനം കൈവരിക്കാൻ സാധിച്ചിട്ടില്ല.


russian attack in ukraine 6 killed


സുഡാൻ, മ്യാൻമർ 


സുഡാനിലെ സൈന്യവും ആർ‌എസ്‌എഫും 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തരയുദ്ധം തുടരുകയാണ്‌. രണ്ട് വർഷത്തിനിടെ ഒന്നരലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്‌. കൂടാതെ ജീവിക്കാൻ ​ഗതിയില്ലാതെ എൽ -ഫാഷറിൽനിന്ന് 60,000-ത്തിലധികം പേർ പലായനം ചെയ്തു. മ്യാൻമറിൽ 2021 ഫെബ്രുവരി 21-നാണ് ആങ് സാൻ സ്യൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചത്‌. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിൽ- 75,000ത്തിലധികംപേർ കൊല്ലപ്പെട്ടു. മാർച്ച്‌ 28ന്‌ മ്യാൻമറിനെ നിലംപരിശാക്കി ഭൂചലനവുമുണ്ടായി. 2700ലധികം പേർ മരിച്ചു.


കലാപമൊടുങ്ങാതെ ബംഗ്ലാദേശ്

ഒരു ഇടവേളയ്ക്കുശേഷം വീണ്ടും ബംഗ്ലാദേശിൽ കലാപം വ്യാപിക്കുന്ന കാഴ്ചയാണ്‌ വർഷാവസാനം. യുവജന നേതാവും കടുത്ത ഇന്ത്യാ വിമർശകനുമായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദി വെടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ചതിനെതുടർന്നാണ് രാജ്യം വീണ്ടും അരക്ഷിതാവസ്ഥയിലായത്. ഇതേ തുടർന്ന്‌ നിരവധി അക്രമസംഭവങ്ങൾ രാജ്യത്തരങ്ങേറി. ഇ‍ൗ വർഷം നവംബർ 17ന്‌ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചു. ഹസീന ഇന്ത്യയിലാണ്‌.


bangladesh riot sharif osman hadi death


നേപ്പാളിൽ ജെൻസി

സെപ്തംബർ നാലിന് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്‌ ഉൾപ്പടെയുള്ള സാമൂഹ്യമാധ്യമങ്ങൾക്ക് പൂർണമായി നിരോധനമേർപ്പെടുത്തുകയും എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളും വാർത്താവിനിമയ മന്ത്രാലായത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന്‌ പുതിയ നിയമം വരികയും ചെയ്‌തതിനെത്തുടർന്നാണ്‌ നേപ്പാളിൽ ജെൻസി പ്രക്ഷോഭമാരംഭിക്കുന്നത്‌. രാജ്യം സ്തംഭിച്ച- പ്രക്ഷോഭത്തിൽ 51 പേർ മരണപ്പെടുകയും

പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവയ്‌ക്കുകയും ചെയ്‌തു.


ഇറാനോടും 
പോരിനിറങ്ങി ഇസ്രയേൽ

ജൂൺ 13ന്‌ പുലർച്ചെ ഇസ്രയേൽ ഇറാനിലെ ആണവ, മിസൈൽ, സൈനിക കേന്ദ്രങ്ങളിലുൾപ്പെടെ എട്ടിടത്ത് ആക്രമണം നടത്തിയതോടെയാണ്‌ മൂന്നാം ലോകയുദ്ധ ഭീഷണി ഉയർത്തിക്കൊണ്ട്‌ ഇറാൻ–- ഇസ്രയേൽ സംഘർഷമാരംഭിക്കുന്നത്‌. 12 ദിവസത്ത സംഘർഷത്തിൽ ഇസ്രയേലിന്‌ പൂർണപിന്തുണ നൽകിയത്‌ അമേരിക്ക. ഒടുവിൽ വെടിനിർത്തൽ നേടിയെടുത്ത്‌ സമാധാന സ്ഥാപക വേഷവും ട്രംപ്‌ സ്വന്തമാക്കി. ഇറാന്റെ സൈനിക ജനറൽമാരെയും ഇന്റലിജൻസ് മേധാവിമാരെയും ആണവശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചു. ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം ഭേദിക്കാനാവുമെന്ന്‌ ഇറാനും തെളിയിച്ചു. ടെൽ അവീവ് അടക്കം പ്രധാനനഗരങ്ങളിൽ ഇറാൻ മിസൈലുകൾ വ്യാപക നാശമുണ്ടാക്കി. യുഎസ് താവളത്തിലും ആക്രമണം നടത്തി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിലും ഇ‍ൗ വർഷം സെപ്‌തംബർ ഒമ്പതിന്‌ ഇസ്രയേൽ വ്യോമാക്രമണം നടത്തി.


donald trump


വംശവെറിയുമായി ട്രംപ്‌

അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ്‌ അധികാരമേറ്റത്‌ ഇ‍ൗവർഷം ജനുവരി 20നാണ്‌. തീവ്രദേശീയത, വ്യാപാര തീരുവ, കുടിയേറ്റ നിയന്ത്രണം തുടങ്ങിയ നയങ്ങൾ ശക്തമായി നടപ്പാക്കി. കുടിയേറ്റക്കാരുടെ അറസ്റ്റും നാടുകടത്തലുമാണ്‌ ആദ്യഘട്ടത്തിൽ നടപ്പാക്കിയത്‌. അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ഇന്ത്യക്കാരെയടക്കം കൈവിലങ്ങും കാൽച്ചങ്ങലയും അണിയിച്ച് കയറ്റിവിട്ടു. ഇന്ത്യൻ വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കി. അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം പ്രതികാരത്തീരുവ രാജ്യത്തെ കയറ്റുമതി മേഖലയ്‌ക്ക്‌ ഭീഷണിയായി തുടരുമ്പോഴും ഇതിനെ എതിർക്കാനോ പ്രതിഷേധിക്കാനോ കേന്ദ്രം തയ്യാറായില്ല.


ബ്രസീൽ 50 ശതമാനം. സിറിയ, മ്യാൻമർ, ലാവോസ്‌ എന്നീ രാജ്യങ്ങൾക്ക്‌ 40 ശതമാനം സ്വിറ്റ്‌സർലൻഡിന്‌ 39 ശതമാനം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145 ശതമാനം എന്നിങ്ങനെയാണ്‌ വിവിധരാജ്യങ്ങൾക്കുമേൽ ട്രംപ്‌ ഏർപ്പെടുത്തിയ പ്രതികാരചുങ്കം. ക്യൂബയുടെ പരമാധികാരത്തെ ചോദ്യംചെയ്‌ത്‌ കൂടുതൽ പ്രകോപനപരമായ നടപടികളും അമേരിക്ക സ്വീകരിച്ചു. വെനസ്വേലയിൽനിന്നുള്ള എണ്ണക്കപ്പലുകൾക്ക് പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്‌.


ലോകത്തെ ഏഴു യുദ്ധങ്ങൾ അവസാനിപ്പിച്ചത്‌ താനാണെന്നും ന്യായമായും നൊബേൽ സമ്മാനം അർഹിക്കുന്നുണ്ടെന്നും ട്രംപ്‌ അവകാശപ്പെട്ടു. ഇലോൺ മസ്കും ട്രംപും വേർപിരിഞ്ഞതും ഇ‍ൗവർഷമാണ്‌. ധനബിൽ പാസാകാത്തതിനെ തുടർന്ന്‌ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ടുനിന്ന അടച്ചുപൂട്ടലും ഇ‍ൗ കാലയളവിലുണ്ടായി. വർഷാവസാനത്തിൽ ട്രംപിന്റെ വികല നയങ്ങൾക്കെതിരെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷാേഭവുമുണ്ടായി. അമ്പത് സംസ്ഥാനങ്ങളിലും വ്യാപിച്ച ‘നോ കിങ്‌സ്‌’ ജനകീയ പ്രക്ഷോഭത്തിൽ 70 ലക്ഷംപേരാണ്‌ അണിനിരന്നത്‌.


തീരുവയുദ്ധം തീരാദുരിതം

തീരുവയുദ്ധങ്ങളുടെയും തീരാദുരിതങ്ങളുടെയും വർഷമാണ്‌ വിടപറയുന്നത്‌. അമേരിക്കയിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരമേറ്റെടുത്തത്‌ ലോകത്തിനു ദുരിതമായി. തീരുവയുദ്ധങ്ങൾക്കും ഭീഷണികൾക്കും പ്രകോപനങ്ങൾക്കും അമേരിക്ക മുതിർന്നു. സംഘർഷങ്ങൾ തുടർക്കഥയായി.


2025ൽ ആഗോള താപനില ഏറ്റവും ഉയർന്ന നിലയിലായതിനാൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ പ്രതിസന്ധികളും വന്നുകൊണ്ടിരുന്നു. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കാട്ടുതീയും വിവിധ ഭാഗങ്ങളിലുണ്ടായി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിശയകരമായ വളർച്ചയ്‌ക്കും ഇ‍ൗവർഷം സാക്ഷ്യംവഹിച്ചു.


പുതിയ കുതിപ്പിന്‌ 
മാർഗരേഖയുമായി സിപിസി

സാമ്രാജ്യത്വവിരുദ്ധ ലോകക്രമത്തിനും ബദൽ മുന്നേറ്റങ്ങൾക്കും ഉ‍ൗർജം പകര്‍ന്നു ചൈനീസ്‌ കമ്യൂണിസ്‌റ്റ്‌ പാർടി ഇരുപതാം കേന്ദ്രകമ്മിറ്റിയുടെ നാലാം പ്ലീനം 2025 ഒക്‌ടോബർ 20 മുതൽ 23വരെ ചേർന്നു. ലോകത്തെ വ്യാപാരയുദ്ധത്തിലേക്ക്‌ നയിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നയങ്ങൾക്കും ഭീഷണിക്കുമെതിരെ ശക്തമായി പ്രതികരിച്ച്‌ മുന്നേറുന്ന ചൈനയുടെ വികസനക്കുതിപ്പിന്‌ വഴികാട്ടുന്ന നിർണായക ചർച്ചകളാണ്‌ നടന്നത്‌. 2026–2031 പതിനഞ്ചാം പഞ്ചവത്സര വികസനപദ്ധതിക്ക് അന്തിമരൂപം നൽകി.


china
രണ്ടാം ലോകയുദ്ധം അവസാനിച്ചതിന്റെ എൺപതാം വാർഷികത്തിൽ ബിജിങ്ങിൽ സംഘടിപ്പിച്ച വിക്‌ടറി ഡേ പരേഡിന്‌ സാക്ഷിയാകാനെത്തിയ ലോകനേതാക്കൾ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻ പിങ്ങിനൊപ്പം



വിട ഫ്രാൻസിസ്‌ ; സ്വാഗതം ലിയോ

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏപ്രിൽ 21ന്‌ ലോകത്തോട്‌ വിടപറഞ്ഞത്‌ ഇ‍ൗവർഷത്തെ ഏറ്റവും വലിയ നഷ്‌ടമായി. 2013 മാര്‍ച്ച് 13-നാണ്‌ അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത്‌ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്‌. യുദ്ധം അവസാനിപ്പിക്കാനും ലോകസമാധാനത്തിനും ആഹ്വാനം ചെയ്തശേഷമായിരുന്നു മാർപാപ്പയുടെ വിടവാങ്ങൽ. തുടർന്ന്‌ 2025 മെയ്‌ എട്ടിന്‌ 267ാം മാര്‍പാപ്പയായി കർദിനാൾ റോബർട്ട്‌ പ്രെവോസ്‌ത്‌ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ യുഎസില്‍നിന്നുള്ള ആദ്യ പാപ്പയാണ് ലിയോ. ലോകത്തെ ഇരുണ്ട രാത്രികളിൽ വെളിച്ചംചൊരിയുന്ന വിളക്കുമാടമായി കത്തോലിക്കാസഭ പ്രവർത്തിക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ലിയോ പതിനാലാമന്റെ ആദ്യ കുർബാന.


marpapa christmas message


ന്യൂയോർക്കിൽ മംദാനി

ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ്‌ സൊഹ്റാൻ മംദാനിക്കായിരുന്നു വിജയം. ട്രംപിന്റെയും ഇസ്രയേൽ പ്രാധനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമർശിക്കുന്നയാളാണ്‌ മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങൾ "കമ്യൂണിസ്റ്റ് ഭ്രാന്തൻ’ വിജയിച്ചാൽ ന്യൂയോർക്ക് സിറ്റിക്ക് ഏറ്റവും കുറഞ്ഞ ഫണ്ടേ അനുവദിക്കൂ എന്നു ഭീഷണിമുഴക്കുകയും ചെയ്‌തു ട്രംപ്‌. വാടക മരവിപ്പിക്കൽ, സൗജന്യ സിറ്റി ബസ് യാത്ര, ധനികർക്ക് അധികനികുതി തുടങ്ങിയ പുരോഗമന വാഗ്ദാനങ്ങൾ നൽകിയാണ്‌ മംദാനി ജനപിന്തുണ നേടിയത്‌.


mamdani


ജപ്പാന്‌ വനിതാ 
പ്രധാനമന്ത്രി

ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഒക്‌ടോബർ 21ന്‌ സനയേ തകായിച്ചി തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ വീക്ഷണമുള്ള തകായിച്ചി ജപ്പാനിലെ പുരുഷകേന്ദ്രീകൃത പിന്തുടർച്ചാവകാശത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്‌. തീവ്രദേശീയ നിലപാടുകൾക്കൊപ്പമാണെങ്കിലും തകായിച്ചിയുടെ അധികാരാരോഹണം ജപ്പാൻ രാഷ്ട്രീയത്തിലെ സ്ത്രീശക്തിയുടെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു.


കാനഡയിൽ കാർനീ

കാനഡയിൽ പാർടിക്കുള്ളിലെ ഭിന്നത സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഘട്ടമെത്തിയപ്പോൾ ജനുവരി ആറിന്‌ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 9 വർഷത്തെ തന്റെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് രാജിവയ്‌ക്കുകയായിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ മാർച്ച്‌ 10ന്‌ ഭരണകക്ഷി ലിബറൽ പാർടിയുടെ നേതാവായും പുതിയ പ്രധാനമന്ത്രിയായും മാർക് കാർനീ തെരഞ്ഞെടുക്കപ്പെട്ടു.


കരീബിയനിൽ 
യുഎസ് 
പ്രകോപനം

ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ലക്ഷ്യമിട്ട്‌ അമേരിക്കയുടെ സാമ്രാജ്യത്വ ഇടപെടൽ തുടരുകയാണ്‌. ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാനും കലാപം സൃഷ്ടിക്കാനും ആസൂത്രിതനീക്കമാണ്‌ നടത്തുന്നത്‌. കരീബിയൻ മേഖലയിൽ സൈന്യത്തെ വിന്യസിച്ച്‌ പ്രകോപനം സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധമുയർത്തുന്നുണ്ട്‌ വെനസ്വേല. അമേരിക്കൻ ഭീഷണിക്ക് മറുപടിയായി ബൊളിവേറിയൻ നാഷണൽ മിലിഷ്യയെ വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളസ്‌ മഡുറോ രംഗത്തിറക്കി.


മയക്കുമരുന്നുകടത്ത്‌ മാഫിയക്കെതിരെയെന്ന പേരിലാണ്‌ അമേരിക്കയുടെ സൈനികവിന്യാസം. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള വെനിസ്വേലക്കെതിരായ പുതിയ ഭീഷണിയാണിതെന്ന്‌ വ്യക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home