print edition ക്യൂബയെ ‘ഗാസ’യാക്കാൻ അനുവദിക്കില്ല; യുഎസ് ഊർജ ഉപരോധത്തിനെതിരെ ക്യൂബൻ പ്രസിഡന്റ്

ഹവാന: ക്യൂബയിൽ സാമ്പത്തിക തകർച്ചയും ആഭ്യന്തര കലാപവും സൃഷ്ടിക്കാനുള്ള അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ദിയാസ് കാനൽ. ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനു മുൻപ്, ക്യൂബൻ ജനതയെ സാമ്പത്തിക–ഊർജ ഉപരോധങ്ങളിലൂടെ അതേ അവസ്ഥയിലേക്ക് തള്ളിവിടാനാണ് അമേരിക്ക ശ്രമിക്കുന്നത്. സ്പാനിഷ് കൊളോണിയൽ ഭരണാധികാരികൾ ജനങ്ങളെ പട്ടിണിക്കിട്ട് കൂട്ടക്കൊല ചെയ്യാൻ പ്രയോഗിച്ച തന്ത്രങ്ങൾക്ക് സമാനമാണ് ക്യൂബയ്ക്കെതിരായ ഇപ്പോഴത്തെ യുഎസ് ഉപരോധമെന്ന് ദേശീയ അസംബ്ലിയുടെ സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
ക്യൂബയുടെ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചും, നിക്ഷേപങ്ങളെ തടസ്സപ്പെടുത്തിയും ക്യൂബൻ ഡോക്ടർമാരുടെ അന്താരാഷ്ട്ര ദൗത്യസംഘങ്ങളെ വേട്ടയാടിയും അമേരിക്ക പ്രതിസന്ധി രൂക്ഷമാക്കുകയാണ്. വൈറ്റ്‌ഹൗസ് ഒപ്പുവച്ച പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ക്യൂബയിലേക്കുള്ള ഇന്ധന വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ക്യൂബയിലേക്ക് ഇന്ധനം എത്തിക്കുന്ന രാജ്യങ്ങൾക്കും കപ്പൽക്കമ്പനികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന യുഎസ് ഭീഷണി കാരണം ഏഴുമാസത്തിനിടെ ഒരൊറ്റ ഇന്ധനക്കപ്പൽ മാത്രമാണ് ദ്വീപിൽ എത്തിയത്. ഇന്ധനക്ഷാമം ക്യൂബയുടെ ദേശീയ വൈദ്യുത ശൃംഖലയെ പ്രതിസന്ധിയിലാക്കി. 1400 മെഗാവാട്ടിലധികം ഉത്പാദനം തടസ്സപ്പെട്ടു. ഇത് ദൈനംദിന ജീവിതത്തെയും കുടിവെള്ള വിതരണ സംവിധാനങ്ങളെയും ബാധിച്ചു. കാർഷിക വിളവെടുപ്പ്, വ്യവസായ മേഖല, ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലാണ്.
അമേരിക്കൻ ഉപരോധം സൃഷ്ടിച്ച കടുത്ത മാനുഷിക– സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ക്യൂബൻ സർക്കാർ വിപുലമായ ജനകീയ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ദേശീയ അസംബ്ലി പാസാക്കിയ 176 സാമ്പത്തിക പരിഷ്കാരങ്ങൾ സ്വകാര്യ-–പൊതു മേഖലകളെ ശക്തിപ്പെടുത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. സാമ്രാജ്യത്വത്തിന്റെ ഉപരോധങ്ങളെ ജനകീയ കൂട്ടായ്മയിലൂടെയും സോഷ്യലിസ്റ്റ് ആദർശങ്ങളിലൂന്നിയ വിപ്ലവവീര്യത്തിലൂടെയും ക്യൂബ അതിജീവിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചു.










0 comments