ad
Deshabhimani

print edition മഴക്കെടുതിയിലും കൈമലർത്തി;
കർഷകസഹായം വൈകുന്നു

Flood.jpg
വെബ് ഡെസ്ക്

Published on Aug 24, 2026, 12:22 AM | 1 min read

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കൃഷി നശിച്ചവർക്കും വീട്‌ തകർന്നവർക്കും സർക്കാരിന്റെ സാന്പത്തികസഹായം വൈകുന്നു. വിള ഇൻഷുറൻസ്‌ കുടിശ്ശിക ഇനത്തിൽ 41 കോടി രൂപ കർഷകർക്ക്‌ ലഭിക്കാനുണ്ട്‌. എസ്‌ഡിആർഎഫ്‌ ഫണ്ടിൽ 101 കോടി രൂപയുടെ കേന്ദ്ര കുടിശ്ശികയുമുണ്ട്‌. അർഹമായ സാന്പത്തികസഹായം ഒരു ഗഡുവെങ്കിലും നൽകിയിരുന്നെങ്കിൽ കർഷകർക്ക്‌ പിടിച്ചുനിൽക്കാമായിരുന്നു.


മഴക്കെടുതിയിൽ 127.61 കോടി രൂപയുടെ കൃഷിനാശമാണ്‌ സംസ്ഥാനത്തുണ്ടായത്‌. നെല്ല്‌, വാഴ, തെങ്ങ്‌, കിഴങ്ങുവിളകൾ, പച്ചക്കറി വിളകൾ എന്നിവയ്ക്കാണ്‌ അധികവും നാശം. ഓണവിപണി ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന്‌ വാഴകളും നശിച്ചു. നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 110 കോടി രൂപയുടെ അടിയന്തര ധനസഹായവും കാർഷിക നഷ്ടം വിലയിരുത്താൻ കേന്ദ്രസംഘത്തെ അയക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.


മിന്നൽപ്രളയത്തിൽ സ്വത്തിനും ജീവനും നാശം സംഭവിച്ചിട്ടും പ്രളയബാധിത സംസ്ഥാനങ്ങൾക്ക്‌ എസ്‌ഡിആർഎഫ്‌ ഫണ്ട്‌ കേന്ദ്രം അനുവദിച്ചപ്പോൾ പട്ടികയിൽനിന്ന്‌ കേരളത്തെ ഒഴിവാക്കി. പ്രളയം, മണ്ണിടിച്ചിൽബാധിത സംസ്ഥാനങ്ങൾക്ക്‌ അനുവദിച്ച ധനസഹായത്തിൽനിന്നാണ്‌ വെട്ടിയത്‌. കാർഷിക നഷ്ടം വിലയിരുത്താൻ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ കേന്ദ്രസംഘത്തെ നിയോഗിച്ചപ്പോഴും കേരളത്തെ അവഗണിച്ചു. കടുത്ത അവഗണന തുടരുന്പോഴും കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ തയ്യാറാകുന്നില്ല.


14 ജില്ലയിലായി 9332 ഹെക്ടർ കൃഷി നശിച്ചു. 45,904 കർഷകരെ ബാധിച്ചിട്ടും അടിയന്തര ഇടപെടൽ നടത്താൻ സംസ്ഥാനം തയ്യാറായിട്ടില്ല. കൃഷിനാശം സംഭവിച്ചവർക്ക്‌ നഷ്‌ടപരിഹാരം സമർപ്പിക്കാനുള്ള എയിംസ്‌ (അഗ്രികൾച്ചർ മാനേജ്‌മെന്റ്‌ ആൻഡ്‌ ഇൻഫർമേഷൻ സിസ്റ്റം) തകരാറിലാണ്‌. തുടർന്ന്‌ സെപ്‌തംബർ അഞ്ചുവരെയാക്കി നീട്ടിനൽകി. പോർട്ടൽ കാര്യക്ഷമമായിട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്. അപേക്ഷിക്കാനായില്ലെങ്കിൽ അർഹമായ ധനസഹായം മുടങ്ങുമെന്ന ആശങ്കയിലാണ് കർഷകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home