ad
Deshabhimani

print edition പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ; വരുമാനം ഇടിയും

Palakkad.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 24, 2026, 12:39 AM | 1 min read

പാലക്കാട്‌: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വെട്ടിച്ചുരുക്കുന്നത്‌ റെക്കോഡ്‌ വരുമാനം രേഖപ്പെടുത്തിയതിനുപിന്നാലെ. ഇ‍ൗ സാമ്പത്തികവർഷം ജൂലൈവരെ യാത്രാ ഇനത്തിൽ മാത്രം നേടിയത്‌ 400 കോടിയിലധികം രൂപ. കഴിഞ്ഞ സാന്പത്തികവർഷത്തെ അപേക്ഷിച്ച്‌ 13 ശതമാനം വർധന.


നാലുമാസത്തിനിടെ മൂന്നുകോടി യാത്രക്കാരാണ് പാലക്കാട് ഡിവിഷൻ വഴി യാത്ര ചെയ്‌തത്. മുൻവർഷത്തേതിൽനിന്ന്‌ 3.2 ശതമാനം കൂടുതൽ വളർച്ച. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളുടെ സമഗ്രപ്രകടനം വിലയിരുത്തുന്ന ഓൾ ഇന്ത്യ കീ പെർഫോമൻസ് ഇൻഡിക്കേറ്ററിൽ രണ്ടാംസ്ഥാനമാണ്‌ പാലക്കാടിന്‌. ഏപ്രിൽ–ജൂലൈ കാലയളവിൽ 2.504 മില്യൺ ടൺ ചരക്കാണ്‌ കൈകാര്യം ചെയ്‌തത്‌ (11.9 ശതമാനം വർധന). കഴിഞ്ഞ സാന്പത്തികവർഷം 7.335 മില്യൺ ടൺ ചരക്കും കൈകാര്യം ചെയ്‌തു. ഇതിൽ 70 ശതമാനവും മംഗളൂരു കേന്ദ്രമായാണ്‌. 12 വർഷത്തിലെ ഏറ്റവും മികച്ച വരുമാനമാണ്‌ കഴിഞ്ഞ സാന്പത്തികവർഷം നേടിയത്‌.


മംഗളൂരു ഭാഗം നഷ്‌ടപ്പെടുന്നതിലൂടെ ഡിവിഷന്റെ മൊത്തം വരുമാനത്തിൽ വലിയ ഇടിവുണ്ടാകും. പാസഞ്ചറുകൾക്കും സ്‌പെഷൽ ട്രെയിനുകൾക്കും പുറമെ 83 ട്രെയിനാണ്‌ മംഗളൂരു സ്റ്റേഷനിൽനിന്നുള്ളത്‌. ഇത്‌ മൈസൂരു ഡിവിഷനിലേക്ക്‌ മാറും. പരസ്യം, പാർക്കിങ് കരാർ, കാറ്ററിങ് സ്റ്റാൾ, റെയിൽവേ ഭൂമി വാണിജ്യാവശ്യത്തിന്‌ നൽകുന്നതിന്റെ ഫീസ് തുടങ്ങിയ അനുബന്ധ വരുമാനവും മൈസൂരു ഡിവിഷനിലേക്ക് പോകും. ഇതോടെ പാലക്കാട് സാമ്പത്തിക ലാഭമില്ലാത്തചെറിയഡിവിഷനാകും.


​വൻതോതിൽ അയിരുകൾ, രാസവളങ്ങൾ, മറ്റ്‌ രാസവസ്‌തുക്കൾ തുടങ്ങിയവയുടെ കയറ്റിറക്ക്‌ നടക്കുന്നത് പനമ്പൂർ ഗുഡ്സ് യാർഡിലാണ്. ന്യൂ മംഗളൂരു പോർട്ട്‌, മംഗളൂരു കെമിക്കൽസ്‌ ആൻഡ്‌ ഫെർട്ടിലൈസേഴ്‌സ്‌, ഉഡുപ്പി റിഫൈനറി തുടങ്ങിയ വൻകിട കമ്പനികളിൽനിന്നുള്ള ചരക്കുനീക്കം മംഗളൂരു സ്റ്റേഷൻവഴിയാണ്‌. ഇവ നിലയ്‌ക്കുന്പോൾ മലബാർ സിമന്റ്‌സ്‌ മാത്രമാകും പാലക്കാട്‌ ഡിവിഷനിൽ വൻതോതിൽ ചരക്ക്‌ കൈമാറ്റം നടക്കുന്ന സ്ഥാപനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home