ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം കലാമണ്ഡലം ഗിരിജാദേവിക്ക്

ഗുരുവായൂർ
ഗുരുവായൂർ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്കാരം നങ്ങ്യാർകൂത്ത്, കൂടിയാട്ടം ആചാര്യ കലാമണ്ഡലം ഗിരിജാദേവിക്ക് സമ്മാനിക്കും. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് സെപ്‌തംബർ നാലിന് രാത്രി ഒന്പതിന് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ പുരസ്കാരം നൽകും. 55,555 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത പത്തു ഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണസമിതി അംഗം മനോജ് ബി നായർ നങ്ങ്യാർകൂത്ത് കലാകാരികളായ ഉഷ നങ്ങ്യാർ, മാർഗി ഉഷ എന്നിവർ ഉൾപ്പെട്ട ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കൂടിയാട്ടം, നങ്ങ്യാർകൂത്ത് കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ചു പതിറ്റാണ്ടിലേറെയായി നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാകാരിയായും നിരവധി ശിഷ്യർക്ക് പരിശീലനം നൽകിയ ആചാര്യയായും കലാരംഗത്തെ നിറസാന്നിധ്യമായ കലാമണ്ഡലം ഗിരിജാദേവി തൃശൂർ കടവല്ലൂർ സ്വദേശിയാണ്.








0 comments