print edition പാലത്തായി പീഡനക്കേസ്: സർക്കാർ അനാസ്ഥയ്‌ക്കെതിരെ കുടുംബം

തലശേരി: പാലത്തായി പീഡനക്കേസിൽ ജീവിതാവസാനംവരെ തടവിന് വിചാരണക്കോടതി ശിക്ഷിച്ച ബിജെപി നേതാവ് പാനൂർ കടവത്തൂരിലെ കുനിയിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം ലഭിക്കാനിടയായതിലെ സർക്കാർ അനാസ്ഥയ്‌ക്കെതിരെ കുടുംബം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇടപെടുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കുടുംബം പറയുന്നു. ഏറെ ചർച്ചയായ കേസിൽ മുതിർന്ന അഭിഭാഷകനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) നൽകിയ അപേക്ഷ ഗൗരവത്തിൽ കണ്ടില്ലെന്നും പരാതിയുണ്ട്.
എൽഡിഎഫ് ഭരണകാലത്ത് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (എഡിജിപി) ആണ് പാലത്തായി കേസിൽ ഹൈക്കോടതിയിൽ ഹാജരായത്. പാലത്തായി കേസിനെക്കുറിച്ച് നല്ല ധാരണയുള്ള മുസ്ലിംലീഗ് നേതാവായ മുഹമ്മദ് ഷാ എഡിജിപിയായി ഹൈക്കോടതിയിൽ ഉണ്ടായിട്ടും ജൂനിയറായ ഗവ. പ്ലീഡറെ നിയോഗിച്ചത് സംശയം വർധിപ്പിക്കുന്നതാണ്. എഡിജിപി ഇൗ കേസിൽനിന്ന് മാറിനിന്നത് ആരെ സഹായിക്കാനാണെന്ന ചോദ്യത്തിന് നിയമവകുപ്പും സർക്കാരുമാണ് മറുപടി നൽകേണ്ടത്.
ഗവ. പ്ലീഡറുടെ നടപടികളിൽ തുടക്കംമുതലേ കുടുംബത്തിന് സംശയമുണ്ടായിരുന്നു. പ്രതിയുടെ അപ്പീൽ കോടതിയിൽ എത്തിയതുമുതൽ സർക്കാർ അഭിഭാഷകർ നടത്തിയ പല നീക്കവും സംശയാസ്‌പദമായിരുന്നു. ജൂൺ ആദ്യം പരിഗണിച്ച കേസ് ഒക്‌ടോബറിലേക്കാണ് ആദ്യം മാറ്റിവച്ചത്. കേസ് ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയിലെത്തിയപ്പോൾ സർക്കാർ അഭിഭാഷക നൽകിയ എതിർസത്യവാങ്മൂലം ദുർബലമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ജീവിതാവസാനംവരെ തടവിന് ശിക്ഷിക്കപ്പെട്ട പീഡനക്കേസ് പ്രതി ഒന്പത് മാസമായപ്പോഴാണ് ജാമ്യം നേടി പുറത്തുവരുന്നത്.









0 comments