ad
Deshabhimani

ഓട്ടിസം ബാധിതയായ 12കാരിയെന്ന് വ്യാജേന കുടുംബങ്ങളെ കബളിപ്പിച്ചു; 37കാരി അറസ്റ്റിൽ

അമാൻഡ മരിയ സൂസ ദേ ഒലിവേയ്‌റ

അമാൻഡ മരിയ സൂസ ദേ ഒലിവേയ്‌റ

വെബ് ഡെസ്ക്

Published on Jun 09, 2026, 04:15 PM | 1 min read

ബ്രസീലിയ: പന്ത്രണ്ട് വയസുകാരിയായ ഓട്ടിസം ബാധിതയെന്ന് വ്യാജേന ചമഞ്ഞ് നിരവധി കുടുംബങ്ങളെ ദത്തെടുക്കൽ തട്ടിപ്പിലൂടെ കബളിപ്പിച്ച 37-കാരി ബ്രസീലിൽ പിടിയിലായി. അമാൻഡ മരിയ സൂസ ദേ ഒലിവേയ്‌റ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്. 'ഗബ്രിയേൽ' എന്ന വ്യാജപ്പേരിലായിരുന്നു ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ആൾമാറാട്ടം, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.


പതിനാല് മാസത്തോളമായി തന്നെ ദത്തെടുത്ത് സംരക്ഷിച്ചുവന്ന ഒരു കുടുംബത്തിന്റെ വസതിയിൽ നിന്നാണ് ബ്രസീൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും ഇവരുടെ മാനസികനില പരിശോധിക്കാൻ കോടതി ഉത്തരവിട്ടതായും അന്താരാഷ്ട്ര മാധ്യമമായ 'ദ സൺ' റിപ്പോർട്ട് ചെയ്യുന്നു.


തനിക്ക് ഓട്ടിസവും മറ്റ് കടുത്ത ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അമാൻഡ വിവിധ കുടുംബങ്ങളുടെ സഹതാപവും വിശ്വാസവും പിടിച്ചുപറ്റിയിരുന്നത്. പ്രായത്തിന് വിപരീതമായ ശാരീരിക വളർച്ചയെക്കുറിച്ച് സംശയം തോന്നിയവരോട്, കുട്ടിക്കാലത്ത് ഹോർമോൺ മരുന്നുകൾ കഴിക്കാൻ നിർബന്ധിതയായതാണ് ഇതിന് കാരണമെന്നാണ് ഇവർ പറഞ്ഞിരുന്നത്.


സംശയം തോന്നാതിരിക്കാൻ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ബേബി ബോട്ടിലുകൾ, പാസിഫയറുകൾ എന്നിവ ഉപയോഗിക്കുകയും പൂർണമായും ഒരു കുട്ടിയുടെ മാനറിസങ്ങൾ അനുകരിക്കുകയും ചെയ്തു. ഒടുവിൽ ഇവരെ സംരക്ഷിച്ച കുടുംബം ഇവരുടെ 'പന്ത്രണ്ടാം ജന്മദിനം' ആഘോഷിച്ചതിന് തൊട്ടുപിന്നാലെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.


യുവതിയെ സ്വന്തം മകളെപ്പോലെ പരിപാലിച്ചിരുന്ന ദമ്പതികൾ ഇവരെ നിയമപരമായി ദത്തെടുക്കാൻ തീരുമാനിക്കുകയും, ഇവരുടെ അമിതവണ്ണം കുറയ്ക്കാനുള്ള ചികിത്സകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ നിയമപരമായ നടപടികളിൽ നിന്ന് പ്രതി എപ്പോഴും ഒഴിഞ്ഞുമാറി.


ഇതിൽ സംശയം തോന്നിയ ദമ്പതികളുടെ ബന്ധുക്കളിൽ ഒരാൾ ഓൺലൈനിൽ നടത്തിയ വിശദമായ പരിശോധനയിലാണ് യുവതിയുടെ യഥാർത്ഥ വിവരങ്ങളും മുൻകാല തട്ടിപ്പുകളും പുറത്തുവരുന്നത്. ഉടൻ തന്നെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സാവോ പോളോ, റിയോ ഡി ജനീറോ, മിനാസ് ജെറായിസ്, റിയോ ഗ്രാൻഡേ ഡോ സുൾ, ഗോയിയാസ് ഉൾപ്പെടെ ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിലായി സമാനമായ ഏഴോളം തട്ടിപ്പുകൾ ഇവർ മുൻപും നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home