സിഡ്‌നിയിലെ കൂഗി ബീച്ചിൽ സ്രാവിന്റെ ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്

പ്രതീകാത്മകചിത്രം
മെൽബൺ : ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സിഡ്‌നി കൂഗി ബീച്ചിൽ ശനിയാഴ്ച സ്രാവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കൂഗി ബീച്ചിൽ രാവിലെയുണ്ടായ ആക്രമണത്തിൽ 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയിൽ സ്രാവിന്റെ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. 2000 മുതൽ ഓസ്‌ട്രേലിയയിൽ ഒരു വർഷം ശരാശരി രണ്ടോ മൂന്നോ സ്രാവ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ടാരോംഗ കൺസർവേഷൻ സൊസൈറ്റി ഓസ്‌ട്രേലിയ, ഫ്ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി, ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന സർക്കാർ എന്നിവയുടെ പങ്കാളിത്തമുള്ള ഓസ്‌ട്രേലിയൻ ഷാർക്ക് ഇൻസിഡന്റ് ഡാറ്റാബേസ് പറയുന്നു.
ശനിയാഴ്ച നീന്തുന്നതിനിടെയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ബീച്ചിലുണ്ടായിരുന്നവർ ഉടൻ തന്നെ യുവതിയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ബീച്ചിൽ വെച്ച് പ്രഥമശുശ്രൂഷ നൽകിയതായി പ്രസ്താവനയിൽ പറയുന്നു. പിന്നീട് ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ തുറമുഖ നഗരമായ അൽബാനിക്ക് സമീപമുള്ള മൈക്കൽമാസ് ദ്വീപിൽ കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ ഡാനിയേൽ ടർപിൻ എന്ന യുവാവ് വെള്ള സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മെയ് 24 ന്, ഓസ്ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഗ്രേറ്റ് ബാരിയർ റീഫിൽ നടന്ന ആക്രമണത്തിൽ മുങ്ങൽ വിദഗ്ധൻ മൈക്കൽ ജെൻസിന് തലയ്ക്ക് മാരകമായ പരിക്കേറ്റു. സമീപത്ത് ബുൾ സ്രാവുകളെ കണ്ടെത്തിയിരുന്നു.
മെയ് 16ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പെർത്ത് തീരത്ത് 38കാരനായ സ്റ്റീവ് മാറ്റബോണിയും സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ വർഷം ആദ്യം ജനുവരിയിൽ സിഡ്‌നി ഹാർബറിൽ ഒരു ബുൾ സ്രാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ 12 വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. സർഫിംഗ്, സ്കൂബ ഡൈവിംഗ് തുടങ്ങിയ വിനോദപ്രവർത്തനങ്ങൾക്കിടെയാണ് ഭൂരിഭാഗവും സ്രാവിന്റെ ആക്രമണത്തിന് ഇരയായത്.










0 comments