നിപാ: 3 പേരുടെ ഫലം നെഗറ്റീവ്, 4 പേർ കൂടി നിരീക്ഷണത്തിൽ

തിരുവനന്തപുരം : കോഴിക്കോട് നിപ സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ്. രോഗബാധിതന്റെ അടുത്ത ബന്ധുക്കൾക്കാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലുള്ള രോഗിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സമ്പർക്ക പട്ടികയിലുള്ള നാലുപേരെ കൂടി ശനിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. നിലവിൽ 100 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള വിദഗ്ധസംഘം ശനിയാഴ്‌ച മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. റവന്യൂ മന്ത്രി എ പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അവലേകനയോഗം ചേർന്നു.
അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചപ്പോൾ അവിടെ തുടരാതെ തിരുവനന്തപുരത്തേക്ക് പോയത് രോഗം കൂടുതൽ വ്യാപിക്കാതിരിക്കാനെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്റെ പരാമർശം വിവാദമായി. രോഗം കേരളം മുഴുവൻ വ്യപിക്കാതെയിരിക്കാനാണ് തിരുവനന്തപുരത്ത് യോഗം ചേർന്നത്. അതിനാൽ നിപ കൂടുതൽ വ്യാപിച്ചില്ല. രോഗം പടരാത്തതിനാൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. നിപ സ്ഥിരീകരിക്കുമ്പോൾ കോഴിക്കോടുണ്ടായിരുന്ന മന്ത്രി അവിടെ തുടർന്ന് നടപടികൾ ഏകോപിപ്പിക്കാതെ തിരുവനന്തപുരത്തേക്ക് പോയതിൽ പ്രതിഷേധം ശക്തമായിരുന്നു.
അതേസമയം, നിപ വ്യാപിച്ചില്ലെങ്കിലും സംസ്ഥാനത്ത് ഷിഗല്ല വ്യാപനമുണ്ടെന്നും മന്ത്രി സമ്മതിച്ചു. പാലക്കാട് രണ്ടുപേർക്ക് കോളറ സ്ഥിരീകരിച്ചെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പാലക്കാട് ഡിഎംഒ ഇത് തെറ്റാണെന്ന് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പും മന്ത്രിയുമായി ഏകോപനമില്ലെന്ന് വിമർശനം തുടരുന്നതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കോഴിക്കോട് നിപ ബാധയിൽ പുണെയിൽ നിന്നുള്ള പരിശോധന ഫലം വന്നിട്ടും ഫലം വന്നിട്ടില്ലെന്ന മുരളീധരന്റെ പ്രസ്താവനയും നേരത്തെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.









0 comments