ad
Deshabhimani

രക്തദാനത്തിൽ റെക്കോർഡിട്ട്‌ ഡിവൈഎഫ്‌ഐ

സിരകളിൽ പടരുന്ന കരുതൽ

ജില്ലയിലെ രക്തബാങ്കുകളില്‍ കടുത്ത രക്തക്ഷാമം നേരിട്ട സാഹചര്യത്തില്‍ ഡിവൈഎഫ്ഐ  രക്തദാന സേനയായ ഐ ഡൊണേറ്റിന്റെ  നേതൃത്വത്തിൽ ഫെബ്രുവരിയിൽ കാഞ്ഞങ്ങാട്ടെ രക്ത ബാങ്കിൽ നടന്ന മെഗാ രക്തദാന ക്യാന്പിൽനിന്ന്‌ (ഫയൽ ചിത്രം)

ജില്ലയിലെ രക്തബാങ്കുകളില്‍ കടുത്ത രക്തക്ഷാമം നേരിട്ട സാഹചര്യത്തില്‍ ഡിവൈഎഫ്ഐ രക്തദാന സേനയായ ഐ ഡൊണേറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ കാഞ്ഞങ്ങാട്ടെ രക്ത ബാങ്കിൽ നടന്ന മെഗാ രക്തദാന ക്യാന്പിൽനിന്ന്‌ (ഫയൽ ചിത്രം)

avatar
സ്വന്തം ലേഖകൻ

Published on Jun 13, 2026, 10:25 PM | 2 min read

കാസർകോട്‌ ‘

വിശപ്പിന്‌ ഭക്ഷണം’ എന്നതുപോലെ ‘ജീവന്‌ രക്തം’ എന്നതാണ്‌ യുവതയുടെ മുദ്രാവാക്യം. പേരും നാടും അറിയാത്ത അനേകായിരം മനുഷ്യരുടെ ധമനികളിലും ഹൃദയങ്ങളിലുമാണ്‌ ആ കരുതൽ ഒഴുകിപ്പടർന്നുകൊണ്ടിരിക്കുന്നത്‌. സന്നദ്ധ രക്തദാനത്തിൽ എന്നും മുന്നിലാണ്‌ ഡിവൈഎഫ്ഐ. ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനംചെയ്ത സംഘടന എന്ന ഖ്യാതിക്ക്‌ ഇന്നും ഒരു കോട്ടവുമില്ല. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള അവാര്‍ഡ് ഡിവൈഎഫ്ഐക്കാണ് ലഭിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ‘ഐ ഡൊണേറ്റ്’ രക്തദാനസേന കാഞ്ഞങ്ങാട്, കാസർകോട്‌ രക്തബാങ്കുകളില്‍ തുടര്‍ച്ചയായി രക്തദാനം നടത്തുന്നു. ജില്ലയിലെ എല്ലാ ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രതിമാസ രക്തദാന ക്യാമ്പുകള്‍ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ഏറ്റെടുക്കുന്നുണ്ട്‌. വിവിധ ക്യാമ്പുകളിലായി 1500ലേറെ യൂണിറ്റ് രക്തമാണ്‌ ഡൊണേറ്റ്ചെയ്തത്‌. രക്തസാക്ഷി ദിനാചരണങ്ങളിലും വിവിധയിടങ്ങളിൽനിന്ന്‌ പ്രവർത്തകർ എത്തി രക്തം നൽകാറുണ്ട്‌. വരള്‍ച്ചയുടെയും പകര്‍ച്ചവ്യാധികളുടെയും കാലത്ത്‌ രക്തബാങ്കില്‍ കടുത്ത ക്ഷാമം നേരിട്ടിരുന്നു. ആ ഘട്ടത്തിൽ രക്ത ബാങ്കുകളിലെത്തി ഒരു മാസം നീണ്ടുനിന്ന മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അടിയന്തര ഘട്ടങ്ങളില്‍ മംഗളൂരുവിലും കണ്ണൂരും കോഴിക്കോടുമുള്ള വിവിധ ആശുപത്രികളിലെത്തി രക്തം നൽകാറുണ്ട്‌. ഒരു ഫോൺകോളിൽ ഏതു സമയത്തും എവിടെയും ഓടിയെത്താൻ സന്നദ്ധരായവരാണ്‌ ‘ഐ ഡൊണേറ്റ്’ പ്രവർത്തകർ. തൃക്കരിപ്പൂർമുതൽ മഞ്ചേശ്വരംവരെ തീയതി ക്രമീകരിച്ചാണ്‌ പ്രവർത്തകർ എത്തുക. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ രക്തബാങ്കിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, എളേരി, കാഞ്ഞങ്ങാട്, പനത്തടി ബ്ലോക്കുകളും കാസർകോട് ജനറൽ ആശുപത്രി രക്തബാങ്കിൽ ഉദുമ, ബേഡകം, കാറഡുക്ക, കാസർകോട്, കുമ്പള, മഞ്ചേശ്വരം, ബ്ലോക്കുകളിൽനിന്നുള്ളവരും രക്തം നൽകി വരുന്നു.


‘ഐ ഡോണേറ്റ്’ രക്തദാന സേന

രക്തദാന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ കാസർകോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന രക്തദാന സേനയാണ് ഐ ഡോണേറ്റ്. 2017ൽ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ജില്ലാതലത്തിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ ജില്ലയിലെ കാസർകോട്‌ ജനറൽ ആശുപത്രി രക്തബാങ്ക്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി രക്ത ബാങ്കുകളിൽ ദിവസേന 30 യൂണിറ്റോളം രക്തം ദാനംചെയ്യുന്നുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനംചെയ്യുന്ന സന്നദ്ധ സംഘടനയ്ക്കുള്ള സംസ്ഥാന സർക്കാരും, ബ്ലഡ് ബാങ്കുകളും ഏർപ്പെടുത്തുന്ന അവാർഡ് ഐ ഡോണെറ്റിനാണ് ലഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home