ad
Deshabhimani

മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; രക്താർബുദ രോ​ഗിയായ മൂന്നുവയസുകാരൻ മരിച്ചത് നഴ്സിന്റെ അശ്രദ്ധയിൽ

Child

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 13, 2026, 10:18 PM | 1 min read

ഭോപാൽ: മരുന്നിന് പകരം നഴ്സ് ഫോർമാലിൻ കുത്തിവെച്ചതിനെ തുടർന്ന് രക്താർബുദ രോ​ഗിയായ മൂന്നു വയസുകാരൻ മരിച്ചതായി റിപ്പോർട്. സാഗർ ജില്ലയിൽ നിന്നുള്ള സാർഥക് യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയക്ക് ചികിത്സയിൽ കഴിയുകയായിരുന്നു സാർഥക്. ബയോപ്സി സാമ്പിളുകൾ, മൃതദേഹങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വിഷകരമായ രാസവസ്തുവായ ഫോർമാലിൻ കുട്ടിയുടെ ശരീരത്തിൽ കുത്തിവെച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.


കഴിഞ്ഞ വർഷം ഡിസംബർ 17 നാണ് കുത്തിവെപ്പ് നടത്തിയത്. ബയോപ്സി സാമ്പിളുകൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന ഫോർമാലിൻ സിറിഞ്ചിലാക്കി വാർഡിൽ വച്ചിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. നഴ്സിങ് ഓഫീസറായ അനുക ഗുജറാത്തി ഈ സിറിഞ്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റിവെക്കുന്നതിനുപകരം രോഗിയുടെ കിടക്കയ്ക്ക് അരികിലായി വെക്കുകയായിരുന്നു.


ഡിസംബർ പതിനേഴിന് രാവിലെ കുട്ടിയുടെ ഐവി ലൈനിൽ തടസ്സം നേരിട്ടിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മധു ബാല ശർമ എന്ന നഴ്സ് സ്ഥലത്തെത്തുകയും കിടക്കയ്ക്ക് അരികിലുണ്ടായിരുന്ന സിറിഞ്ചിന്റെ ലേബൽ പരിശോധിക്കാതെ കുട്ടിയുടെ ഞരമ്പിലേക്ക് കുത്തിവെക്കുകയുമായിരുന്നു. മരുന്ന് മാറിയത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അച്ഛൻ പല തവണ മുന്നറിയിപ്പ് നൽകിയിട്ടും അവയൊന്നും വകവെച്ചില്ലെന്നും റിപ്പോര്‍ട് ഉണ്ട്.


ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചയുടനെ കുട്ടിയുടെ ആരോഗ്യാവസ്ഥ വഷളാവുകയും അബോധാവസ്ഥയിലുമായി. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. കുട്ടിയുടെ മരണത്തിന് കാരണമായത് ഫോർമാലിൻ ശരീരത്തിൽ പ്രവേശിച്ചതാണെന്ന് എയിംസ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും തെളിഞ്ഞു. സംഭവത്തിൽ അനുക ഗുജറാത്തി, മധു ബാല ശർമ എന്നീ രണ്ട് നഴ്സിങ് ഓഫീസർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home