ad
Deshabhimani

മനസ്സിലെന്നും 
ജീവൻകാക്കുന്ന ആഹ്ലാദം

റുക്‌നുദ്ധീൻ രക്തം നൽകുന്നു

റുക്‌നുദ്ധീൻ രക്തം നൽകുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 12:15 AM | 1 min read

മഞ്ചേരി

ഉറ്റവർ ആശുപത്രിയിൽ കിടക്കുന്പോൾ രക്തത്തിനുവേണ്ടി നെട്ടോട്ടമോടുക. ദാതാവിനെ തേടി അലയുക. ഉള്ളുലയ്‌ക്കുന്ന കാഴ്‌ചയാണത്‌. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബ്ലാഡ് സെന്ററിലെ ടെക്നിക്കൽ സൂപ്പർവൈസർ വള്ളുവമ്പ്രം അത്താണിക്കൽ സ്വദേശി റുക്‌നുദ്ധീൻ പലതവണ സാക്ഷിയായിട്ടുണ്ട്‌ ഇ‍ൗ നിസ്സഹായതയ്‌ക്ക്‌. അങ്ങനെ റുക്‌നുദ്ധീൻ ഒരു സ്ഥിരം രക്തദാതാവായി. ഇതുവരെ 65 തവണ രക്തം നൽകി. സ്വയം രക്തം നൽകാതെ മറ്റുള്ളവരോട് രക്തം ചോദിക്കുന്നത് ശരിയല്ല എന്നാണ് റുക്‌നുദ്ധീന്റെ അഭിപ്രായം. കൃത്യമായി മൂന്ന് മാസത്തിലൊരിക്കൽ രക്തം നൽകും. അടിയന്തര ഘട്ടങ്ങളിൽ പ്ലേറ്റ് ലറ്റുകളും പ്ലാസ്മയും വേർതിരിച്ചുനൽകുന്ന 'അഫറെസിസ്' രീതിയിലൂടെയും രക്തം ദാനംചെയ്യാറുണ്ട്. നോമ്പുകാലത്ത് ആളുകൾ രക്തം നൽകാൻ മടിച്ചപ്പോൾ നോമ്പെടുത്തുതന്നെ രക്തം നൽകിയ അനുഭവവുമുണ്ട്‌ ഇദ്ദേഹത്തിന്‌. "ഇത്രയും തവണ രക്തം നൽകിയിട്ടും ഒരുവിധ ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായിട്ടില്ല. ജീവൻ രക്ഷിക്കാനാകുമെന്ന മാനസിക സംതൃപ്തി ലഭിക്കുന്നുണ്ട്‌'–റുക്‌നുദ്ധീൻ പറയുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിലവിൽ പ്രതിമാസം അഞ്ഞൂറോളം പേർ രക്തം നൽകാൻ എത്താറുണ്ട്. എങ്കിലും നോമ്പുകാലം, സ്കൂൾ, -കോളേജ് അവധി ദിവസങ്ങൾ എന്നിവയിൽ രക്തലഭ്യത കുറയാറുണ്ട്. ഒരാൾ നൽകുന്ന രക്തം മൂന്നോ നാലോ ഘടകങ്ങളാക്കി വേർതിരിച്ച് 2000 ഘടകങ്ങൾവരെ സൂക്ഷിക്കാനുള്ള സൗകര്യം മഞ്ചേരി മെഡിക്കൽ കോളേജിലുണ്ട്. ശേഖരിക്കുന്ന രക്തം ഏറ്റവും പുതിയ സാങ്കേതികവിദ്യയായ 'ക്ലിയ മെഷീൻ' (CLIA) ഉപയോഗിച്ച് പരിശോധിച്ച് പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ രക്തം ദാനംചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോണ്‍: 8304845040.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home