നെഹ്‌റുവിന്റെ പേരിലല്ലേ, അതെങ്കിലും പരിഗണിക്കണ്ടേ
അവഗണനയിൽ നാഗന്പടം സ്‌റ്റേഡിയം

നാഗമ്പടം നെഹ്റു സ്റ്റേഡിയം വെള്ളവും കാടും കയറിയ നിലയിൽ

സ്വന്തം ലേഖകൻ
Published on Jun 14, 2026, 12:46 AM | 1 min read
കോട്ടയം
കാൽപന്തുകളിയുടെ ആവേശക്കടൽ നാടാകെ പടർന്നു. ജില്ലയിലെങ്ങും ആവേശത്തിന്റെ താളമേളം. വാമോസ് അര്‍ജന്റീന, വിവ ബ്രസീല്‍, പോര്‍ച്ചുഗല്‍... പോര്‍ച്ചുഗല്‍... ആര്‍പ്പുവിളികളുമായി നാട് ഫുട്‌ബോള്‍ ലഹരിയിലേക്ക് പോകുമ്പോൾ കായിക താരങ്ങളുടെ സ്വപ്‌നങ്ങൾ പൂവിടേണ്ട നാഗമ്പടം നെഹ്റു സ്‌റ്റേഡിയം ഇന്നും അവഗണനയുടെ ട്രാക്കിലാണ്. സ്‌റ്റേഡിയത്തിന്റെ ശോച്യാവസ്ഥ കണ്ടിട്ടും നഗരസഭയ്‌ക്ക് കണ്ട ഭാവമില്ല. നഗരസഭയുടെ ഉടമസ്ഥതയിലാണ് നാഗമ്പടം നെഹ്റു സ്‌റ്റേഡിയം. ഒമ്പത് ഏക്കർ വിസ്‌തൃതിയിലുള്ള സ്‌റ്റേഡിയം ഒറ്റ മഴയിൽ വെള്ളക്കെട്ടാവും. പിന്നെ വേണേൽ മഴ തീരുന്നതുവരെ നീന്തൽകുളമാക്കാം. സ്‌റ്റേഡിയത്തിന് ചുറ്റും കാടും പുല്ലും വളർന്നു. മാലിന്യകൂമ്പാരം വേറെ. ഗാലറിക്ക് ചുറ്റും 148 കടമുറികളുണ്ട്. പലതും ഒഴിഞ്ഞു. ഗാലറിയും കെട്ടിടത്തിലെ കടമുറികളും വിണ്ടുകീറി ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ്. സിമന്റ് പാളികൾ അടർന്നു വീണും അപകടം ഉണ്ടാകുന്നതും പതിവാണ്. സൗരോർജ വിളക്കുകൾ ബാറ്ററി സഹിതം മോഷണം പോയിട്ടു നാളേറെയായി. ഇതുവരെ കണ്ടെത്താനും സാധിച്ചില്ല. തെരുവു വിളക്കുകളുമില്ല. നഗരസഭയുടെ ശുചീകരണ വിഭാഗം ഇടയ്ക്കു കാട് വെട്ടിത്തെളിക്കുന്നത് ഒഴിച്ചാൽ മറ്റൊരു നടപടിയുമില്ല. ഇവിടെ സിന്തറ്റിക് ട്രാക്ക് അടക്കം കൊണ്ടുവരുമെന്ന എംഎൽഎയും സ്‌പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ വാഗ്‌ദാനം മാത്രമായി അവശേഷിക്കുന്നു. ഇത് ഏറ്റുപിടിച്ച് നഗരസഭ ബജറ്റുകളിൽ സ്‌റ്റേഡിയം നന്നാക്കുന്നതിന് പണം വകയിരുത്തിയെങ്കിലും ഒരു നടപടിയുമില്ല. ഒരുപാട് കായിക താരങ്ങൾക്ക് ജന്മം നൽകിയ സ്‌റ്റേഡിയമാണ് അധികൃതരുടെ അവഗണന കൊണ്ട് നശിക്കുന്നത്.









0 comments