രക്തദാനം ജോപ്പന് ജീവിത വ്രതം

ജോപ്പൻ
വി കെ വേണുഗോപാൽ
Published on Jun 14, 2026, 02:10 AM | 1 min read
മങ്കൊമ്പ്
കുട്ടനാട്ടിലും പുറത്തും രക്തം വേണമെങ്കിൽ ആവശ്യക്കാർ അദ്യം ഫോണെടുത്ത് ഡയൽചെയ്യുകജോപ്പൻ ജോയിയെയാണ്. സുരക്ഷിതമായ രക്തദാന അവബോധം വളർത്തുന്നതിനും രക്തദാതാക്കളുടെ സന്നദ്ധത പ്രോത്സാഹിപ്പിക്കുന്നതിനും മുന്നിലുണ്ട് ചമ്പക്കുളം ഈസ്റ്റ് വാരിക്കാട് വീട്ടിൽ ജോപ്പൻ. ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് അസിസ്റ്റന്റായിരുന്ന ജോപ്പൻ നാലുപതിറ്റാണ്ടായി രക്തദാന സേവനത്തിലുണ്ട്. 1985ൽ എടത്വ സെന്റ് അലോഷ്യസ് കോളേജിലെ പ്രീഡിഗ്രി പഠനസമയത്ത് നാഷണൽ സ്കീം വളന്റിയറായി പ്രവർത്തിച്ചുവരുന്നതിനിടെ സഹപാഠിക്ക് രക്തം നൽകിയായിരുന്നു തുടക്കം. ഹൃദയസംബന്ധമായ അസുഖം ബാധിച്ച സഹപാഠിക്ക് തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി എ നെഗറ്റീവ് ഗ്രൂപ്പ് നൽകിയത് വഴിത്തിരിവായി. പേരോ നാടോ അടുത്തറിയാത്തവർക്കുൾപ്പടെ രക്തം നൽകണമെന്ന് ജോപ്പൻ അന്ന് തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകൾക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ആശുപത്രികളിലായി എൺപതോളം തവണ രക്തം നൽകാനായി. ആലപ്പുഴ മെഡിക്കൽ കോളേജ് ബ്ലഡ് ഡൊണേഷൻ ഫോറം പ്രസിഡന്റ് കൂടിയായ ജോപ്പൻ 2010-–15 കാലഘട്ടത്തിൽ ചമ്പക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: മേഴ്സിമോൾ. മക്കൾ: മാത്യൂസ്, സ്കറിയ, എലൈസ്.










0 comments