മൂവാറ്റുപുഴ ഡമ്പിങ് യാർഡിൽ ബയോമൈനിങ് പൂർത്തിയാക്കണം

സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എ റിയാസ്ഖാന്റെ നേതൃത്വത്തിൽ കടാതിയിലെ ഡമ്പിങ് യാർഡ് സന്ദർശിക്കുന്നു
മൂവാറ്റുപുഴ
മഴക്കാലത്തിനു മുന്നോടിയായി മൂവാറ്റുപുഴ നഗരസഭയുടെ ഡന്പിങ് യാർഡിൽ മാലിന്യ സംസ്കരണത്തിന് മുൻകരുതലെടുക്കാത്തതിൽ പായിപ്ര പഞ്ചായത്ത് മുടവൂർ ഭാഗത്തെ 19, 20 വാർഡ് നിവാസികളുടെ പ്രതിഷേധം. സിപിഐ എം പായിപ്ര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം എ റിയാസ്ഖാന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.
നഗരസഭ 27-ാം വാർഡിൽ പായിപ്ര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന കടാതി വളക്കുഴിയിലെ ഡമ്പിങ് യാർഡ് സ്ഥിതി ചെയ്യുന്നത് പായിപ്ര പഞ്ചായത്ത് ഉൾപ്പെടുന്ന സ്ഥലത്താണ്. മഴക്കാലത്തിന് മുമ്പ് പൂർത്തീകരിക്കേണ്ട ബയോമൈനിങ് എങ്ങുമെത്തിയില്ല. കരാറെടുത്ത കമ്പനിയും നഗരസഭ ഭരണസമിതിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നു എന്നാണ് ആക്ഷേപം.
പ്രദേശത്ത് മാലിന്യം കുന്നുകൂടി ദുർഗന്ധം വമിക്കുന്നു. പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുന്നു. പരിസരത്തെ കിണറുകളിൽ മാലിന്യം ഒഴുകിയെത്തി ഉപയോഗയോഗ്യമല്ലാതാവുന്നു. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഡമ്പിങ് യാർഡിലെ തൊഴിലാളികൾക്ക് സുരക്ഷാസംവിധാനമൊരുക്കി വൈദ്യപരിശോധന നടത്തണമെന്നും ലോക്കൽ സെക്രട്ടറി റിയാസ് ഖാൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം കെ ഇ ഷിഹാബ്, പി എം നൗഫൽ, കെ കെ കുട്ടപ്പൻ, അലിക്കുഞ്ഞ്, പി എം അഖിൽ എന്നിവരുമൊപ്പമുണ്ടായി.










0 comments