സൂചിയും നൂലുമുപയോഗിച്ച് യുവതിയുടെ ചുണ്ടുകൾ തുന്നിക്കെട്ടിച്ചു; ഭീഷണിപ്പെടുത്തിയാണ് ചെയ്യിച്ചതെന്ന് പ്രതിയായ 50കാരി

മിറ്റോ: കൂടെ താമസിച്ചിരുന്ന 42കാരിയെ ഭീഷണിപ്പെടുത്തി സൂചിയും നൂലും ഉപയോഗിച്ച് സ്വന്തം ചുണ്ടുകൾ തുന്നിക്കെട്ടാൻ നിർബന്ധിച്ചെന്ന കുറ്റം 50കാരിയായ പ്രതി കോടതിയിൽ സമ്മതിച്ചു. ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപമുള്ള ഇബറാക്കി പ്രവിശ്യയിലെ മിറ്റോ ജില്ലാ കോടതിയുടെ ഷിമോത്സുമ ബ്രാഞ്ചിൽ ബുധനാഴ്ച നടന്ന വിചാരണയുടെ ആദ്യ ഘട്ടത്തിലാണ് മസായെ സകുറായ് എന്ന സ്ത്രീ കുറ്റസമ്മതം നടത്തിയത്.
കഴിഞ്ഞ ജൂലൈയിൽ അറസ്റ്റിലായപ്പോൾ ഇവർ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സകുറായിയുടെ വീട്ടിലെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളെ എതിർക്കുന്നില്ലെന്നും കുറ്റം സമ്മതിക്കുന്നതായും പ്രതിഭാഗം അഭിഭാഷകർ വ്യക്തമാക്കി.
"ജോലി ചെയ്യാത്തവർക്ക് ഭക്ഷണം കഴിക്കാൻ അവകാശമില്ല" എന്ന് സകുറായ് പറഞ്ഞതിനെ തുടർന്ന് 42കാരിയായ യുവതി ഭക്ഷണം ഒഴിവാക്കിയിരുന്നു. എന്നാൽ പിന്നീട് ഇവരുടെ അനുവാദമില്ലാതെ ഭക്ഷണം കഴിച്ചതാണ് സകുറായിയെ പ്രകോപിപ്പിച്ചത്. തുടർന്ന് ജൂൺ 18നും 24നും ഇടയിലുള്ള ദിവസങ്ങളിൽ യുവതിയെ ഭീഷണിപ്പെടുത്തുകയും, "ഞാനാണ് ഇത് ചെയ്യുന്നതെങ്കിൽ വേദന ഇരട്ടിയാകും" എന്ന് പറഞ്ഞ് സ്വന്തം ചുണ്ടുകൾ തുന്നിക്കെട്ടാൻ നിർബന്ധിക്കുകയുമായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജൂൺ 29ന് സകുറായ് തന്നെ യുവതിയുടെ ചുണ്ടുകൾ തുന്നിക്കെട്ടിയെന്ന സംശയത്തിലായിരുന്നു ആദ്യം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചതിനെത്തുടർന്ന് പ്രോസിക്യൂട്ടർമാർ കഴിഞ്ഞ മാസം ഈ കുറ്റം ഒഴിവാക്കിയിരുന്നു.
2025 ഏപ്രിൽ മുതൽ ഇബറാക്കിയിലെ കോഗ നഗരത്തിലുള്ള വീട്ടിൽ സകുറായിക്കൊപ്പമായിരുന്നു 42കാരി താമസിച്ചിരുന്നത്. ഭയം കാരണം നേരത്തെ ഓടിപ്പോകാൻ സാധിച്ചിരുന്നില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒടുവിൽ ജൂലൈ ആദ്യവാരം സകുറായ് പുറത്തുപോയ തക്കത്തിന് മാസ്ക് ധരിച്ച് വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി അടുത്തുള്ള കടയിലെത്തുകയും, "ദയവായി എന്നെ സഹായിക്കൂ" എന്നെഴുതിയ കടലാസ് കടയുടമയെ കാണിക്കുകയുമായിരുന്നു. തുടർന്ന് കടയിലെ ജീവനക്കാരനാണ് പൊലീസിൽ വിവരമറിയിച്ചത്.
മൂക്കിന് താഴെ മുതൽ കീഴ്ചുണ്ടിന് താഴെ വരെ പലതവണ സൂചി കൊണ്ട് കുത്തി വായയുടെ ഉൾഭാഗത്തുകൂടി നൂൽകടത്തിയാണ് ചുണ്ടുകൾ തുന്നിക്കെട്ടിയിരുന്നത്. അതിനാൽ പുറമെ നിന്ന് നോക്കുമ്പോൾ തുന്നൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുമായിരുന്നില്ല. യുവതിയുടെ പരിക്ക് ഗുരുതരമായിരുന്നെങ്കിലും ജീവന് അപകടമില്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുന്നവർക്ക് അഭയം നൽകുകയും അവർക്ക് ജോലി കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നയാളായിരുന്നു സകുറായ് എന്നാണ് പരിചയക്കാർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. വീട്ടിൽ മറ്റാരെങ്കിലും താമസിച്ചിരുന്നോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.









0 comments