യുഎസ് അടച്ചുപൂട്ടൽ; നാസ പ്രവർത്തനം നിർത്തി, മസ്‌കിന്റെ ചാന്ദ്ര ദൗത്യം തുടരും

വാഷിങ്ടൺ: സർക്കാർ ഫണ്ടിംഗ് തകരാറിലായതിനെത്തുടർന്ന് ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചു. സർക്കാർ ചെലവുകൾക്കുള്ള ധനാനുമതി ബിൽ കോൺഗ്രസിൽ പാസാകാതായതോടെ യുഎസിൽ ഫെഡറൽ ഷട്ട്ഡൗൺ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ വന്നതോടെ ഒക്ടോബർ ഒന്നിന് അമേരിക്കയിലെ സർക്കാർ ഓഫിസുകൾ അടച്ചിടാൻ നിർബന്ധിതമായിരുന്നു.
ഇതോടെ നാസ ഉൾപ്പെടെയുള്ള നിരവധി സർക്കാർ ഏജൻസികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണ്. നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ “NASA is currently closed due to a lapse in Government funding” എന്ന സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അടച്ചിടൽ ഉണ്ടായതോടെ നാസയിലെ 15,000 ജീവനക്കാർ താത്കാലികമായി ശമ്പളമില്ലാ അവധിയിൽ പ്രവേശിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിൻരെ കമ്പനി കരാർ പങ്കാളിയായ ചാന്ദ്ര ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ നാസ തുടരും. 50 വർഷത്തിന് ശേഷം മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര ദൗത്യമാണ് നാസ നടത്തുന്നത്. 10 ദിവസം നീളുന്ന ദൗത്യത്തിന് 'ആർട്ടെമിസ് 2' എന്നാണ് പേരിട്ടിരിക്കുന്നത്. 2026 ഫെബ്രുവരിയിലാകും ദൗത്യം നടക്കുക.










0 comments