തുർക്കിയിലും ഗ്രീസിലും കാട്ടുതീ പടരുന്നു

ഇസ്‌താംബൂൾ: തുർക്കിയിലും ഗ്രീസിലും കാട്ടുതീ പടരുന്നു. തുർക്കിയെ പൂർണമായും വിഴുങ്ങുന്ന രീതിയിലാണ് രാജ്യത്ത് കാട്ടുതീ പടരുന്നത്. ഞായറാഴ്ച പുലർച്ചെ രാജ്യത്തെ നാലാമത്തെ വലിയ നഗരമായ ബർസയിൽ കാട്ടുതീ പടര്‍ന്നിരുന്നു. കാട്ടുതീയെ തുടർന്ന് 1,700-ലധികം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്തു.
ഉയർന്ന ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഗ്രീസിലും കാട്ടുതീ പടരുകയാണ്. അഗ്നിശമന സേനയുൾപ്പെടെ തീ അണയ്‌ക്കുന്നതിനുള്ള ശ്രമം തുടരുന്നു. സെൻട്രൽ ഗ്രീസിൽ 42.4 ഡിഗ്രി സെൽഷ്യസ് ചൂടാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതൻസിന് പടിഞ്ഞാറുള്ള പെലോപ്പൊന്നീസ്, എവിയ, കൈത്തിറ, ക്രീറ്റ് ദ്വീപുകളിലാണ് കാട്ടുതീ അണയ്‌ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
തുർക്കിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂടാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്‌ച 50.5 ഡിഗ്രീ സെൽഷ്യസ് ചൂടാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു.
ഗ്രീസിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നത് തീപിടുത്തം തുടരാൻ കാരണമായിട്ടുണ്ട്. തീ അണയ്‌ക്കുന്നതിന് വേണ്ടി ആറ് അഗ്നിശമന വിമാനങ്ങൾക്കായി രാജ്യം യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തിൽ നിന്ന് ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.









0 comments