ക്രീറ്റിൽ കാട്ടുതീ; ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു

photo credit: X
ഏതൻസ്: ഗ്രീക്കിലെ ക്രീറ്റ് ദ്വീപിൽ കാട്ടുതീ. വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തിൽ ആയിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ തീ വീടുകളിലേക്കും കെട്ടിടങ്ങളിലേയ്ക്കും പടർന്നതായി അഗ്നിശമന സേന പറഞ്ഞു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തെത്തുടർന്ന് മൂന്ന് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ശ്വസന പ്രശ്നങ്ങൾ മൂലം ചിലരെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ക്രീറ്റിലെ ഡെപ്യൂട്ടി സിവിൽ പ്രൊട്ടക്ഷൻ ഗവർണർ ജോർജ്ജ് സാപാക്കോസ് പബ്ലിക് ബ്രോഡ്കാസ്റ്റർ ഇആർടിയോട് പറഞ്ഞു. പ്രദേശത്ത് ശക്തമായി കാറ്റുവീശുന്നത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബ്യൂഫോർട്ട് സ്കെയിലിൽ 9 ആണ് കാറ്റിന്റെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന താപനിലയും ശക്തമായ കാറ്റും കാരണം അധികൃതർ നേരത്തെതന്നെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഗ്രീസിലെ ഏറ്റവും വലിയ ദ്വീപായ ഈരാപേത്രയുടെ തെക്കുകിഴക്കൻ തീരത്ത് കഴിഞ്ഞ ദിവസം കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. 230 അഗ്നിശമന സേനാംഗങ്ങളുടെയും ഹെലികോപ്റ്ററുകളെയും സഹായത്തോടെയാണ് തീപിടുത്തം നിയന്ത്രിച്ചത്. വേനൽക്കാലത്ത് യൂറോപ്പിൽ തീപിടുത്തങ്ങൾ സാധാരണമാണ്. യൂറോപ്പിൽ ഉഷ്ണതരംഗത്തിന്റെ ഫലമായി എട്ട് പേർ മരിച്ചു. തുർക്കിയിൽ കാട്ടുതീ മൂലം ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്.








0 comments