ഫ്രാൻസിൽ പടർന്ന് കാട്ടുതീ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

പാരിസ് : സ്പാനിഷ് അതിർത്തിക്കടുത്തുള്ള ഫ്രാൻസിലെ മെഡിറ്ററേനിയൻ മേഖലയിൽ കാട്ടുതീ പടരുന്നു. അതിവേഗം പടരുന്ന കാട്ടുതീയിൽ ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നി ശമന സേന ഉദ്യോഗസ്ഥനാണ് മരിച്ചതെന്ന് വിവരമുണ്ട്. ബുധനാഴ്ച ആരംഭിച്ച കാട്ടുതീയിൽ പാരീസിലെ ചില പ്രദേശങ്ങളടക്കം കത്തി. ഇപ്പോഴും കാട്ടുതീ പടരുകയാണെന്നും നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 13,000 ഹെക്ടറിൽ (32,000 ഏക്കർ) തീ പടർന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
വൈനറികൾ സ്ഥിതി ചെയ്യുന്ന ഗ്രാമപ്രദേശമായ ഓഡ് മേഖലയിലെ റിബൗട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തീ പടർന്നത്. തീ അണയ്ക്കാൻ ഏകദേശം 2,000 അഗ്നിശമന സേനാംഗങ്ങളും വാട്ടർ ബോംബർ വിമാനങ്ങളും സ്ഥലത്തെത്തി. ചൂടും കാറ്റും വർധിച്ചതോടെ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. തീപടരുന്നതിന് സമീപത്തുള്ള ജോൻക്വിയേഴ്സ് ഗ്രാമത്തിലെ എല്ലാ താമസക്കാരെയും ഒഴിപ്പിച്ചതായി മേയർ ജാക്വസ് പിറാക്സ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ താമസക്കാരോടും വിനോദസഞ്ചാരികളോടും വീടുകളിൽ തന്നെ തുടരാൻ അഭ്യർഥിച്ചു. മുൻകരുതലിന്റെ ഭാഗമായി രണ്ട് ക്യാമ്പ് സൈറ്റുകൾ ഒഴിപ്പിച്ചു.
സ്പെയിനിലെ ബീച്ച്ടൂറിസ്റ്റ് പട്ടണമായ താരിഫയിൽ 1500 ആളുകളെയും 5000 വാഹനങ്ങളും ഒഴിപ്പിച്ചു. പോർച്ചുഗലിൽ 42,000 ഹെക്ടർ വനം കാട്ടുതീയിൽ കത്തിച്ചാമ്പലായി.








0 comments