ലെബനനിൽ വെടിനിര്‍ത്തൽ നീട്ടിയതായി അമേരിക്ക, പ്രഖ്യാപനത്തിനിടയിലും ഇസ്രയേൽ ആക്രമണം, കൊല്ലപ്പെട്ടത് 400 ൽ അധികം പേര്‍

image courtesy- AP/
ബെയ്റൂത്ത്: ഇസ്രായേലും ലെബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്കു കൂടി നീട്ടാൻ മധ്യസ്ഥ ചര്‍ച്ചയിൽ ധാരണയായതായി ട്രംപ് ഭരണകൂടം. ഇസ്രയേൽ ആക്രമണം പതിവ് പോലെ ആവര്‍ത്തിക്കുന്നതിനിടയിലാണ് സമാധാനകരാര്‍ എന്ന പദം ആവര്‍ത്തിക്കുന്നത്. വെടി നിര്‍ത്തൽ കരാര്‍ ആറ് ആഴ്ച കൂടി ദീര്‍ഘിപ്പിച്ചതായാണ് അവകാശവാദം.
ഏപ്രിൽ 17-ന് പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷവും ഇരുവശത്തുമുള്ള ആക്രമണങ്ങളിൽ കുറവുണ്ടായിട്ടില്ല. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ആദ്യ കരാര്‍ നിലിവിലുണ്ടായിരുന്ന ഏപ്രിൽ മധ്യത്തിൽ മാത്രം 400-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 22 കുട്ടികളും ഉൾപ്പെടുന്നു. പതിവ് ശൈലിയിൽ അടിസ്ഥാന സൗകര്യങ്ങളെയും സാധാരണ ഗ്രാമങ്ങളെയുമാണ് ഇസ്രയേൽ ആക്രമിക്കുന്നത്. ആദ്യത്തെ സമാധാന കരാറിന്റെ മൂന്നാഴ്ചയും ആക്രമണം തുടര്‍ന്നു, ഇപ്പോൾ നീട്ടൽ പ്രഖ്യാപനം നടത്തിയിരിക്കയാണ്.
വാഷിങ്ടണിൽ ചർച്ച; നിലത്ത് യുദ്ധം
യുഎസ് വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ചയാണ് വെടിനിർത്തൽ 45 ദിവസത്തേക്കു കൂടി നീട്ടിയതായി സ്ഥിരീകരിച്ചത്. അടുത്ത ചർച്ചകൾ ജൂൺ 2-3 തീയതികളിൽ നടക്കും. എന്നാൽ ഈ പ്രഖ്യാപനത്തിനു തൊട്ട് പിന്നാലെ പോലും ഇസ്രായേൽ സൈന്യം ലെബനനിലെ നബാത്തിയ, ടയർ, ബിന്റ് ജ്ബെയ്ൽ ജില്ലകളിൽ വ്യോമാക്രമണവും ഷെല്ലാക്രമണവും തുടർന്നു. കഴിഞ്ഞ ദിവസം മാത്രം ഏഴു പേർ കൊല്ലപ്പെട്ടു. ഇതിൽ പാരാമെഡിക്കുകളും ഉൾപ്പെടും. നിരവധി പേർക്ക് പരിക്കേറ്റു.
ഏപ്രിൽ 8-ന് വെടിനിർത്തൽ പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇസ്രായേൽ ലെബനനിൽ നടത്തിയ വൻ ആക്രമണത്തിൽ 10 മിനിറ്റിനുള്ളിൽ 303 പേരാണ് കൊല്ലപ്പെട്ടത്. ഇത് വെടിനിർത്തലിന്റെ ഫലപ്രാപ്തിയെക്കുറിച്ചും അമേരിക്കൻ ഭരണകൂടം ലോകത്തിന് മുന്നിൽ നടത്തുന്ന സമാധാന നാടകത്തെ കുറിച്ചും വിമര്‍ശനങ്ങളും ചര്‍ച്ചയും ഉയര്‍ത്തി.
ഇസ്രായേൽ ആക്രമണങ്ങൾക്കും തെക്കൻ ലെബനനിലെ സൈനിക അധിനിവേശത്തിനുമെതിരെ ഹിസ്ബുള്ള ഡസൻ കണക്കിന് പ്രത്യാക്രമണങ്ങൾ നടത്തുന്നു. ഇസ്രായേൽ ടാങ്കുകൾ, ബുൾഡോസറുകൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് മിസൈലുകളും ആർട്ടിലറി ഷെല്ലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടത്തുന്നു. ഇതിനിടയിലാണ് ജനങ്ങളുടെ ജീവിതം.
മാനുഷിക ദുരന്തം
തുടർച്ചയായുള്ള ആക്രമണങ്ങൾ ലെബനനിൽ വൻ മാനുഷിക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതായാണ് യു എൻ കണക്ക്. 16 ലക്ഷത്തിലധികം ആളുകൾ നാടും വീടും ഉപജീവന മാര്‍ഗ്ഗങ്ങളും വിട്ട് ഒളിച്ചുപോകാൻ നിർബന്ധിതരായി. ലെബനന്റെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരും ഇത്.
കുറഞ്ഞത് 110 ആരോഗ്യപ്രവർത്തകർ വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം മാത്രം കൊല്ലപ്പെട്ടു. സിവിൽ ഡിഫൻസ് കേന്ദ്രം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടു. രക്ഷാപ്രവർത്തകർക്കുനേരെയുള്ള ആക്രമണം മൂലം പലയിടത്തും രക്ഷാപ്രവർത്തനങ്ങൾ തന്നെ സാധ്യമല്ലാതാക്കി തീര്‍ത്തു.
'ബഫർ സോൺ'
അധിനിവേശ സൈനിക കേന്ദ്രം
തെക്കൻ ലെബനനിൽ ഇസ്രായേൽ ഒരു 'ബഫർ സോൺ' സൃഷ്ടിക്കുന്നതായും അവിടെ തങ്ങളുടെ സൈനിക സാന്നിധ്യം തുടരുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ടയർ നഗരത്തിൽ പോലും ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ മനുഷ്യാവകാശ സംഘടനകൾ രൂക്ഷമായി വിമർശിക്കുന്നു. പക്ഷേ ഇസ്രയേൽ യുദ്ധം തുടരുകയാണ്.
ലെബനനിലെ ആക്രമണങ്ങളും അധിനിവേശവും പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ലെബനൻ ആവശ്യപ്പെടുമ്പോൾ, ഹിസ്ബുള്ളയെ പൂർണ്ണമായും നിരായുധരാക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഇതിനിടയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കുന്ന തന്ത്രം ഇസ്രയേൽ പ്രയോഗിക്കുന്നു. തദ്ദേശീയരെ അഭിയാര്‍ഥികളായി ഓടിക്കുന്നു. അടുത്ത ചർച്ചകൾ ജൂൺ ആദ്യം നടക്കും. അതുവരെ വെടിനിർത്തൽ എന്ന പേരിൽ മാത്രം ഒതുങ്ങുന്ന ഈ സന്ധി സംഘർഷത്തിന് യാതൊരു പരിഹാരവും നൽകില്ല എന്ന നിഗമനത്തിലാണ് നിരീക്ഷകർ.










0 comments