യുദ്ധവാർത്തകൾ ചോർത്തി കോടികളുടെ ലാഭം; വൈറ്റ് ഹൗസിൽ 'ഇൻസൈഡർ ട്രേഡിങ്'

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങൾ ചോർത്തി വിപണിയിൽ നിന്ന് കോടികൾ ലാഭമുണ്ടാക്കിയതായി വെളിപ്പെടുത്തൽ. വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ വഴി മുൻകൂട്ടി വിവരങ്ങൾ അറിഞ്ഞ വൻകിട ട്രേഡർമാർ എണ്ണവിലയിലും ഓഹരി വിപണിയിലും വൻതോതിൽ കൃത്രിമം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡൊണാൾഡ് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ 'ഇൻസൈഡർ ട്രേഡിങ്' വിവാദം. ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുൻപ് ആഗോള വിപണിയിൽ വലിയ തോതിലുള്ള വ്യാപാര നീക്കങ്ങൾ നടന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധം നിലയ്ക്കുമെന്നും എണ്ണവില കുറയുമെന്നും മുൻകൂട്ടി അറിഞ്ഞവർ ഇതിലൂടെ ദശലക്ഷക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയതായാണ് ആരോപണം. ഇറാന്റെ പത്ത് നിർദ്ദേശങ്ങൾ ട്രംപ് അംഗീകരിച്ചതും വെടിനിർത്തൽ പ്രഖ്യാപനവും ഔദ്യോഗികമായി പുറത്തു വരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ചില നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ചിരുന്നു.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവരുന്നതിന് തൊട്ടുമുൻപും വിപണിയിൽ അസ്വാഭാവികമായ മാറ്റങ്ങൾ ദൃശ്യമായി. വൈറ്റ് ഹൗസിലെ രഹസ്യങ്ങൾ ചോർത്തുന്നതിന് പിന്നിൽ ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരാണെന്ന ആരോപണം ശക്തമാണ്.
യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ മറവിൽ നടക്കുന്ന ഇത്തരം സാമ്പത്തിക അഴിമതികൾ ആഗോള സാമ്പത്തിക മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണക്കാരായ നിക്ഷേപകർക്ക് വൻ നഷ്ടം സംഭവിക്കുമ്പോൾ, അധികാരത്തിന്റെ ഇടനാഴികളിലുള്ളവർ യുദ്ധവാർത്തകളെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റുന്നുവെന്നാണ് ഉയരുന്ന വിമർശനം. സംഭവത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.










0 comments