Deshabhimani

കോൺഗ്രസിന്റെ ഇരുസഭകളും പ്രതിപക്ഷം പിടിച്ചടക്കുമോ? വിധിയെഴുതാൻ യുഎസ് വോട്ടര്‍മാര്‍

vote 5
വെബ് ഡെസ്ക്

Published on Nov 03, 2026, 03:05 PM | 3 min read

വാഷിങ്ടൺ: ബാലറ്റ് പേപ്പറിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പേരില്ല. എങ്കിലും "താനാണ് മത്സരരംഗത്തുള്ളതെന്ന് കരുതി വോട്ട് ചെയ്യുക" എന്നാണ് ട്രംപ് വോട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് നേരിട്ട് മത്സരിക്കുന്നില്ലെങ്കിലും പ്രസിഡന്റിന്റെ വിധി നിര്‍ണയിക്കുന്നതാണ് ഇന്ന് യുഎസ് പൗരൻമാര്‍ രേഖപ്പെടുത്തുന്ന ഓരോ വോട്ടും. ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻമാര്‍ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ അത് രാജ്യ ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടിയാവും. ലോകം ഉറ്റു നോക്കുന്നതാണ് ഇന്നത്തെ വോട്ടെടുപ്പ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വോട്ടെടുപ്പുമാണിത്.


ഭരണപക്ഷത്തുള്ള പാര്‍ടിക്ക് തിരിച്ചടി കിട്ടുക എന്നത് ഇടക്കാല തെരഞ്ഞെടുപ്പിലെ പതിവാണ്. പക്ഷേ ഇരുസഭകളിലും സ്വാധീനം നഷ്ടപ്പെടുക സാധാരണമല്ല. ട്രംപിന്റെ കുറഞ്ഞ ജനപ്രീതി ഇരു സഭകളിലും വോട്ടെടുപ്പിൽ പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റ് പക്ഷം. അത് ഇത്തിരി അതിരു കടന്ന പ്രതീക്ഷയാണ്. പക്ഷേ സാഹചര്യങ്ങൾ പ്രതീക്ഷകളെ ശരിവെക്കുന്നതാണെന്ന് സര്‍വേകൾ മിക്കതും പ്രവചിച്ചിരിക്കുന്നു. അഞ്ചുകോടിയിൽ അധികം വോട്ടര്‍മാര്‍ ഇതിനകം തന്നെ മുൻകൂറായി (Early voting) വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.


രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കേവലം മൂന്ന് തവണ മാത്രമാണ് യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും പ്രസിഡന്റിന്റെ പാര്‍ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യം ഉണ്ടായിട്ടുള്ളത്. 1946, 1994, 2006 വര്‍ഷങ്ങളിൽ മാത്രമായിരുന്നു ഇത്. അന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സും (ജനപ്രതിനിധി സഭ) സെനറ്റും ഒരുപോലെ പ്രതിപക്ഷ പാർട്ടികൾ പിടിച്ചെടുത്തു.


ഇത് ആവര്‍ത്തിക്കുമോ


ട്രംപ് വരുത്തിവെച്ച വിനകളാണ് ഇപ്പോൾ അമേരിക്കൻ ജീവിതത്തിൽ പ്രതിഫലിക്കുന്നത്. ഡീസൽ ക്ഷാമം എന്നത്തേക്കാൾ രൂക്ഷമാണ്. ഇതോടൊപ്പം വിലക്കയറ്റവും കുതിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നവര്‍ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ചു. അവസാനം റഷ്യയുമായി എണ്ണവാങ്ങാൻ കാരാര്‍ ഉണ്ടാക്കി. വെനസ്വേലയിൽ അധിനിവേശം നടത്തി. ഭരണ നേതൃത്വത്തെ തടവിലാക്കി തട്ടിക്കൊണ്ടു വന്നു. വെനസ്വലേൻ എണ്ണ കൊള്ളയടിക്കാൻ ലക്ഷ്യം വെച്ച നീക്കം സ്വന്തം രാജ്യത്ത് അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന തിരിച്ചറിവോടെ തിരിച്ചടിയായി. ദിനംപ്രതി വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ആശങ്കകക്ക് തീ പടരുന്നു. കുടിയേറ്റ വിരുദ്ധ നീക്കങ്ങൾ താരിഫ് യുദ്ധം ഇതെല്ലാം ഓരോ ഘട്ടങ്ങളിലായി തിരിച്ചടിക്കുന്നു.


2016-ലും 2024-ലും റിപ്പബ്ലിക്കൻ പാര്‍ടിക്കും അതുവഴി തനിക്കും പിന്തുണ നൽകിയ വെള്ളക്കാരായ തൊഴിലാളിവർഗ വോട്ടർമാരിലാണ് ട്രംപിന്റെ പ്രതീക്ഷ. അവരുടെ ജീവിതം വെല്ലുവിളിയിലാണ്. ഇത് കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ട്രംപിനെ പിന്തുണച്ച ഹിസ്പാനിക്, കറുത്തവർഗ്ഗക്കാർ, യുവാക്കൾ എന്നിവർ ഇത്തവണ എങ്ങോട്ട് ചായുമെന്ന് നിശ്ചയമില്ല. ട്രംപിന്റെ നയങ്ങൾ എല്ലാം അവര്‍ക്കെതിരായിരുന്നു.


പ്രതിപക്ഷത്തിന് മറികടക്കാനുള്ളത്

ചെറിയ വിടവ് മാത്രം


ഇപ്പോഴും ഇസ്രയേൽ കൊണ്ടുപോയി ചാടിച്ച ഇറാൻ യുദ്ധവും അവരെ മാതൃകയാക്കിയ വിദ്വേഷ രാഷ്ട്രീയവുമാണ് ട്രംപിന്റെ ആവനാഴിയിലെ ആയുധങ്ങൾ. വിദ്വേഷത്തിന്റെയും അധീശത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ അമേരിക്കൻ ഭരണകൂടം എപ്പോഴും ഒരേ വഴിക്കാണ്. എങ്കിലും ഇസ്രയേലിന് കീഴടങ്ങിയതിൽ അമര്‍ഷം ഭരണ കക്ഷിക്കകത്ത് തന്നെ നിലനിൽക്കുന്നു. ആവശ്യമില്ലാത്ത യുദ്ധങ്ങൾ വഴി രാജ്യത്തെ ജനങ്ങളെ ജീവിത ദുരിതങ്ങളിൽ ആഴ്ത്തിയത് എന്തിനെന്ന ചോദ്യം ആവര്‍ത്തിക്കുന്നു.


ജനപ്രതിനിധി സഭ (House of Representatives): നിലവിൽ 220-215 എന്ന നേരിയ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻമാരിൽ നിന്ന് ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുമെന്നാണ് ഭൂരിഭാഗം നിരീക്ഷകരുടെയും കണക്കുകൂട്ടൽ. 220-215 എന്ന വ്യത്യാസം പ്രതിപക്ഷത്തെ സംബന്ധിച്ച് വലുതല്ല.

സെനറ്റ് (Senate): നിലവിൽ 53-47 എന്ന ഭൂരിപക്ഷം റിപ്പബ്ലിക്കൻമാർക്കുണ്ട്. സെനറ്റിന്റെ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് കുറഞ്ഞത് 4 സീറ്റുകളെങ്കിലും അധികം വേണം. ഒഹായോ, ഐയോവ, കാൻസസ്, ടെക്സസ്, അലാസ്ക തുടങ്ങിയ റിപ്പബ്ലിക്കൻ സ്വാധീന മേഖലകളിലാണ് ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവ ട്രംപിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.


ഡെമോക്രാറ്റുകൾക്ക് ഇടയിലും ഭിന്നിപ്പ്


ട്രംപിന്റെ ജനപ്രീതി കുറഞ്ഞു. അതേ പോലെ ഇപ്പുറത്ത് ഡെമോക്രാറ്റുകൾക്ക് ഇടയിലെ പോരും പ്രശ്നമായുണ്ട്. പ്രോഗ്രസീവ് (പുരോഗമനവാദി) വിഭാഗവും ലിബറൽ-മോഡറേറ്റ് (മിതവാദി) വിഭാഗവും തമ്മിലുള്ള പാർട്ടി നേതൃത്വത്തിനായുള്ള പോരാട്ടത്തിന് ഇപ്പോൾ തന്നെ തുടക്കമായിട്ടുണ്ട്.

us presidentsയു എസ് പ്രസിഡന്റുമാര്‍

ടെക്സസും കാലിഫോർണിയയും അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രഷണൽ അതിരുകൾ തങ്ങൾക്ക് അനുകൂലമായി പുനർനിർണ്ണയിച്ചതിന്റെ (Gerrymandering) ആനുകൂല്യം റിപ്പബ്ലിക്കൻമാർക്ക് ലഭിക്കുമെന്ന പഠനങ്ങളുണ്ട്. തന്ത്രപരമായാണ് ഈ മണ്ഡല പുനര്‍നിർണയം നടത്തിയത്. ഇവിടെ 9 സീറ്റുകളുടെ നേട്ടം റിപ്പബ്ലിക്കൻമാർക്ക് കാണിക്കുന്നുണ്ടെങ്കിലും ലാറ്റിനോ വോട്ടർമാരുടെ പ്രതികരണം നിര്‍ണായകമാവും എന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിന്.


വെള്ളക്കാരുടെ മേൽക്കൈയും

മാറിയ കാലവും


250 വർഷത്തെ യു എസ് ചരിത്രത്തിനിടയിൽ 2,000-ത്തിലധികം ഗവർണർമാർ ഉണ്ടായിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും വെള്ളക്കാരായ പുരുഷന്മാരായിരുന്നു. നിലവിൽ പദവിയിലുള്ള ഗവര്‍ണര്‍മാരിൽ മേരിലാൻഡിലെ വെസ് മൂർ മാത്രമാണ് ഏക കറുത്തവർഗ്ഗക്കാരനായ ഗവർണർ. ഇത്തവണ ചിത്രം മാറി. ചരിത്രം കുറിക്കാൻ നിരവധിയാളുകൾ മത്സര രംഗത്തുണ്ട്.


ജോർജിയയിലെ കീഷാ ലാൻസ് ബോട്ടംസ് (ഡെമോക്രാറ്റ്), മിനസോട്ടയിലെ ലിസ ഡിമുത്ത് (റിപ്പബ്ലിക്കൻ) എന്നിവർ വിജയിച്ചാൽ ആദ്യ കറുത്തവർഗ്ഗക്കാരിയായ വനിതാ ഗവർണർമാരാകും. മിഷിഗണിലെ ജോൺ ജെയിംസ്, ഫ്ലോറിഡയിലെ ബൈറോൺ ഡൊണാൾഡ്സ് എന്നിവർ ഫെഡറൽ സംസ്ഥാനത്തെ തന്നെ ആദ്യ കറുത്തവർഗ്ഗക്കാരായ റിപ്പബ്ലിക്കൻ ഗവർണർമാരാകാൻ മത്സരിക്കുന്നു.ടെക്സസിൽ ജിന ഹിനോജോസ ആദ്യ ലാറ്റിന ഗവർണർ സ്ഥാനത്തിനായും, ന്യൂ മെക്സിക്കോയിൽ ദേബ് ഹാലാൻഡ് ആദ്യ നെറ്റീവ് അമേരിക്കൻ (പഴയ ഗോത്രവർഗ്ഗ) വനിതാ ഗവർണർ പദവിക്കായും പോരാടുന്നു.


വോട്ടെടുപ്പ് എപ്പോൾ

ഫലം വരുന്നതോ


ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകുന്നേരം 4:30 നും 5:30 നും ഇടയിലാണ് അമേരിക്കയിൽ ജനങ്ങൾ പോളിംഗ് ബൂത്തുകളിലേക്ക് എത്തി വോട്ടെടുപ്പ് പൂർണ്ണതോതിൽ ആരംഭിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ ഏകദേശം 10 മണിക്കൂർ 30 മിനിറ്റോളം സമയവ്യത്യാസമുണ്ട് (Eastern Time-മായി തുലനം ചെയ്യുമ്പോൾ). ബുധനാഴ്ച പുലര്‍ച്ചെ മുതൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നു തുടങ്ങും.


യു എസ് തിരഞ്ഞെടുപ്പ്

ഇടപെടൽ ആശങ്കകൾ


വോട്ടെടുപ്പ് പ്രക്രിയയിൽ ട്രംപും അദ്ദേഹത്തിന്റെ അനുകൂലികളും ഇടപെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിവിധ വാച്ച്ഡോഗ് ഗ്രൂപ്പുകളും ഡെമോക്രാറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. പരാതികളും ക്രമക്കേടുകളും നിരീക്ഷിക്കാൻ പതിനായിരക്കണക്കിന് പാർടി വൊളണ്ടിയര്‍മാർ രംഗത്തുണ്ട്.


നിയമ നിർവഹണം ഉറപ്പാക്കാൻ നീതിപൂർവം 1,000 ഉദ്യോഗസ്ഥരെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നിയോഗിച്ചിട്ടുണ്ടെങ്കിലും വോട്ടർമാരെ ഭയപ്പെടുത്താൻ നാഷണൽ ഗാർഡിനെയോ ഫെഡറൽ ഏജന്റുമാരെയോ ട്രംപ് ഭരണകൂടം അയച്ചേക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. എന്നാൽ നിലവിൽ അത്തരം പദ്ധതികളൊന്നുമില്ലെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.


Related News



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home